വന്യമൃഗ ശല്യം പരിഹരിക്കുന്നതിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ പരാജയപെട്ടു , വയനാട്ടിൽ നാളെ യു ഡി എഫ് ഹർത്താൽ

ഗുരുതരമായി പരിക്കേറ്റ പോളിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വന്യമൃഗ ശല്യം പരിഹരിക്കുന്നതിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ കാട്ടുന്ന അലംഭാവത്തിൽ പ്രതിക്ഷേധിച്ചാണ് യു ഡി എഫ് ഹർത്താൽ

0

കല്‍പ്പറ്റ | കാട്ടാനയുടെ ആക്രമണത്തില്‍ പാക്കം സ്വദേശി പോള്‍ കൊല്ലപ്പെട്ടതിലും വയനാട്ടില്‍ വന്യമൃഗ ആക്രമണം രൂക്ഷമായതിലും പ്രതിഷേധിച്ച് ജില്ലയില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍. വന്യമൃഗ ആക്രമണത്തില്‍ വയനാട്ടില്‍ ഈ വര്‍ഷം മാത്രം മൂന്ന് മരണങ്ങള്‍ സംഭവിച്ചു. മൂന്നാമത്തെ മരണമാണ് പോളിന്റേത്. ഗുരുതരമായി പരിക്കേറ്റ പോളിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വന്യമൃഗ ശല്യം പരിഹരിക്കുന്നതിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ കാട്ടുന്ന അലംഭാവത്തിൽ പ്രതിക്ഷേധിച്ചാണ് യു ഡി എഫ് ഹർത്താൽ രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ .യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തതിന് പിന്നാലെ എല്‍ഡിഎഫും ബിജെപിയും നാളെ വയനാട്ടില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. കാട്ടാന ആക്രമണത്തിൽ 17 ദിവത്തിനിടയിൽ 3 പേർ കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും കേന്ദ്ര – സംസ്ഥാന സർക്കാരുകൾ അടിയന്തിരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് എല്‍ഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. നാളെ രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

കാട്ടാന ആക്രമണത്തില്‍ അടുത്തടുത്ത ദിവസങ്ങളില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതിന്‍റെ പശ്ചാത്തലത്തില്‍ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് ബിജെപിയുടെ ഹര്‍ത്താല്‍.പോളിന്‍റെ മരണത്തോടെയാണ് ഈ വര്‍ഷം വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്നായത്.ഫെബ്രുവരി പത്തിന് മാനന്തവാടി പടമല സ്വദേശി അജീഷ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. അജീഷിനെ ആക്രമിച്ച ബേലൂര്‍ മഖ്നയെ ഇതുവരെയും പിടികൂടാനായിട്ടില്ല. ഇതിനിടെയാണ് വീണ്ടും കാട്ടാന ആക്രമണത്തില്‍ മറ്റൊരാള്‍ കൂടി കൊല്ലപ്പെട്ട അതിദാരുണ സംഭവം ഉണ്ടായത്. ജനുവരി 30ന് തോല്‍പ്പെട്ടി സ്വദേശി ലക്ഷ്മണൻ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

തുടര്‍ച്ചയായി കാട്ടാന ആക്രമണത്തില്‍ ജനങ്ങളുട ജീവൻ നഷ്ടമാകുന്ന സംഭവത്തില്‍ ശാശ്വത പരിഹാരം തേടിയാണ് യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. പോളിന്‍റെ മരണത്തോടെ ജനങ്ങളും വലിയ പ്രതിഷേധത്തിലാണ്. കാട്ടാന ആക്രമണത്തില്‍ ആന്തരികാവയവങ്ങള്‍ക്കേറ്റ പരിക്കാണ് പോളിന്‍റെ മരണകാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. അഥീവ ഗുരുതരാവസ്ഥയിലാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോളിനെ എത്തിച്ചത്. മാനന്തവാടിയിൽനിന്ന് രണ്ടു മണിക്കൂറിനുള്ളില്‍ പോളിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോളിന്‍റെ പോസ്റ്റ്മോര്‍ട്ടം നാളെ നടക്കും. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി രാവിലെ 7.30ഓടെ പുല്‍പ്പള്ളി പൊലീസ് എത്തും.

കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ് വയനാട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച പോളിന്റെ ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്നാണ് റോഡ് മാര്‍ഗ്ഗം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. ഒരുമണിക്കൂര്‍ 57 മിനിറ്റ് എടുത്താണ് റോഡ് മാര്‍ഗ്ഗം പോളിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. പോളിനെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും മെഡിക്കല്‍ കോളേജില്‍ ഒരുക്കിയിരുന്നു. എന്നാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ക്യാഷ്വാലിറ്റിയില്‍ പ്രവേശിപ്പിക്കപ്പെട്ട പോളിന്റെ മരണം ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു.

രാവിലെ 9.30ഓടെയായിരുന്നു ചോകാടിക്ക് സമീപം കുറുവാ ദ്വീപിലേയ്ക്ക് ഇറങ്ങുന്ന പ്രധാനപാതയ്ക്ക് സമീപം പോള്‍ കാട്ടാനയെ കണ്ടത്. ആനയെ കാട്ടിലേയ്ക്ക് തുരത്താനുള്ള ശ്രമത്തിനിടെ കാട്ടാന പോളിന് നേരെ തിരിയുകയായിരുന്നു. ഇതിനിടെ വീണ് പോയ പോളിനെ കാട്ടാന ചവിട്ടുകയായിരുന്നു. സമീപത്ത് ജോലി ചെയ്തിരുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ ഒച്ചയിട്ടതിനെ തുടര്‍ന്നാണ് കാട്ടാന പോളിനെ ആക്രമിക്കുന്നതില്‍ നിന്നും പിന്‍തിരിഞ്ഞത്. തുടര്‍ന്ന് പരിക്കേറ്റ പോളിനെ വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കാട്ടാനയുടെ ആക്രമണത്തില്‍ പോളിന് വാരിയെല്ലിന് പൊട്ടലേറ്റിരുന്നു. പോളിന് ആന്തരിക രക്തസ്രാവവും ഉണ്ടായതാണ് ആരോഗ്യനില ഗുരുതരമാക്കിയത്.

You might also like

-