കേരളത്തിൽ കോവിഡ് വാക്സിൻ നിർമ്മാണത്തിന് വിദഗ്ധ സമതി ,ആദ്യ ഘട്ടത്തിൽ വാക്സിൻ
നിപ, ചിക്കുൻഗുനിയ എന്നിങ്ങനെയുള്ള രോഗങ്ങൾ പടർന്നുപിടിച്ച സംസ്ഥാനമാണ് കേരളം എന്നിരിക്കെ നമ്മുടെ സ്വന്തം നിലയ്ക്ക് വാക്സിനുകളുടെ ഗവേഷണവും നിർമാണവും നടത്താനുള്ള ശ്രമങ്ങൾ ഭാവിയിലേക്കുള്ള കരുതലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു
തിരുവനന്തപുരം : കേരളത്തിൽ ആദ്യ ഘട്ടത്തിൽ കൊവിഡ് വാക്സിൻ നൽകാനായേക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാക്സിൻ നിർമാണത്തിനായി വിദഗ്ധ സമിതി രൂപീകരിക്കുമെന്നും മുഖ്യമന്തി പറഞ്ഞു.നിപ, ചിക്കുൻഗുനിയ എന്നിങ്ങനെയുള്ള രോഗങ്ങൾ പടർന്നുപിടിച്ച സംസ്ഥാനമാണ് കേരളം എന്നിരിക്കെ നമ്മുടെ സ്വന്തം നിലയ്ക്ക് വാക്സിനുകളുടെ ഗവേഷണവും നിർമാണവും നടത്താനുള്ള ശ്രമങ്ങൾ ഭാവിയിലേക്കുള്ള കരുതലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് അടുത്തിടെ ആരംഭിച്ച വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി വാക്സിൻ നിർമാണത്തിന്റെ സാധ്യതകൾ പഠിക്കുന്നതിനായി സർക്കാർ ഒരു കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. പ്രശസ്ത വൈറോളജിസ്റ്റും, വെല്ലൂർ മെഡിക്കൽ കോളജിലെ പ്രൊഫസറുമായിരുന്ന ഡോ.ജേക്കബ് ജോണാണ് ഈ വിദഗ്ധ സമിതിയുടെ അധ്യക്ഷൻ.
ലോകത്തിന്റെ പലഭാഗങ്ങളിലായി നടന്നുവരുന്ന വാക്സിൻ പരീക്ഷണങ്ങൾ ശുഭസൂചന നൽകുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ വർഷം അവസാനത്തോടെ ചില വാക്സിനുകൾക്ക് അംഗീകാരം ലഭിക്കുകയും, പരിമിതമായ അളവിൽ വിതരണം ചെയ്യുമെന്നുമാണ് റിപ്പോർട്ട്. ആദ്യ ഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്കും, പിന്നാലെ മറ്റുള്ളവർക്കും ലഭ്യമാക്കാനാണ് കേന്ദ്ര സർക്കാർ നിർദേശമെന്നും മുഖ്യമന്ത്രി പറഞ്ഞു.