കർഷക വിരുദ്ധ സർക്കാർ നിലപാട്, നിലപാടെടുക്കാന്‍ കര്‍ഷക ഉച്ചകോടി മാര്‍ച്ച് 17 ന് തൃശ്ശൂരില്‍

താങ്ങുവില പ്രഖ്യാപിച്ചിട്ടും താങ്ങുവിലയ്ക്ക് ഉല്പ്പന്നങ്ങള്‍ വാങ്ങാത്തത്, റവന്യു ഭൂമിയിലെ വന നോട്ടിഫിക്കേഷനുകള്‍, കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിലയിടിച്ചില്‍, കര്‍ഷക പെന്‍ഷന്‍ നടപടികളില്ലാത്തത് തുടങ്ങിയ വിവിധ വിഷയങ്ങള്‍ ഉച്ചകോടിയിൽ ചര്‍ച്ച ചെയ്യും

0

തൃശൂർ | ലോക്സഭാ തെരെഞ്ഞെടുപ്പ് അടുക്കാനിരിക്കെ സർക്കാരിന്റെ
കർഷക വിരുദ്ധ നിലപാടുകൾക്കെതിരെ സംസ്ഥാനത്തെ സ്വതന്ത്ര കർഷകരുടെ ഉച്ചകോടി തൃശ്ശൂരിൽ നടക്കും .ലോകസഭാ തെരെഞ്ഞെടുപ്പിൽ കർഷകർ സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപട് ഉച്ചകോടിയിൽ പ്രഖ്യപിക്കും .
വന്യജീവി ആക്രമണം തടയാന്‍ ജെല്ലിക്കെട്ട് നിയമ മാതൃകയില്‍ സ്വതന്ത്ര സംരക്ഷണ നിയമനിര്‍മ്മാണം, കൃഷിഭൂമിയിലെ നിര്‍മ്മാണ നിരോധനം , ഭൂപതിവ് ചട്ട ദുര്‍വ്യാഖ്യാനം അടക്കമുള്ള ഭൂമിപ്രശ്‌നങ്ങള്‍, പട്ടയത്തിനായി കാത്തിരിക്കുന്ന ലക്ഷക്കണക്കിന് കര്‍ഷകര്‍ക്ക് സാങ്കേതികത്വം ചൂണ്ടിക്കാട്ടി പട്ടയനിഷേധം, നെല്ലുസംഭരണത്തിലെ പരാജയം, താങ്ങുവില പ്രഖ്യാപിച്ചിട്ടും താങ്ങുവിലയ്ക്ക് ഉല്പ്പന്നങ്ങള്‍ വാങ്ങാത്തത്, റവന്യു ഭൂമിയിലെ വന നോട്ടിഫിക്കേഷനുകള്‍, കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിലയിടിച്ചില്‍, കര്‍ഷക പെന്‍ഷന്‍ നടപടികളില്ലാത്തത് തുടങ്ങിയ വിവിധ വിഷയങ്ങള്‍ ഉച്ചകോടിയിൽ ചര്‍ച്ച ചെയ്യും കേരളത്തിലെ വിവിധ ജില്ലകളിലെ സ്വതന്ത്ര കര്‍ഷക സംഘടനകളുടെ ഉച്ചകോടി 2024 മാര്‍ച്ച് 17 ന് തൃശ്ശൂരില്‍ വ്യാപാരി ഹാളില്‍ രാവിലെ 9 മണിമുതൽ ആരംഭിക്കും .
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ചേരുന്ന കര്‍ഷക ഉച്ചകോടിയില്‍ പൊതുചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ കര്‍ഷകര്‍ അവരുടെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കും. അതോടൊപ്പം തന്നെ വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കര്‍ഷകര്‍ എന്ത് നിലപാട് സ്വീകരിക്കണം എന്ന് അവര്‍ക്ക് സ്വതന്ത്രമായി തീരുമാനിക്കുന്നതിനായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ കഴിഞ്ഞ പത്ത് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളും കര്‍ഷക രക്ഷാപദ്ധതികളും ശാസ്ത്രീയമായി വിലയിരുത്തുന്നതിനുള്ള വേദിയാകും കര്‍ഷക ഉച്ചകോടി. കര്‍ഷക ഉച്ചകോടിയില്‍ താഴെ പറയുന്ന വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കും.
