രാജ്യത്തെ കോവിഡ്‌–-19 രോഗബാധ രണ്ടാംഘട്ടത്തിലാണെന്ന്‌ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്

ദിനംപ്രതി 1400 സാമ്പിളുകൾ പരിശോധിക്കാവുന്ന രണ്ട്‌ മേഖലാ അതിവേഗ പരിശോധനാകേന്ദ്രങ്ങൾ ഈ ആഴ്‌ച ആരംഭിക്കും.ഐസിഎംആറിന്റെ 72 ലാബുകളിൽ പരിശോധന നടത്തുന്നുണ്ട്‌. 60000 പരിശോധനാകിറ്റുകൾ രാജ്യത്തുണ്ട്‌. രണ്ടുലക്ഷം കിറ്റുകൾക്ക്‌ ഓർഡർ നൽകി.

0

ഡൽഹി :രാജ്യത്തെ കോവിഡ്‌–-19 രോഗബാധ രണ്ടാംഘട്ടത്തിലാണെന്ന്‌ (പരിമിത വ്യാപനം) ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) ഡയറക്ടർ ജനറൽ ബൽറാം ഭാർഗവ. മൂന്നാംഘട്ടമായ സമൂഹവ്യാപനം ഉണ്ടാകില്ലെന്ന്‌ പറയാനാകില്ല പരിശോധനയ്‌ക്ക്‌ 60 അംഗീകൃത സ്വകാര്യ ലാബുകൾക്ക്‌ ഉടൻ അംഗീകാരം നൽകും. ദിനംപ്രതി 1400 സാമ്പിളുകൾ പരിശോധിക്കാവുന്ന രണ്ട്‌ മേഖലാ അതിവേഗ പരിശോധനാകേന്ദ്രങ്ങൾ ഈ ആഴ്‌ച ആരംഭിക്കും.ഐസിഎംആറിന്റെ 72 ലാബുകളിൽ പരിശോധന നടത്തുന്നുണ്ട്‌. 60000 പരിശോധനാകിറ്റുകൾ രാജ്യത്തുണ്ട്‌. രണ്ടുലക്ഷം കിറ്റുകൾക്ക്‌ ഓർഡർ നൽകി.

എന്നാൽ കോവിഡ്‌–-19 ബാധ മൂന്നാംഘട്ടത്തിലേക്ക്‌ കടന്നിട്ടുണ്ടോയെന്ന്‌ ബുധനാഴ്‌ച അറിയാമെന്ന്‌ ഐസിഎംആർ പകർച്ചവ്യാധിരോഗ വിഭാഗം മുഖ്യ വിദഗ്‌ധൻ ആർ ആർ ഗംഗാഖേദ്‌കർ. അടുത്ത 30 ദിവസം സുരക്ഷിതമായി മറികടക്കാനായാൽ സമൂഹവ്യാപനത്തെ തടയാനാകും.

● രാജ്യത്ത്‌ കോവിഡ്‌ 19 ബാധിതരുടെ എണ്ണം 143
● 57,000 പേർ നിരീക്ഷണത്തിൽ
● തെലങ്കാനയിൽ അഞ്ചുപേർക്കും. കർണാടകത്തിൽ 11 പേർക്കും രോഗം
● മൈസൂരു ജില്ലയിൽ നിരോധനാജ്ഞ
● അഫ്‌ഗാനിസ്ഥാൻ, ഫിലിപ്പൈൻസ്‌, മലേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ളവർ ഇന്ത്യയിൽ പ്രവേശിക്കുന്നതിന്‌ 31 വരെ നിരോധനം
● ഈ രാജ്യങ്ങളിൽനിന്ന്‌ ഇന്ത്യയിലേക്ക്‌ വിമാനത്തിനും പറക്കാൻ അനുമതിയില്ല
● ആർക്കിയോളജിക്കൽ സർവേ ഓഫ്‌ ഇന്ത്യക്ക്‌ കീഴിലുള്ള എല്ലാ ചരിത്രസ്‌മാരകങ്ങളും മ്യൂസിയങ്ങളും 31വരെ പൂട്ടി
● ഗാന്ധിജിയുടെ സമാധിസ്ഥലമായ രാജ്‌ഘട്ട്‌, താജ്‌മഹൽ, കുത്തബ്‌മീനാർ, ചെങ്കോട്ട എന്നിവ അടച്ചു
● ഗോ എയർ എല്ലാ അന്താരാഷ്‌ട്ര വിമാന സർവീസും ഏപ്രിൽ 15വരെ നിർത്തി
● യാത്രക്കാരില്ലാത്തതിനാൽ പശ്‌ചിമ റെയിൽവേ 10 ഉം മധ്യ റെയിൽവേ 23ഉം ട്രെയിനുകൾ റദ്ദാക്കി

എല്ലാവരും മാസ്‌ക്‌ ഉപയോഗിക്കേണ്ടതില്ലെന്ന്‌ കേന്ദ്ര ആരോഗ്യമന്ത്രാലയം. രോഗലക്ഷണങ്ങൾ ഉള്ളവർ, രോഗികളെയോ രോഗലക്ഷണമുള്ളവരെയോ ശുശ്രൂഷിക്കുന്നവർ, ശ്വാസകോശസംബന്ധമായ രോഗലക്ഷണങ്ങളുള്ളവരുമായി ഇടപെടുന്ന ആരോഗ്യപ്രവർത്തകർ എന്നിവരാണ്‌ മാസ്‌ക്‌ ധരിക്കേണ്ടത്‌.

കോവിഡ്‌ ബാധയെത്തുടർന്ന്‌ തമിഴ്‌നാട്ടിലെ മധുര മീനാക്ഷി അമ്മൻ ക്ഷേത്രത്തിൽ അണുനാശിനി തളിക്കുന്ന ജീവനക്കാരൻ

കോവിഡ്‌ ബാധയെത്തുടർന്ന്‌ തമിഴ്‌നാട്ടിലെ മധുര മീനാക്ഷി അമ്മൻ ക്ഷേത്രത്തിൽ അണുനാശിനി തളിക്കുന്ന ജീവനക്കാരൻ

മഹാരാഷ്ട്രയിലും മരണം
മുംബൈ: ചികിത്സയിലിരുന്ന ഒരാൾകൂടി മുംബൈയിൽ മരിച്ചു. ഇതൊടെ രാജ്യത്ത് കോവിഡ്‌ മരണം മൂന്നായി. മരിച്ചയാളുടെ ഭാര്യക്കും രോ​ഗം സ്ഥിരീകരിച്ചു.

ഇവരുടെ ആരോ​ഗ്യസ്ഥിതി തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു. 41 പേർക്കാണ്‌ മഹാരാഷ്‌ട്രയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത്‌.

You might also like

-