സ്വപനയും നമ്പ്യാരും പരസ്പര “സഹകരണസംഘം ” മൊഴി പുറത്ത്

അനില്‍ നമ്പ്യാര്‍ക്കെതിരെ ദുബൈയിലുള്ള വഞ്ചനാ കേസ് തീര്‍ക്കാനും താന്‍ ഇടപെട്ടെന്ന് സ്വപ്ന സുരേഷ് കസ്റ്റംസിന് മൊഴി നല്‍കി

0

കൊച്ചി : സ്വര്‍ണക്കടത്ത് കേസില്‍ ജനം ടിവി കോ ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്പ്യാര്‍ക്കെതിരായ സ്വപ്ന സുരേഷിന്‍റെ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്. ബിജെപിയെ സഹായിക്കാന്‍ ഇടപെടണമെന്ന് അനില്‍ നമ്പ്യാര്‍ ആവശ്യപ്പെട്ടെന്ന് സ്വപ്ന മൊഴി നല്‍കി. യുഎഇ കോണ്‍സുലേറ്റിന്‍റെ സഹായം ഉറപ്പാക്കണമെന്നാണ് ആവശ്യപ്പെട്ടതെന്നും സ്വപ്ന കസ്റ്റംസ് ചോദ്യംചെയ്യലില്‍ പറഞ്ഞു.അനില്‍ നമ്പ്യാര്‍ക്കെതിരെ ദുബൈയിലുള്ള വഞ്ചനാ കേസ് തീര്‍ക്കാനും താന്‍ ഇടപെട്ടെന്ന് സ്വപ്ന സുരേഷ് കസ്റ്റംസിന് മൊഴി നല്‍കി. വഞ്ചനാ കേസ് കോണ്‍സുലേറ്റ് ജനറലിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നത് താനാണെന്നും കേസ് കോണ്‍സുലേറ്റ് ജനറല്‍ ഒത്തുതീര്‍പ്പാക്കിയെന്നും സ്വപ്ന മൊഴി നല്‍കി.

തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്രബാഗിൽ സ്വർണം കണ്ടെത്തിയ ദിവസം രണ്ട് തവണയാണ് സ്വപ്നയും അനിൽ നമ്പ്യാരും ഫോണിൽ സംസാരിച്ചത്. നയതന്ത്രബാഗിൽ സ്വർണം കണ്ടെത്തിയാൽ ഗുരുതരപ്രശ്നമാകും എന്നതിനാൽ ബാഗ് വ്യക്തിപരമായ ആവശ്യത്തിനാണെന്ന് കാണിച്ച് കോൺസുല‍ർ ജനറലിന് കത്ത് നൽകാൻ തന്നോട് അനിൽ നമ്പ്യാ‍ർ ആവശ്യപ്പെട്ടതായി സ്വപ്നയുടെ മൊഴിയിലുണ്ട്.

ജൂലൈ അഞ്ചിനാണ് അനിൽ നമ്പ്യാ‍ർ സ്വപ്നയെ ഫോണിൽ വിളിച്ച് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇത്തരം കത്ത് നൽകിയാൽ നികുതിയും പിഴയും അടച്ച് കേസിൽ നിന്നും ഒഴിവാക്കാം എന്നും നമ്പ്യാ‍ർ സ്വപ്നയെ ഉപദേശിച്ചു. കോൺസുലർ ജനറൽക്ക് നൽകേണ്ട കത്തിൻ്റെ പകർപ്പ് തയ്യാറാക്കി അയക്കാൻ സ്വപ്ന അനിൽ നമ്പ്യാരോട് ആവശ്യപ്പെടുകയും ചെയ്തു. ഈ സംഭാഷണം കഴിഞ്ഞ് അധികം വൈകാതെ താൻ ഒളിവിൽ പോയതിനാൽ പിന്നെ അനിൽ നമ്പ്യാരുമായി ബന്ധപ്പെടാനോ കത്തുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങൾ അറിയാനോ സാധിച്ചില്ലെന്നും സ്വപ്നയുടെ മൊഴിയിൽ പറയുന്നു. സ്വ‍ർണക്കടത്ത് കേസിനും വളരെക്കാലം മുൻപേ തന്നെ അനിൽ നമ്പ്യാരെ പരിചയമുണ്ടെന്നാണ് സ്വപ്ന കസ്റ്റംസിനെ അറിയിച്ചിരിക്കുന്നത്.ദുബായിൽ അനിൽ നമ്പ്യാ‍ർക്കെതിരെ ഒരു കേസ് നിലനിൽക്കുന്നുണ്ട്. ഈ കേസ് ഒഴിവാക്കുന്നതിന് സഹായം തേടിയാണ് നമ്പ്യാ‍ർ തന്നെ പരിചയപ്പെടുന്നത്. ഇതിനു ശേഷം നമ്പ്യാരുമായി താൻ അടുത്ത ബന്ധം തുട‍ർന്നു. തനിക്ക് കോൺസുലേറ്റിലുള്ള സ്വാധീനം നന്നായി അറിയാമായിരുന്ന നമ്പ്യാ‍ർ കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിനെ സഹായിക്കുന്ന നിലപാടെടുക്കാൻ കോൺസുലേറ്റിനെ പ്രേരിപ്പിക്കണമെന്നും ആവശ്യപ്പെട്ടതായി സ്വപ്നയുടെ മൊഴിയിലുണ്ട്.