ആഗോള സ്വാധീനത്തിന്റെ ഫലമായി കേരളത്തിലെ പശ്ചിമഘട്ടത്തില്‍ നിന്നും കര്‍ഷകരെ കുടിയിറക്കുന്നതിനായും റവന്യൂ ഭൂമി വനമാക്കുന്നതിനുമായി രൂപപ്പെടുത്തുന്ന സംസ്ഥാന നിയമങ്ങളും അതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ സ്വാധീനം
• 27 ലക്ഷം ഭൂരഹിതര്‍ ഭൂമിക്കായി കാത്തുനില്‍ക്കുന്ന കേരളത്തില്‍ ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാനായി 1970 കളില്‍ മാങ്കുളത്തും മൂന്നാറിലും അടക്കം സര്‍ക്കാര്‍ സ്വന്തമാക്കിയ ലക്ഷക്കണക്കിന് റവന്യുഭൂമി നിയമസഭ അറിയാതെ, വനമാക്കിയത് തിരിച്ചെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യല്‍
• സര്‍ക്കാര്‍ അനുമതിയില്ലാതെ വനംവകുപ്പ് സ്വന്തമായി കേരള വന നിയമം വകുപ്പ് 4 പ്രകാരം റിസര്‍വ് വനമായി പ്രഖ്യാപിച്ചതും രണ്ട് വര്‍ഷത്തിനുള്ളില്‍ നടപടി പൂര്‍ത്തിയാക്കാത്തതുമായ മുഴുവന്‍ കരടുവിജ്ഞാപനങ്ങളും അടിയന്തിരമായി റദ്ദാക്കല്‍
• വന നിയമം സെക്ഷന്‍ 4 പ്രകാരം വനംവകുപ്പ് കൈവശം വച്ചിരിക്കുന്ന മുഴുവന്‍ റവന്യു ഭൂമിയും തര്‍ക്ക ഭൂമിയായി കണക്കാക്കി അത്തരം ഭൂമിയുടെ നിയന്ത്രണം റവന്യു/തദ്ദേശ സ്വയംഭരണ/കൃഷി/വനം വകുപ്പുകളുടെ സംയുക്ത നിയന്ത്രണത്തിലാക്കല്‍
• കര്‍ഷക ഭൂമിയില്‍ കര്‍ഷകര്‍ നട്ടുവളര്‍ത്തിയ മരങ്ങള്‍ സ്വതന്ത്രമായി വെട്ടിവില്‍ക്കാനുള്ള കര്‍ഷകരുടെ അവകാശം
• ”വനം വന്യജീവികള്‍ക്കും നാട് നാട്ടുകാര്‍ക്കും” എന്ന നയത്തിന്റെ അടിസ്ഥാനത്തില്‍ കാട്ടില്‍ നിന്നും നാട്ടില്‍ ഇറങ്ങുന്ന അപകടകാരികളായ വന്യജീവികളെ വെടിവെച്ചുകൊല്ലാന്‍ ജില്ലാ കളക്ടര്‍/പോലീസ് എന്നിവര്‍ക്ക് അധികാരം നല്‍കുന്നതും വന്യജീവി ആക്രമണങ്ങളില്‍ നിന്നും ജനങ്ങളെ രക്ഷിക്കുന്നതുമായ സംസ്ഥാന നിയമ നിര്‍മ്മാണം. ജെല്ലിക്കെട്ട് വിഷയത്തില്‍ കേന്ദ്ര നിയമത്തിന് സമാന്തരമായി സംസ്ഥാന നിയമ നിര്‍മ്മാണം നടത്തിയ തമിഴ്‌നാട്, കര്‍ണ്ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ തന്നെ ഇതിന് മാതൃക.
• തൃശ്ശൂരിലെ പെരിങ്ങാടുപുഴ  വനമാക്കല്‍ നീക്കം, ഇടുക്കിയിലെ തൊടുപുഴ നഗരസഭാ അതിര്‍ത്തിയിലെ മുട്ടം തുടങ്ങി ഇടനാട്ടിലും തീരദേശത്തിലും പുഴയോരത്തേക്കും കായല്‍ത്തീരത്തേക്കും കടല്‍ത്തീരത്തേക്കുമുള്ള വനംവകുപ്പിന്റെ വ്യത്യസ്ത വനവല്‍ക്കരണ നീക്കങ്ങള്‍ റദ്ദാക്കല്‍
• ടൂറിസം മേഖലയുടെ അന്തകനായി മാറുന്ന തീവ്രപരിസ്ഥിതി വാദം
• കര്‍ഷക വായ്പകളും ജപ്തി നടപടികളും
• കാര്‍ഷിക വിലയിടിവുമൂലം തകരുന്ന ചെറുകിട കച്ചവട/ഗതാഗത ബിസിനസ് മേഖലകള്‍
• സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ കര്‍ഷക അവകാശ നിഷേധം
• സംഘടിതരായ ശമ്പളക്കാര്‍ക്കും കര്‍ഷകര്‍ക്കും ഇടയില്‍ കൂടിക്കൊണ്ടിരിക്കുന്ന സാമ്പത്തിക അസമത്വം (വരുമാന ഇടിവ് – Income Disparity) ഇല്ലാതാക്കല്‍.
