നെല്ല്, ചോളം, ബജ്‌റ, റാഗി, സോയാബീൻ, നിലക്കടല, പരുത്തി താങ്ങുവില വർധിപ്പിച്ച് കേന്ദ്രം

ഉൽപ്പാദനച്ചെലവിൻ്റെ 1.5 ഇരട്ടിയെങ്കിലും താങ്ങുവില വേണമെന്ന നയപരമായ തീരുമാനം വർധനവിൽ പാലിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.സിഎസിപിയാണ് ചെലവ് ശാസ്ത്രീയമായി കണക്കാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

0

ഡൽഹി | 2024-25 സീസണിലെ 14 ഖാരിഫ് വിളകളുടെ താങ്ങുവില വർധിപ്പിച്ച് കേന്ദ്ര സർക്കാർ. നെല്ല്, ചോളം, ബജ്‌റ, റാഗി, സോയാബീൻ, നിലക്കടല, പരുത്തി തുടങ്ങിയ കാർഷികോൽപ്പന്നങ്ങളുടെ താങ്ങുവില വർധിപ്പിക്കാനുള്ള തീരുമാനത്തിന് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയെന്ന് കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. നെല്ലിന് ക്വിന്‍റലിന് താങ്ങുവില 117 രൂപ വർധിപ്പിച്ചു. ഇതോടെ നെല്ലിന്‍റെ താങ്ങുവില 2300 രൂപയാകും. നെല്ലിന് 2014-15 ഉണ്ടായിരുന്ന താങ്ങുവിലയുമായി താരതമ്യം ചെയ്താൽ 69 ശതമാനം വർധന ഉണ്ടായെന്ന് മന്ത്രി അറിയിച്ചു.കർഷകർക്ക് രണ്ട് ലക്ഷം കോടി രൂപ താങ്ങുവിലയായി മാത്രം ലഭിക്കുമെന്നും കഴിഞ്ഞ സീസണെ അപേക്ഷിച്ച് 35,000 കോടിരൂപയുടെ വർധനവാണുണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു. മൂന്നാം മോദി സര്‍ക്കാര്‍ കര്‍ഷകരുടെ ക്ഷേമത്തിന് വലിയ പ്രധാന്യമാണ് നൽകുന്നതെന്നും മന്ത്രി പറഞ്ഞു.

ഉൽപ്പാദനച്ചെലവിൻ്റെ 1.5 ഇരട്ടിയെങ്കിലും താങ്ങുവില വേണമെന്ന നയപരമായ തീരുമാനം വർധനവിൽ പാലിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.സിഎസിപിയാണ് ചെലവ് ശാസ്ത്രീയമായി കണക്കാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ പക്കൽ നിലവിൽ 53.4 ദശലക്ഷം ടൺ അരിയുടെ സ്റ്റോക്കുണ്ട്. നിലവിലെ സ്റ്റോക്ക് ജൂലൈ 1-ന് ആവശ്യമായതിൻ്റെ നാലിരട്ടിയും ഒരു വർഷത്തേക്ക് ക്ഷേമ പദ്ധതികൾക്ക് കീഴിലുള്ള ആവശ്യം നിറവേറ്റാൻ പര്യാപ്തവുമാണെന്നും മന്ത്രി പറഞ്ഞു.വാരാണസിയിലെ ലാല്‍ ബഹദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവള വികസനത്തിന് 2869 കോടി രൂപ അനുവദിക്കാനും മന്ത്രിസഭ യോഗത്തില്‍ തീരുമാനമായി. കർഷകസമരം ലോക്സഭ തെരഞ്ഞടുപ്പിലെ ബിജെപിയുടെ തിരിച്ചടിക്ക് കാരണമായെന്ന വിലയിരുത്തലുകള്‍ക്കിടെയാണ് താങ്ങുവില ഉയർത്താനുള്ള തീരുമാനം വരുന്നത്. ഈ വർഷം അവസാനം ഹരിയാന, ജാ‌ർഖണ്ഡ് മഹാരഷ്ട്ര സംസ്ഥാനങ്ങളിലും നിയമ സഭ തെരെഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കേന്ദ്രത്തിന്റെ കാർഷിക മേഖലയിലെ ഇടപെടൽ .

You might also like

-