ഇടതുപക്ഷം ഭരിക്കുന്ന കേരളത്തില്‍ വ്യവസായ വികസനം പാടില്ലെന്ന സങ്കുചിത രാഷ്ട്രീയ താത്‌പര്യ കേന്ദ്രസർക്കാരിനെന്ന് സി പി ഐ എം

ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം കോച്ച്‌ ഫാക്ടറി ആരംഭിയ്‌ക്കാതിരിക്കാനുള്ള ഗൂഢ നീക്കമാണ്‌ നടത്തുന്നത്‌

0

തിരുവന്തപുരം :പാലക്കാട്‌ കോച്ച്‌ ഫാക്ടറി ഉപേക്ഷിയ്‌ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തണമെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.
2008 ലെ റെയില്‍വേ ബജറ്റില്‍ പ്രഖ്യാപിക്കുകയും, 2012 ല്‍ തറക്കല്ലിടുകയും ചെയ്‌ത കഞ്ചിക്കോട്‌ കോച്ച്‌ ഫാക്ടറി ഉപേക്ഷിയ്‌ക്കാനുള്ള തീരുമാനത്തില്‍ നിന്ന്‌ കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണം. പദ്ധതി പ്രഖ്യാപിച്ചതു മുതല്‍ തന്നെ കേന്ദ്രസര്‍ക്കാര്‍ ഇതിനെതിരായ സമീപനമാണ്‌ സ്വീകരിച്ചുവരുന്നത്‌. യു.പി.എ സര്‍ക്കാരിന്റെ അതേ സമീപനം തന്നെയാണ്‌ എന്‍.ഡി.എ സര്‍ക്കാരും സ്വീകരിക്കുന്നത്‌. ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം കോച്ച്‌ ഫാക്ടറി ആരംഭിയ്‌ക്കാതിരിക്കാനുള്ള ഗൂഢ നീക്കമാണ്‌ നടത്തുന്നത്‌.
കോച്ച്‌ ഫാക്‌ടറിക്കായി സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായാണ്‌ 324 ഏക്കര്‍ ഭൂമിയേറ്റെടുത്തു നല്‍കിയത്‌. പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ പദ്ധതി നടപ്പിലാക്കാന്‍ ആരേയും ലഭിക്കാത്തതുകൊണ്ടാണ്‌ ഇത്‌ നീണ്ടുപോകുന്നതെന്ന വാദമുയര്‍ത്തി ഇതിനെ തടയാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ സ്റ്റീല്‍ അതോറിറ്റി ഓഫ്‌ ഇന്ത്യ പണം മുടക്കാന്‍ തയ്യാറാണെന്ന്‌ രേഖാമൂലം റെയില്‍വേയെ അറിയിക്കുകയും കരട്‌ നിര്‍ദ്ദേശം സമര്‍പ്പിക്കുകയും ചെയ്‌തു. എന്നിട്ടും ഇക്കാര്യത്തില്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല. ഇതിനൊപ്പം പ്രഖ്യാപിച്ച റായ്‌ബറേലിയിലെ കോച്ച്‌ ഫാക്ടറി നിര്‍മ്മാണം പൂര്‍ത്തിയാക്കി ഉത്‌പദാനം ആരംഭിച്ചിട്ട്‌ കാലങ്ങളായി. ഇടതുപക്ഷം ഭരിക്കുന്ന കേരളത്തില്‍ വ്യവസായ വികസനം പാടില്ലെന്ന സങ്കുചിത രാഷ്ട്രീയ താത്‌പര്യമാകാം കോച്ച്‌ ഫാക്ടറി ഉപേക്ഷിയ്‌ക്കുന്നതിന്‌ പിന്നിലെന്ന്‌ വേണം മനസ്സിലാക്കാന്‍.
കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ കേരളത്തോട്‌ തികഞ്ഞ അവഗണനയാണ്‌ കേന്ദ്രസര്‍ക്കാര്‍ കാണിയ്‌ക്കുന്നത്‌. കേരളത്തിന്റെ വികസനത്തിന്‌ മുതല്‍ക്കൂട്ടാകുന്ന കോച്ച്‌ ഫാക്ടറി ഉപേക്ഷിയ്‌ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ കേരളത്തിലെ എം.പിമാര്‍ ഒറ്റക്കെട്ടായി പ്രതിഷേധമുയര്‍ത്തണം. രാഷ്ട്രീയ താത്‌പര്യം മാറ്റിവെച്ച്‌, പാലക്കാട്‌ കോച്ച്‌ ഫാക്ടറി യാഥാര്‍ത്ഥ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.

You might also like

-