മു​ൻ ​എംപിയും ഗുണ്ടാ നേതാവുമായ അ​തി​ഖ് അഹമ്മദ് മാധ്യമങ്ങൾക്ക് മുന്നിൽ കൊല്ലപ്പെട്ടു

മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേന എത്തിയാണ് അക്രമികള്‍ ആതിഖ് അഹമ്മദിനെയും സഹോദരന്‍ അഷ്‌റഫ് അഹമ്മദിനെയും വെടിവച്ച് കൊന്നതെന്ന് പൊലീസ്. ഇരുവരെയും വെടിയുതിര്‍ത്ത് കൊന്ന ശേഷം അക്രമികള്‍ ജയ് ശ്രീറാം വിളിക്കുകയും ചെയ്‌തെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

0

ലഖ്‌നൗ| ഉത്തർപ്രദേശിലെ ഉമേഷ് പാൽ കൊലപാതകക്കേസിൽ ജയിലിലായ മു​ൻ ​എംപിയും ഗുണ്ടാ നേതാവുമായ അ​തി​ഖ് അഹമ്മദ് കൊല്ലപ്പെട്ടു. സഹോദരന്‍ അഷറഫ് അഹമ്മദും മരിച്ചു. മെഡിക്കല്‍ പരിശോധനക്കായി കൊണ്ടുപോകുന്നതിനിടെ പ്രയാഗ് രാജില്‍ വെച്ച് മൂന്നംഗ സംഘം ഇവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പോലീസ് സാന്നിധ്യത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു കൊലപാതകം. മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേന എത്തിയാണ് അക്രമികള്‍ ആതിഖ് അഹമ്മദിനെയും സഹോദരന്‍ അഷ്‌റഫ് അഹമ്മദിനെയും വെടിവച്ച് കൊന്നതെന്ന് പൊലീസ്. ഇരുവരെയും വെടിയുതിര്‍ത്ത് കൊന്ന ശേഷം അക്രമികള്‍ ജയ് ശ്രീറാം വിളിക്കുകയും ചെയ്‌തെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സംഭവത്തില്‍ ലവ്‌ലേഷ് തിവാരി, അരുണ്‍ മൗര്യ, സണ്ണി എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.ഇന്നലെ രാത്രി പത്തുമണിയോടെ വന്‍ പൊലീസ് സുരക്ഷയില്‍ മെഡിക്കല്‍ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് ഇരുവര്‍ക്കും നേരെ വെടിവെപ്പുണ്ടായത്

അതിഖ് അഹമ്മദിന്റെ മകന്‍ ആസാദ് അഹമ്മദും കൂട്ടാളി ഗുലാമും ഉത്തര്‍പ്രദേശ് പോലീസിന്റെ പ്രത്യേക ദൗത്യസേനയുമായുള്ള(എസ്.ടി.എഫ്.) ഏറ്റുമുട്ടലില്‍ വ്യാഴാഴ്ച കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അതിഖ് അഹമ്മദും സഹോദരനും കൊല്ലപ്പെട്ടത്.തന്റേയും കുടുംബാംഗങ്ങളുടേയും ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ട് അതിഖ് നേരത്തെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.സമാജ്‌വാദി പാര്‍ട്ടി മുന്‍ എം.പിയും നൂറോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ അതിഖ് അഹമ്മദ് പോലീസ് റിമാന്‍ഡിലിരിക്കെയാണ്‌ കൊല്ലപ്പെട്ടിരിക്കുന്നത്.. 2005-ല്‍ അന്നത്തെ ബി.എസ്.പി. എം.എല്‍.എ. രാജുപാലിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന സാക്ഷിയായ ഉമേഷ് പാലും രണ്ട് സുരക്ഷാഉദ്യോഗസ്ഥരും ഫെബ്രുവരി 24-നാണ് പ്രയാഗ്രാജിലെ ധൂമംഗഞ്ചിലെ വീടിനുപുറത്ത് വെടിയേറ്റ് മരിച്ചത്.ഇവരെ കൊലപ്പെടുത്തിയ സംഘത്തിന്റെ തലവനാണ് മകന്‍ ആസാദെന്നാണ് പോലീസ് പറയുന്നത്. അതിഖ് അഹമ്മദ്, സഹോദരന്‍ അഷ്റഫ്, ആസാദ്, ഗുലാം എന്നിവരുടെപേരില്‍ പോലീസ് കേസെടുത്തിരുന്നു.

അതിഖ് അഹമ്മദിന്‍റെയും അഷറഫ് അഹമ്മദിന്‍റെയും കൊലപാതകത്തിന് പിന്നാലെ ഉന്നതതല യോഗം വിളിച്ച ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. മൂന്നംഗ ജൂഡീഷ്യല്‍ കമ്മീഷന്‍ അന്വേഷണത്തിനും അദ്ദേഹം നിര്‍ദേശിച്ചിട്ടുണ്ട്

You might also like

-