പോരാട്ടവേദിയിൽ സ്പെയിനും, പോർച്ചുഗലും, ഉറുഗ്വേയും
ബി ഗ്രൂപ്പിലെ ഇന്നത്തെ രണ്ടാം മത്സരത്തില്‍ പുതു ചരിത്രം കുറിക്കാനുള്ള ശ്രമത്തിലാണ് ഏഷ്യന്‍ ശക്തികളായ ഇറാന്‍. സ്പെയിനെ കൂടി വീഴ്ത്താനായാല്‍ അവര്‍ക്ക് അവസാന പതിനാറിലെത്താം.
ന്യൂസ് ഡെസ്ക് . ലോകകപ്പിൽ സ്പെയിനും പോർച്ചുഗലും ഇന്ന് രണ്ടാം മത്സരത്തിനിറങ്ങും. വൈകിട്ട് അഞ്ചരക്ക് പോര്‍ച്ചുഗല്‍ മൊറോക്കോയെ നേരിടുമ്പോള്‍ രാത്രി പതിനൊന്നരക്ക് നടക്കുന്ന മറ്റൊരു മത്സരത്തില്‍ സ്പെയിൻ ഇറാനുമായി ഏറ്റുമുട്ടും. ഇന്ന് നടക്കുന്ന മൂന്നാമത്തെ മത്സരത്തിൽ ഉറുഗ്വേ സൗദി അറേബ്യയെ നേരിടും.
സ്പാനിഷ് പടയോട്ടത്തിന് ഒറ്റക്ക് മറുപടി നല്‍കിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് ഇന്ന് നേരിടാനുള്ളത് ആഫ്രിക്കന്‍ കരുത്തരായ മൊറോക്കോയെയാണ്. കഴിഞ്ഞ മത്സരത്തിലെ അതേ മികവ് നായകന്‍ ഇന്നും ആവര്‍ത്തിച്ചാല്‍ പറങ്കിപ്പടക്ക് പേടിക്കാനില്ല. റൊണാള്‍ഡോയെ തടഞ്ഞ് നിര്‍ത്തുക അസാധ്യമെന്ന് പറയുന്ന മൊറോക്കന്‍ പരിശീലകന്‍ ഹെര്‍വ് റെനാര്‍ഡ് എല്ല ദിവസവും ഒരേ ഫോമില്‍ കളിക്കാന്‍ സൂപ്പര്‍ താരത്തിനാകില്ലെന്ന പ്രതീക്ഷയിലാണ്.
ആദ്യ മത്സരത്തില്‍ ഇറാനോട് തോറ്റ മൊറൊക്കോക്ക് ഇനിയുമൊരു തോല്‍വി താങ്ങാനാവില്ല. ലോകകപ്പില്‍ ഇതിന് മുൻപ് ഇരു ടീമും ഏറ്റുമുട്ടിയപ്പോള്‍ മൊറോക്കോ ജയിച്ചിരുന്നു. ലോക റാങ്കിംഗില്‍ 41 ആം സ്ഥാനത്തുള്ള മൊറോക്കോക്ക് ആത്മവിശ്വാസം നല്‍കുന്ന ഘടകം ഈ ചരിത്രമാണ്.
ബി ഗ്രൂപ്പിലെ ഇന്നത്തെ രണ്ടാം മത്സരത്തില്‍ പുതു ചരിത്രം കുറിക്കാനുള്ള ശ്രമത്തിലാണ് ഏഷ്യന്‍ ശക്തികളായ ഇറാന്‍. സ്പെയിനെ കൂടി വീഴ്ത്താനായാല്‍ അവര്‍ക്ക് അവസാന പതിനാറിലെത്താം. പക്ഷെ ലോകകപ്പില്‍ ഇന്നുവരെ ഒരു യൂറോപ്യന്‍ ടീമിനെ തോല്‍പിക്കാന്‍ ഇറാനായിട്ടില്ല. എതിരാളികള്‍ സ്പെയിനാകുന്പോള്‍ കാര്യങ്ങള്‍ കുറേക്കൂടി കടുക്കും.
പോര്‍ച്ചുഗലിനെതിരെ നന്നായി കളിച്ചിട്ടും ജയിക്കാനാകാത്തതിന്‍റെ നിരാശയിലാണ് സ്പാനിഷ് സംഘം. പരിക്ക് ഭേദമായ ഡിഫന്‍ഡര്‍ ഡാനി കാര്‍വഹാല്‍ ഇന്ന് കളത്തിലിരങ്ങുമെന്നാണ് സൂചന. മൊറോക്കോക്കെതിരെ 32 ശതമാനം മാത്രം സമയം പന്ത് കൈവശം വച്ചിട്ടും ജയിക്കാനായ ഇറാന്‍റെ പ്രതിരോധം ഭേദിക്കാന്‍ ഡിയാഗോ കോസ്റ്റക്കും സംഘത്തിനുമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.