വോട്ടെണ്ണലിനോടനുബന്ധിച്ച് സംസ്ഥാനത്ത് രണ്ട് ദിവസം മദ്യ നിരോധനം

മെയ് 21 ചൊവ്വാഴ്ച വൈകീട്ട് ആറ് മുതലാണ് മദ്യ നിരോധനം. വോട്ടെണ്ണൽ ദിനമായ മെയ് 23 വൈകീട്ട് വരെയാണ് മദ്യ നിരോധനം നടപ്പിലാക്കുക. വോട്ടെണ്ണൽ പൂർത്തിയായ ശേഷമായിരിക്കും മദ്യശാലകൾ തുറക്കുക.

0

വോട്ടെണ്ണലിനോടനുബന്ധിച്ച് സംസ്ഥാനത്ത് രണ്ട് ദിവസം മദ്യ നിരോധനം. മെയ് 21 ചൊവ്വാഴ്ച വൈകീട്ട് ആറ് മുതലാണ് മദ്യ നിരോധനം. വോട്ടെണ്ണൽ ദിനമായ മെയ് 23 വൈകീട്ട് വരെയാണ് മദ്യ നിരോധനം നടപ്പിലാക്കുക. വോട്ടെണ്ണൽ പൂർത്തിയായ ശേഷമായിരിക്കും മദ്യശാലകൾ തുറക്കുക. ബിവറേജസ്, ബാറുകൾ, കള്ളുഷാപ്പുകൾ, ഹോട്ടലുകൾ ഉൾപ്പെടെ മദ്യം ലഭ്യമാകുന്ന എല്ലാ സ്ഥാപനങ്ങൾക്കും നിരോധനം ബാധകമാണ്. മെയ് 23 ന് മുന്നോടിയായി എക്‌സൈസ് വിഭാഗം പ്രത്യേക പരിശോധന നടത്തും.

അതേസമയം, വോട്ടെണ്ണൽ ദിനത്തിൽ സംസ്ഥാനത്ത് കർശന സുരക്ഷയാണ് പൊലീസ് ഒരുക്കുന്നത്. ഇത് സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിർദ്ദേശം നൽകി. 22,640 പൊലീസ് ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണൽ ദിവസം ജില്ലാ പൊലീസ് മേധാവിമാരുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ എല്ലാ ജില്ലകളിലുമായി വിന്യസിക്കുക. ഇവരിൽ 111 ഡിവൈഎസ്പിമാരും 395 ഇൻസ്‌പെക്ടർമാരും 2632 എസ്‌ഐഎഎസ്‌ഐമാരും ഉൾപ്പെടുന്നു. കൂടാതെ കേന്ദ്ര സായുധസേനയിൽ നിന്ന് 1344 ഉദ്യോഗസ്ഥരും ക്രമസമാധാന പാലനത്തിനുണ്ടാകും.

എല്ലാ ജില്ലകളിൽ നിന്നും പൊലീസ് ഉദ്യോഗസ്ഥരെ ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തിൽ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ച്, സ്‌പെഷ്യൽ ബ്രാഞ്ച് തുടങ്ങിയ സ്‌പെഷ്യൽ യൂണിറ്റിൽ നിന്നുള്ള ഉദ്യോഗസ്ഥരെയും ആവശ്യമുള്ള പക്ഷം ഡ്യൂട്ടിക്ക് നിയോഗിക്കാനും ഡിജിപി ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. പ്രശ്‌നബാധിത പ്രദേശങ്ങളിൽ അധികമായി സുരക്ഷ ഏർപ്പെടുത്തും. ഏത് മേഖലയിലും പൊലീസിന് അടിയന്തരമായി എത്തിച്ചേരാൻ കൂടുതൽ വാഹനസൗകര്യം സജ്ജമാക്കാനും ഡിജിപി നിർദ്ദേശം നൽകിയിട്ടുണ്ട്.

You might also like

-