കര്‍ദിനാളിനെതിരെ വ്യാജരേഖ; വൈദികന്റെ നിര്‍ദ്ദേശപ്രകാരമെന്ന് ആദിത്യന്‍

അങ്കമാലി അതിരൂപതാ വൈദികന്‍ ടോണി കല്ലൂക്കാരന്റെ നിര്‍ദേശപ്രകാരമാണ് രേഖ തയ്യാറാക്കിയതെന്നും സഭയില്‍ കർദ്ദിനാളിനെതിരെ വികാരം സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യമെന്നും ആദിത്യൻ പോലീസിന് മൊഴി നൽകി. ശനിയാഴ്ച രാത്രി പത്തരയോടെയാണ് ആദിത്യൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കളമശ്ശേരി മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

0

കൊച്ചി : കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജ രേഖയുണ്ടാക്കിയത് സിറോ മലബാര്‍ സഭയിലെ വൈദികന്‍ ടോണി കല്ലൂക്കാരന്റെ നിര്‍ദേശപ്രകാരമാണെന്ന് അറസ്റ്റിലായ ആദിത്യന്‍. സഭയില്‍ കര്‍ദിനാളിനെതിരെ വികാരമുണ്ടാക്കുകയായിരുന്നു ലക്ഷ്യമെന്നും ആദിത്യന്‍ പൊലീസിന് മൊഴി നല്‍കി.

സീറോ മലബാര്‍ സഭ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കർദ്ദിനാൾ ജോർജ് ആലഞ്ചേരിയുടെ പേരിൽ നിർമിച്ച വ്യാജരേഖ ഫാദർ പോൾ തേലക്കാട്ടിന് അയച്ചുകൊടുത്തത് ആദിത്യനാണ്. തേവരയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ വെച്ച് വ്യാജരേഖ നിർമ്മിക്കുകയായിരുന്നു എന്ന് അന്വേഷണത്തിൽ പോലീസ് കണ്ടെത്തി. രേഖകൾ നിർമ്മിക്കാനും ഇ-മെയിൽ വഴി അയച്ചുകൊടുക്കാനും ഉപയോഗിച്ച കമ്പ്യൂട്ടർ ഇവിടെ നിന്നും പോലീസ് കണ്ടെടുത്തു.

അങ്കമാലി അതിരൂപതാ വൈദികന്‍ ടോണി കല്ലൂക്കാരന്റെ നിര്‍ദേശപ്രകാരമാണ് രേഖ തയ്യാറാക്കിയതെന്നും സഭയില്‍ കർദ്ദിനാളിനെതിരെ വികാരം സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യമെന്നും ആദിത്യൻ പോലീസിന് മൊഴി നൽകി. ശനിയാഴ്ച രാത്രി പത്തരയോടെയാണ് ആദിത്യൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കളമശ്ശേരി മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

അതേസമയം വിഷയത്തില്‍ സത്യം പുറത്തുവരട്ടേയെന്നും അന്വേഷണം പുരോഗമിക്കുന്നതിനാല്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നത് പൊലീസും കോടതിയും തെളിയിക്കട്ടെയെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ ഫാദർ ടോണി കല്ലൂക്കാരനെ പോലീസ് കസ്റ്റഡിയിലെടുക്കാനെത്തിയെങ്കിലും അനുയായികളുടെ പ്രതിഷേധത്തെത്തുടർന്ന് തിരിച്ചുപോകുകയായിരുന്നു. ആദിത്യന്റെ മൊഴിയുടെ അടിസ്ഥാന്തതില്‍ ഫാദർ ടോണി കല്ലൂക്കാരനെ ഇന്ന് കസ്റ്റഡിയിലെടുത്തേക്കും

You might also like

-