തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടിക 17ന് പ്രസിദ്ധീകരിക്കും.
തെരഞ്ഞെടുപ്പിനു മുന്നോടിയായി രണ്ടു തവണ കൂടി പട്ടികയിൽ പേര് ചേർക്കാൻ അവസരം നൽകും
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടിക 17ന് പ്രസിദ്ധീകരിക്കും. കരട് വോട്ടർ പട്ടിക ജനുവരി 20ന് പ്രസിദ്ധീകരിച്ചിരുന്നു. ഒക്ടോബറിൽ തെരഞ്ഞെടുപ്പ് നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം. തെരഞ്ഞെടുപ്പിനു മുന്നോടിയായി രണ്ടു തവണ കൂടി പട്ടികയിൽ പേര് ചേർക്കാൻ അവസരം നൽകും. 17നു പ്രസിദ്ധീകരിക്കുന്ന പട്ടിക കരടായി വീണ്ടും പ്രസിദ്ധീകരിച്ചാകും പേര് ചേർക്കുന്നതിനു ഭേദഗതി വരുത്തുന്നതിനും അവസരം.
വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്താനുള്ള അപേക്ഷകളും ആക്ഷേപങ്ങളും പരിഹരിച്ച് മാർച്ച് 27ന് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കാനാണ് കമ്മിഷൻ തീരുമാനിച്ചിരുന്നത്. കോവിഡ് രോഗ ബാധയുണ്ടായതോടെ തീരുമാനം മാറ്റുകയായിരുന്നു. കണ്ണൂർ ജില്ലയിലെ മട്ടന്നൂർ നഗരസഭ ഒഴികെയുള്ള തദ്ദേശസ്ഥാപനങ്ങളിലെ പട്ടികയാണ് പ്രസിദ്ധീകരിക്കുന്നത്. 941 ഗ്രാമ പഞ്ചായത്തുകൾ,152 ബ്ലോക്ക് പഞ്ചായത്തുകൾ 14 ജില്ലാ പഞ്ചായത്തുകൾ, 86 മുൻസിപ്പാലിറ്റികൾ, ആറു മുൻസിപ്പിൽ കോർപ്പറേഷനുകൾ എന്നിവിടങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്. വോട്ടർ പട്ടികയിലെ വോട്ടർമാരുടെ എണ്ണത്തിന് ആനുപാതികമായി നിലവിലുള്ള തദ്ദേശസ്ഥാപനങ്ങളുടെ പോളിംഗ് സ്റ്റേഷനുകളിൽ പുനക്രമീകരണം വരുത്തും.നവംബർ ആദ്യം പുതിയ ഭരണസമിതികൾ ചുമതലയേൽക്കുന്ന തരത്തിലാണ് കമ്മിഷൻ തെരഞ്ഞെടുപ്പ് നടപടികളുമായി മുന്നോട്ടു പോകുന്നത്. അതിനായാണ് വാർഡ് വിഭജനം പോലും ഉപേക്ഷിച്ചത്. രണ്ടു കോടി 62 ലക്ഷമായിരുന്നു കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ടര്‍മാരുടെ എണ്ണം. പുതുതായി 21 ലക്ഷത്തിലധികം അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിനുള്ള വരണാധികാരികളുടേയും മറ്റു തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടേയും പേരുവിവരങ്ങള്‍ കൈമാറാന്‍ കമ്മീഷന്‍ ജില്ലാ കളക്ടര്‍മാർക്ക് നിർദേശം നൽകിയിട്ടുണ്ട്. 180 കോടി രൂപയാണ് തദ്ദേശതെരഞ്ഞെടുപ്പിന് ചിലവ് പ്രതീക്ഷിക്കുന്നത്.