ഗോവ കോൺഗ്രസിലും പൊട്ടിത്തെറി; ബിജെപിയിൽ ചേർന്ന എംഎല്‍എമാര്‍ ഇന്ന് അമിത് ഷായെ കാണും

നാല്‍പത്ത് അംഗ ഗോവ നിയമസഭയില്‍ നിലവില്‍ ബിജെപിക്ക് 17 എംഎല്‍എമാരാണുളളത്. കോൺഗ്രസ്‌ വിമതർ കൂടി എത്തുന്നതോടെ ബിജെപിയുടെ കക്ഷിനില 27 ആകും.

0

പനാജി: കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് പിന്നാലെ ഗോവ കോൺഗ്രസിലും പൊട്ടിത്തെറി. പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ കോൺഗ്രസിന്‍റെ ആകെയുള്ള പതിനഞ്ചിൽ പത്ത് എംഎൽഎമാരും ഇന്നലെ ബിജെപിയിൽ ചേർന്നു. പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കാവേൽക്കറുടെ നേതൃത്വത്തിൽ സ്പീക്കറെ കണ്ട് തീരുമാനം അറിയിച്ചു. കോൺഗ്രസ് വിട്ട എംഎൽഎമാർ ഇന്ന് ദില്ലിയിലെത്തി അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തും.

മൂന്നിൽ രണ്ട് ഭാഗം എംഎൽഎമാരും പാർട്ടി വിടുന്നതിനാൽ കൂറുമാറ്റ നിരോധനത്തിന്‍റെ പരിധിയിൽ വിഷയം വരില്ലെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നാല്‍പത്ത് അംഗ ഗോവ നിയമസഭയില്‍ നിലവില്‍ ബിജെപിക്ക് 17 എംഎല്‍എമാരാണുളളത്. കോൺഗ്രസ്‌ വിമതർ കൂടി എത്തുന്നതോടെ ബിജെപിയുടെ കക്ഷിനില 27 ആകും. നിലവില്‍ ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടിയുടേയും സ്വതന്ത്രന്മാരുടേയും പിന്തുണയോടെയാണ് ബിജെപി സംസ്ഥാനം ഭരിക്കുന്നത്. അംഗസംഖ്യ 21 കടക്കുന്നതോടെ സംസ്ഥാനം ഒറ്റയ്ക്ക് ഭരിക്കാനുള്ള കേവലഭൂരിപക്ഷം ബിജെപിക്ക് ലഭിക്കും. ഇതോടെ ഗോവ മന്ത്രിസഭയിൽ വൻഅഴിച്ചുപണി നടക്കുമെന്നാണ് സൂചന.

You might also like

-