സംസ്ഥാന സർക്കാരിന് ആശ്വസം ,സില്‍വര്‍ ലൈന്‍ സാമൂഹ്യ ആഘാത പഠനത്തിനുള്ള സര്‍വേയുമായി സര്‍ക്കാരിന് മുന്നോട്ടുപോകാം

സാമൂഹിക ആഘാത പഠനത്തിന്റെ ഭാഗമായി സർവേ നടത്തുന്നതിൽ എന്താണ് തെറ്റെന്ന് സുപ്രീംകോടതി ചോദിച്ചു. ജസ്റ്റിസ് എം ആർ ഷാ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ചോദ്യം.

0

ഡല്‍ഹി| സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട സാമൂഹ്യ ആഘാത പഠനത്തിനുള്ള സര്‍വേ നടപടികളുമായി സര്‍ക്കാരിന് മുന്നോട്ടുപോകാമെന്ന് സുപ്രീം കോടതി . സാമൂഹ്യ ആഘാത പഠനത്തിനുള്ള സര്‍വേ തടയണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി.സില്‍വര്‍ ലൈന്‍ സര്‍വേ നടത്താന്‍ അനുമതി നല്‍കിയ ഹൈക്കോടതി വിധിക്കെതിരെ ആലുവ സ്വദേശിയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഭൂമിയേറ്റെടുക്കല്‍ നിയമത്തിലെ വ്യവസ്ഥകള്‍ പാലിക്കാതെയാണ് സര്‍വേ നടക്കുന്നതെന്ന് ഹര്‍ജിക്കാരന്‍ കോടതിയിൽ ഉന്നയിച്ചിരിക്കുന്നത്.

സാമൂഹിക ആഘാത പഠനത്തിന്റെ ഭാഗമായി സർവേ നടത്തുന്നതിൽ എന്താണ് തെറ്റെന്ന് സുപ്രീംകോടതി ചോദിച്ചു. ജസ്റ്റിസ് എം ആർ ഷാ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ചോദ്യം. എന്തിനാണ് മുൻ ധാരണകളെന്നും സുപ്രീംകോടതി ചോദിച്ചു.സാമൂഹ്യ ആഘാത പഠനം സ്റ്റേ ചെയ്ത ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനെ നിശിതമായ ഭാഷയില്‍ സുപ്രീം കോടതി വിമര്‍ശിക്കുകയും ചെയ്തു. സിൽവർ ലൈൻ പദ്ധതി സർവേ നടപടികൾ തടഞ്ഞ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് കഴിഞ്ഞ മാസം റദ്ദാക്കിയിരുന്നു. സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ അംഗീകരിച്ചായിരുന്നു ഉത്തരവ്. ഡിപിആർ തയാറാക്കിയതിന്റെ വിശദാംശങ്ങൾ അറിയിക്കണമെന്നതും ഒഴിവാക്കി. ഇതിനെതിരെയാണ് ഹര്‍ജിക്കാരന്‍ സുപ്രീംകോടതിയെ സമീപിച്ചത്.

സില്‍വര്‍ ലൈനിനെതിരേ വിവിധ ഭാഗങ്ങളില്‍നിന്ന് ശക്തമായ പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് ആശ്വാസകരമാണ് സുപ്രീം കോടതി ഉത്തരവ്.

You might also like

-