ഗണേഷ് കുമാർ എം എൽ എ ഗുണ്ടായിസ്സം ഷീനയുടെ 164 മൊഴിരേഖപ്പെടുത്തും
എംഎൽഎയും ഡ്രൈവറും സ്ത്രീത്വത്തെ അപമാനിച്ചുവെന്നും അസഭ്യം പറയുകയും അശ്ലീലച്ചുവയുള്ള ആംഗ്യം കാണിക്കുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി ഷീന പോലീസിൽ പരാതി നൽകിയിരുന്നു
കൊല്ലം : കാറിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് പത്തനാപുരം എംഎൽഎ കെ.ബി. ഗണേഷ് കുമാറും ഡ്രൈവറും ചേർന്ന യുവാവിനെയും അമ്മയെയും മർദിച്ച കേസിൽ രഹസ്യ മൊഴി രേഖപ്പെടുത്തും . പരാതിക്കാരിയായ അഞ്ചൽ പുലിയത്ത് വീട്ടിൽ ഗോപാലകൃഷ്ണന്റെ ഭാര്യ ഷീനയുടെ രഹസ്യമൊഴിയാണ് രേഖപ്പെടുത്തുന്നത്. ചവറ കോടതിയിലാണ് മൊഴി രേഖപ്പെടുത്തുന്നത്.
എംഎൽഎയും ഡ്രൈവറും സ്ത്രീത്വത്തെ അപമാനിച്ചുവെന്നും അസഭ്യം പറയുകയും അശ്ലീലച്ചുവയുള്ള ആംഗ്യം കാണിക്കുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി ഷീന പോലീസിൽ പരാതി നൽകിയിരുന്നു. ഗണേഷിന്റെയും ഡ്രൈവറുടെ മർദനത്തിൽ പരിക്കേറ്റ ഇവരുടെ മകൻ അനന്തകൃഷ്ണൻ ചികിത്സയിലാണ്.
കഴിഞ്ഞ ദിവസം അഞ്ചലിനു സമീപം അഗസ്ത്യക്കോടായിരുന്നു സംഭവം. അവിടത്തെ മരണവീട്ടിൽ പോയശേഷം തിരികെ വരികയായിരുന്ന എംഎൽഎ യുടെ വാഹനത്തിന് എതിരേ മറ്റൊരു കാർ വന്നതിനാൽ കടന്നുപോകാനുള്ള സ്ഥലസൗകര്യമില്ലായിരുന്നു. എംഎൽഎയുടെ ഡ്രൈവർ ഹെഡ് ലൈറ്റ് ഇട്ട് കാണിച്ചുവെങ്കിലും പിന്നോട്ടെടുക്കുവാനോ സൈഡ് കൊടുക്കുവാനോ ഇടമില്ലാത്തതിനാൽ എതിരേ വന്ന വാഹനം അവിടെ നിർത്തിയിട്ടു.
ഇതിൽ പ്രകോപിതനായ എംഎൽഎ ആക്രോശിച്ചു കാറിൽ നിന്നു ചാടിയിറങ്ങി അനന്തകൃഷ്ണന്റെ കാറിന്റെ താക്കോൽ ബലമായി ഊരിയെടുക്കാൻ ശ്രമിച്ചുവത്രേ. ഇതിനെ എതിർത്ത അനന്തകൃഷ്ണനെ എംഎൽഎ കഴുത്തിനും തലയ്ക്കും അടിക്കുകയും മാതാവിനെ അസഭ്യം പറയുകയും അശ്ലീലച്ചുവയുള്ള ആംഗ്യം കാട്ടുകയും ചെയ്തുവെന്നാണ് പോലീസിൽ നൽകിയിട്ടുള്ള പരാതിയിലുള്ളത്. പരാതിയുമായി ബന്ധപ്പെട്ട കേസ്സ് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മജിസ്ട്രേറ്റ് മുൻപാകെ 164 മൊഴിയെടുക്കുന്നത്