• ന്യൂനപക്ഷ ആറക്ക സംഘടിത പെന്‍ഷനില്‍ നിന്നും 5000 രൂപ മിനിമം സാര്‍വ്വത്രിക സാമൂഹിക പെന്‍ഷനിലേക്കൊരു സാമ്പത്തിക വിപ്ലവം
• നെല്‍കര്‍ഷകര്‍ക്ക് 30 ദിവസത്തിനകം പണം നല്‍കാനുള്ള പദ്ധതി രൂപീകരണം
• കര്‍ഷക വിരുദ്ധ ആഗോള കരാറുകളില്‍ നിന്നും പിന്‍വാങ്ങല്‍
• 20 ലക്ഷം കര്‍ഷകര്‍ക്ക് ഉപകാരപ്രദമാകുന്ന കര്‍ഷക പെന്‍ഷന്‍ പദ്ധതി തടഞ്ഞുവച്ചിരിക്കുന്നത് എന്നിവയാണ് ഉച്ചകോടിയിലെ പ്രധാന ചര്‍ച്ചാവിഷയങ്ങള്‍.
സേവ് വെസ്റ്റേണ്‍ ഗാട്ട്‌സ് പീപ്പിള്‍ ഫൗണ്ടേഷന്‍, അതീജീവന പോരാട്ട വേദി, ഇടുക്കി ലാന്‍ഡ് ഫ്രീഡം മൂവ്‌മെന്റ്, വീഫാം കോഴിക്കോട്, രാഷ്ട്രീയ കിസാന്‍ മഹാസംഘ്, കര്‍ഷക വേദി, വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍, സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എജ്യുക്കേഷന്‍, നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് റബര്‍ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ സൊസൈറ്റീസ്, സേവ് കേരള, പെരിങ്ങോട്ടുപുഴ തീരദേശ സംരക്ഷണ സമിതി, പത്തനംതിട്ട ജില്ലാ ജനകീയ കര്‍ഷക സമിതി, ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ കാഞ്ഞാര്‍, ഇടുക്കി ഫാര്‍മേഴ്‌സ് റിലീഫ് ഫോറം, ദേശീയ കര്‍ഷക സമാജം, ഓള്‍ ഇന്ത്യ ഫാര്‍മേഴ്‌സ് അസോസിയേഷന്‍, കിസാന്‍സേന, മലയോര സംരക്ഷണ വേദി വയനാട്, മലയോര കര്‍ഷക വേദി, പാലക്കാടന്‍ കര്‍ഷക മുന്നേറ്റം, കിസാന്‍ രക്ഷാസേന, കാര്‍ഷിക പുരോഗമന വേദി, കൊട്ടിയൂര്‍ സംരക്ഷണ സമിതി, ഡെമോക്രാറ്റിക് കര്‍ഷക ഫെഡറേഷന്‍, കട്ടിപ്പാറ സംരക്ഷണ സമിതി, മലനാട് കര്‍ഷക രക്ഷാസമിതി, ജൈവകര്‍ഷക സമിതി, ഇഎഫ്എല്‍ സമരസമിതി, ഫാര്‍മേഴ്‌സ് അസോസിയേഷന്‍ കണ്ണൂര്‍, നീതിസേന, കര്‍ഷക സംരക്ഷണ സമിതി, രാഷ്ട്രീയ കിസാന്‍ മസ്ദൂര്‍ സംഘ്, ജയ് കിസാന്‍ ആന്തോളന്‍, ദേവികുളം താലൂക്ക് ഫാര്‍മേഴ്‌സ് ഫോറം, ജനശക്തി, കേരള ഗിരിവര്‍ഗ്ഗ സംരക്ഷണ സമിതി, ചെറുകിട തേയില കര്‍ഷക സംഘം, കാര്‍ഡമം ഗ്രോവേഴ്‌സ് അസോസിയേഷന്‍, വട്ടവട ഭൂസംരക്ഷണ സമിതി, അഞ്ചനാട് സംരക്ഷണ സമിതി, പീഡിത കര്‍ഷക മുന്നേറ്റ സമിതി, കഞ്ഞിക്കുഴി കര്‍ഷക സമിതി, ഫാര്‍മേഴ്‌സ് ഫോറം ഇരട്ടയാര്‍, കുട്ടനാടന്‍ കര്‍ഷക കൂട്ടായ്മ, കേരള കര്‍ഷക സമിതി, ഹരിതവനം ഇരിട്ടി, ഫാര്‍മേഴ്‌സ് ഫോറം തുടങ്ങിയ സംഘടനകള്‍ സംയുക്തമായിട്ടാണ് കര്‍ഷക ഉച്ചകോടി സംഘടിപ്പിക്കുന്നതെന്ന് ഉച്ചകോടി ഓര്‍ഗനൈസിംഗ് കമ്മറ്റി ഭാരവാഹികളായ ജോയി കണ്ണംചിറ, ഡിജോ കാപ്പന്‍, ജയിംസ് വടക്കന്‍, റസാക്ക് ചൂരവേലി, ബിജു ഗോപിനാഥ്, അഡ്വ. ബിനോയ് തോമസ്, സുജി കുര്യാക്കോസ്, റോജര്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ അറിയിച്ചു.

You might also like

-