പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾ തള്ളി സർക്കാർ കിഫ്ബി; കടപ്പത്രത്തിലെ കമ്പനി കാനഡ സർക്കാരിന്റേത്; ലാവ്‌ലിനുമായി ബന്ധമില്ല
കനേഡിയൻ സർക്കാർ അംഗീകൃത കമ്പനിയാണ് CDPQ. കമ്പനിക്ക് എസ്എൻസി ലാവ്‍ലിനുമായി ബന്ധമില്ല.ഇന്ത്യയിലും പലയിടങ്ങളിലും CDPQ കമ്പനി നിക്ഷേപം നടത്തിയിട്ടുണ്ട്. കിഫ്ബി സംസ്ഥാനസർക്കാരിന്‍റെ മേൽനോട്ടത്തിൽ നടത്തുന്ന കമ്പനിയാണ്.
കൊല്ലം: കിഫ്ബിയുടെ മസാല ബോണ്ടുകളിൽ ഭൂരിഭാഗവും എസ്എൻസി ലാവ്‍ലിനുമായി അടുത്ത ബന്ധമുള്ള CDPQ എന്ന കമ്പനിയാണ് വാങ്ങിയതെന്ന ആരോപണം നിഷേധിച്ച് ധനമന്ത്രി തോമസ് ഐസക്. കനേഡിയൻ സർക്കാർ അംഗീകൃത കമ്പനിയാണ് CDPQ. കമ്പനിക്ക് എസ്എൻസി ലാവ്‍ലിനുമായി ബന്ധമില്ല.ഇന്ത്യയിലും പലയിടങ്ങളിലും CDPQ കമ്പനി നിക്ഷേപം നടത്തിയിട്ടുണ്ട്. കിഫ്ബി സംസ്ഥാനസർക്കാരിന്‍റെ മേൽനോട്ടത്തിൽ നടത്തുന്ന കമ്പനിയാണ്. അതിൽ ഒരു സ്വകാര്യകമ്പനിയ്ക്കും ഉടമസ്ഥതയില്ല. നിക്ഷേപം മാത്രമേയുള്ളൂ. കേരളത്തിന്‍റെ വികസനത്തിന് വേണ്ടിയുള്ള ധനസമാഹരണമാർഗം മസാല ബോണ്ട് മാത്രമല്ലെന്നും തോമസ് ഐസക് പറഞ്ഞു.
പ്രതിപക്ഷത്തിന് പരിഭ്രാന്തിയാണെന്നാണ് തോമസ് ഐസക് ആരോപിക്കുന്നത്. തെരഞ്ഞെടുപ്പ് കാലത്ത് നാല് വോട്ട് കിട്ടാനാണ് പ്രതിപക്ഷം ഈ ആരോപണം ഉന്നയിക്കുന്നത്. ബിജെപി ഉന്നയിക്കുന്ന വില കുറഞ്ഞ ആരോപണങ്ങൾ പ്രതിപക്ഷനേതാവും ഏറ്റെടുത്ത് പറയുകയാണെന്നും തോമസ് ഐസക് വ്യക്തമാക്കി.
ആരോപണങ്ങൾ വിദേശ നിക്ഷേപത്തെ ബാധിക്കുമെന്നും കേരളാ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി) പറഞ്ഞു .
കേരള സർക്കാരിന്റെ കിഫ്ബിയുടെ മസാല ബോണ്ടിൽ വൻ അഴിമതി നടന്നതായി നേരത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. എസ്എൻസി ലാവ്ലിൻ കമ്പനിയുമായി ബന്ധമുള്ള സിഡിപി ക്യം കനേഡിയൻ കമ്പനിക്കാണ് കിഫ്ബി മസാല ബോണ്ട് വിറ്റത്. എസ്എൻസി ലാവ്നിൽ ഈ കമ്പനിക്ക് 20% ഷെയറാണ് ഉള്ളത്. 9.8% കൊള്ള പലിശയ്ക്കാണ് സർക്കർ ഈ മസാല ബോണ്ടുകൾ നൽകുന്നതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
ലാവ്ലിൻ കമ്പനിയുമായി പിണറായി വിജയന് ഉള്ള ബന്ധം കൊണ്ടാണ് ബോണ്ടുകൾ ഈ കമ്പനിക്ക് നൽകിയത്. ഇതിൽ വലിയ അഴിമതി ഉണ്ട്. ബോണ്ട് വിറ്റഴിച്ചതിന്റെ എല്ലാ വിവരങ്ങളും സർക്കാർ പുറത്ത് വിടണം. സർക്കാർ ഇതിന് മറുപടി പറയണം. ഇതുമായി ബന്ധപെട്ട ഉള്ളുകളികൾ ഇനിയും പുറത്ത് കൊണ്ട് വരും. എങ്ങനെ ബോണ്ടു വാങ്ങി, എവിടെ വച്ചാണ് ചർച്ച നടത്തി തുടങ്ങി പൂർണ്ണ വിവരങ്ങൾ സർക്കാർ പുറത്തുവിടണമെന്നും ചെന്നിത്തല പറഞ്ഞു.
ക്ഷേമ പെൻഷന്റെ കാര്യത്തിൽ ദേവസ്വം മന്ത്രി പറഞ്ഞത് ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമമാണ്. ഒരു മന്ത്രി ഇങ്ങനെ പറയുന്നത് ജനങ്ങളെ ഭയപെടുത്താനാണ്. ഈക്കാര്യത്തിൽ ഇലക്ഷൻ കമ്മീഷന് പരാതി കൊടുക്കാൻ യുഡിഎഫ് തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കിഫ്ബി വിജയിക്കുമെന്ന് തിരിച്ചറിഞ്ഞതാണ് ആരോപണത്തിന് കാരണമെന്നും ലാവ്‌ലിൻ കമ്പനിക്ക് ഇതുമായി ബന്ധമില്ലെന്നും നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിരുന്നു.