കാര്‍ഷിക വിഷയങ്ങളിലുള്ള അന്താരാഷ്ട്ര കരാറുകളില്‍ ഏര്‍പ്പെടുമ്പോള്‍  കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനവുമായി ചര്‍ച്ച ചെയ്യണം: മുഖ്യമന്ത്രി

0
തിരുവന്തപുരം :.  *കര്‍ഷകരുടെ ജീവന സുരക്ഷയ്ക്കു വേണ്ടിയുള്ള അന്താരാഷ്ട്ര കാര്‍ഷിക വ്യാപാര, സ്വതന്ത്ര വ്യാപാര കരാറുകള്‍ സംബന്ധിച്ച ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്തു
കാര്‍ഷിക വിഷയങ്ങളുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര കരാറുകളില്‍ ഏര്‍പ്പെടുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാന കാര്‍ഷിക വില നിര്‍ണയ ബോര്‍ഡും കൃഷി വകുപ്പും സംയുക്തമായി സംഘടിപ്പിച്ച കര്‍ഷകരുടെ ജീവന സുരക്ഷയ്ക്കു വേണ്ടിയുള്ള അന്താരാഷ്ട്ര കാര്‍ഷിക വ്യാപാര, സ്വതന്ത്ര വ്യാപാര കരാറുകള്‍ സംബന്ധിച്ച ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൃഷി ഒരു സംസ്ഥാന വിഷയമാണ്. കാര്‍ഷിക വിഷയങ്ങളിന്മേലുള്ള കരാറുകളിലേര്‍പ്പെടുമ്പോള്‍ അത് ഏതൊക്കെ സംസ്ഥാനങ്ങളെയാണോ ബാധിക്കുന്നത് ആ സംസ്ഥാനങ്ങളുമായി ചര്‍ച്ചയിലേര്‍പ്പെടണം. അന്താരാഷ്ട്ര കരാറുകളിലേര്‍പ്പെടുന്നതിനുമുമ്പ് പാര്‍ലമെന്റിന്റെ അനുവാദം തേടണം. കരാര്‍ പ്രാബല്യത്തില്‍ വരുന്നതിനുമുമ്പ് പാര്‍ലമെന്റില്‍നിന്ന് അംഗീകാരം നേടണമെന്ന വ്യവസ്ഥയും വേണം. അന്താരഷ്ട്ര കരാറായ റീജിയണല്‍ കോംപ്രിഹെന്‍സീവ് എക്കണോമിക് പാര്‍ട്ണര്‍ഷിപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇപ്പോള്‍ നടക്കുകയാണ്. അതിനെക്കുറിച്ച് സംസ്ഥാനത്തിന്റെ അഭിപ്രായം ഇതേവരെ ആരാഞ്ഞിട്ടില്ല. ഈ കരാര്‍ മത്സ്യ, ക്ഷീര, കാര്‍ഷികമേഖലകളെയെല്ലാം പ്രതികൂലമായി ബാധിക്കുന്നതാണെന്നും മുമ്പു നടപ്പിലാക്കിയ സമാന സ്വാഭാവമുള്ള കരാറുകള്‍ സംസ്ഥാനത്തിനു ദോഷകരമായിരുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കര്‍ഷകര്‍ക്ക് കാര്‍ഷികവൃത്തിയില്‍നിന്ന് മികച്ച വരുമാനം ഉറപ്പു വരുത്തുന്നതിനു വേണ്ട നടപടികളാണ് സര്‍ക്കാരുകളുടെ ഭാഗത്തു നിന്നുണ്ടാവേണ്ടത്. സംസ്ഥാനത്ത് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ അത്തരത്തിലുള്ളതാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നെഗറ്റിവ് ഗ്രോത്ത് സൂചിപ്പിച്ചിരുന്ന കാര്‍ഷിക മേഖലയ്ക്ക് 2016-17ല്‍ 2.9 ശതമാനത്തിന്റെ പോസിറ്റിവ് ഗ്രോത്ത് നേടിയെടുക്കാനായി. കഴിഞ്ഞ വര്‍ഷം 2,20,500 ഹെക്ടറില്‍ നെല്‍കൃഷിയും 70,000 ഹെക്ടര്‍ പച്ചകൃഷിയും ചെയ്യാന്‍ കഴിഞ്ഞു. ആവശ്യമായ ഭക്ഷ്യോത്ന്നങ്ങള്‍ തദ്ദേശീയമായിത്തന്നെ ഉത്പാദിപ്പിക്കാനും കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാനും കഴിഞ്ഞു. ചക്ക തുടങ്ങിയ നാടന്‍ കാര്‍ഷികവിളകള്‍ പ്രോത്സാഹിക്കുന്നതിനൊപ്പം ഭക്ഷ്യ സംസ്‌കരണത്തിന് കേരളത്തിലുള്ള സാധ്യതകളെ പ്രയോജനപ്പെടുത്താന്‍ നടപടി സ്വീകരിച്ചു വരികയാണ്. വിവിധ അഗ്രോ പാര്‍ക്കുകള്‍ സ്ഥാപിക്കാനും കേരള അഗ്രോ ബിസിനസ് കമ്പനി രൂപീകരിക്കാനുമുള്ള നടപടികള്‍ പുരോഗമിക്കുന്നു. നെല്ലുള്‍പ്പെടെയുള്ള കാര്‍ഷിക വിളകള്‍ക്ക് ഉയര്‍ന്ന സംഭരണ വില ഏര്‍പ്പെടുത്തി സംസ്ഥാനം രാജ്യത്തിനുതന്നെ മാതൃകയായി.
കാര്‍ഷികവൃത്തി ഉപജീവനമാര്‍ഗമാക്കുന്നവരുടെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുക പ്രധാനമാണ്. കാര്‍ഷിക വിളകള്‍ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുകയും കൃഷിനാശത്തിനുള്ള നഷ്ട പരിഹാരം രണ്ടിരട്ടി മുതല്‍ 12 ഇരട്ടി വരെ വര്‍ധിപ്പിക്കുകയും ചെയ്തു. കാര്‍ഷിക വൃത്തിയിലേക്ക് പുതുതലമുറയെ ആകര്‍ഷിക്കാനുള്ള നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. റബ്ബറിന്റെ കാര്യത്തിലും കേരളത്തിന്റെ  താത്പര്യത്തിനു വിരുദ്ധമായാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. റബ്ബര്‍മേഖല ഭീമമായ വിലത്തകര്‍ച്ച നേരിടുകയാണ്. റബ്ബര്‍ ഇറക്കുമതിക്കുമേലുള്ള ചുങ്കം ഉയര്‍ത്തലാണ് ഇതു തടയാന്‍ ഒരുമാര്‍ഗം. സേഫ്ഗാര്‍ഡ് ഡ്യൂട്ടി ചുമത്തണമെന്ന ആവശ്യവും നേരത്തെ ഉയര്‍ത്തിയിട്ടുണ്ട്. പക്ഷേ നിലവിലുണ്ടായിരുന്ന നാമമാത്രമായ ചുങ്കം കൂടി കേന്ദ്രം എടുത്തു കളയുകയും അനിയന്ത്രിതമായ ഇറക്കുമതി അനുവദിക്കുകയുമാണ് കേന്ദ്രം ചെയ്തത്. റബ്ബര്‍ കര്‍ഷകരെ സംരക്ഷിക്കുന്നതിനുള്ള പ്രത്യേക ഫണ്ട് ഏര്‍പ്പെടുത്തുന്നതുള്‍പ്പെടെയുള്ള നടപടികളിലൂടെ ഈ മേഖലയില്‍ വലിയ ആശ്വാസമുണ്ടാക്കുന്ന നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയത്. റബ്ബര്‍ പ്രൊഡക്ഷന്‍ ഇന്‍സന്റീവ് പ്രകാരം 962 കോടി രൂപ ഇതുവരെ സര്‍ക്കാര്‍ ചെലവിട്ടു.
റബ്ബര്‍ കയറ്രുമതി പ്രോത്സാഹിപ്പിക്കാനുള്ള കേന്ദ്ര ക്‌ളസ്റ്ററില്‍ കേരളത്തിലെ ഒരു ജില്ലയെപ്പോലും ഉള്‍പ്പെടുത്തിയിട്ടില്ല. വാഴപ്പഴം ക്ലസ്റ്ററിലും കേരളമില്ല. കശുവണ്ടി, കുരമുളക്, നാളികേരം, തേയില എന്നിവയ്ക്ക് ക്ലസ്റ്റര്‍ രൂപീകരിച്ചിട്ടില്ല. കേരളത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.
  കാര്‍ഷികവൃത്തി ലാഭകരവും സുരക്ഷിതവുമാക്കുന്നതിന് സര്‍ക്കാര്‍ വലിയ മുന്‍ഗണനയാണ് നല്‍കുന്നത്. അതിന് ഉതകുന്ന വിധത്തില്‍ നാണ്യവിളകള്‍ കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് പ്രോത്സാഹനം നല്‍കുന്ന റബ്ബര്‍ ബോര്‍ഡ്, സ്‌പൈസസ് ബോര്‍ഡ് എന്നിവയുടെ വിഹിതം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
റബ്ബറും സുഗന്ധവ്യഞ്ജനങ്ങളുമുള്‍പ്പെടെയുള്ള നാണ്യവിളകളുടെ ഉത്പാദനത്തിനു പകരം ഭക്ഷ്യധാന്യങ്ങള്‍ അനുവദിക്കാനുള്ള 1964ലെ കേന്ദ്ര സര്‍ക്കാരിന്റെ വാഗ്ദാനം പോലും ലംഘിക്കപ്പെടുകയാണെന്ന്  ചടങ്ങില്‍ അധ്യക്ഷത വഹിച്ച കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. റബ്ബറിനെ കാര്‍ഷിക വിളയായി അംഗീകരിക്കണമെന്നാണ് സര്‍ക്കാരിന്റെ അഭിപ്രായം. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ടാസ്‌ക് ഫോഴ്‌സ് റബ്ബര്‍ കര്‍ഷകരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന റിപ്പോര്‍ട്ട് തയ്യാറാക്കി വരികയാണെന്നും അദ്ദേഹം പറഞ്ഞു.
കാര്‍ഷികമേഖലയുടെ വികസനത്തിനുതകുന്ന ഫലപ്രദമായ ആശയങ്ങള്‍ ശില്‍പശാലയില്‍ ഉയര്‍ന്നുവരട്ടെയെന്ന്  കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പ് മന്ത്രി സുരേഷ് പ്രഭു വീഡിയോ സന്ദേശത്തിലൂടെ ആശംസിച്ചു. സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ ഡോ.വി.കെ. രാമചന്ദ്രന്‍, കെ. കൃഷ്ണന്‍കുട്ടി എംഎല്‍എ, ചീഫ് സെക്രട്ടറി പോള്‍ ആന്റണി, ഹരിതകേരളം മിഷന്‍ ചെയര്‍പേഴ്‌സണ്‍ ഡോ. ടി.എന്‍ സീമ, സംസ്ഥാന കാര്‍ഷിക വില നിര്‍ണയബോര്‍ഡ് ചെയര്‍മാന്‍ ഡോ. പി. രാജശേഖരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു
You might also like

-