പെട്ടിമുടി ദുരന്തം; റവന്യൂ സംഘം കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

88 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് വിലയിരുത്തല്‍. റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ നഷ്ടപരിഹാരം ഉടന്‍ കൈമാറാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കലക്ടര്‍ അറിയിച്ചു

0

ദേവികുളം :ഉരുള്‍പൊട്ടലുണ്ടായ പെട്ടിമുടിയിലെ ദുരന്തബാധിതരുടെ വിവരങ്ങള്‍ ശേഖരിച്ച് റവന്യൂ സംഘം കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മരിച്ചവരുടെ ബന്ധുക്കളുടെ വിവരങ്ങളും നാശ നഷ്ടങ്ങളുടെ കണക്കുകളും അടങ്ങിയ റിപ്പോര്‍ട്ടാണ് കലക്ടര്‍ക്ക് കൈമാറിയത്. 88 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് വിലയിരുത്തല്‍. റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ നഷ്ടപരിഹാരം ഉടന്‍ കൈമാറാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കലക്ടര്‍ അറിയിച്ചു.

പെട്ടിമുടി ഉരുള്‍പൊട്ടൽ ദുരന്തത്തിൽ വീടും സ്ഥലവും പൂര്‍ണ്ണമായും നഷ്ടപ്പെട്ടവരുടെ പുനരധിവാസവും,ധനസഹായവും വേഗത്തിലാക്കുന്നതിന് വിവരശേഖരണത്തിനായി കഴിഞ്ഞ മാസം 19നാണ് ജില്ലാകലക്ടർ 12 അംഗ സംഘത്തെ ചുമതലപ്പെടുത്തിയത്. ദുരന്തത്തിൽ മരണപ്പെട്ട 66 പേരുടെയും കാണാതായ നാല് പേരുടെയും ആശ്രിതരെ പ്രത്യേകസംഘം കണ്ടെത്തി. ഇവരുടെ ബാങ്ക് അക്കൗണ്ട്, ആധാർ വിവരങ്ങൾ എന്നിവയും റിപ്പോർട്ടിനൊപ്പം ജില്ലാകലക്ടർക്ക് സമർപ്പിച്ചു.

കുടുംബാംഗങ്ങൾ മരിച്ച ആറ് പേരെയും, വീടും വീട്ടുപകരണങ്ങളും നശിച്ച രണ്ട് കുടുംബങ്ങളെയുമാണ് അടിയന്തരമായി പുനരധിവസിപ്പിക്കേണ്ടത്. ദുരന്തഭൂമിയുടെ സമീപത്തു താമസിച്ചിരുന്ന എട്ട് കുടുംബങ്ങള കണ്ണൻ ദേവൻ കമ്പനി പുനരധിവസിപ്പിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. നശിച്ച വീട്ടുപകരണങ്ങൾ, വാഹനങ്ങൾ, വളർത്തുമൃഗങ്ങൾ എന്നിങ്ങനെയായി 88,4100 രൂപയുടെ നഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്. മൂന്നാർ സ്പെഷ്യൽ തഹസിൽദാർ ബിനുജോസഫിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ജില്ലാകലക്ടർ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും. ദുരന്തത്തിൽ ഇനിയും കണ്ടെത്താനുള്ള നാലുപേർക്കായി നാട്ടുകാരുടെ നേതൃത്വത്തിൽ തിരച്ചിൽ തുടരുന്നുണ്ട്.

You might also like

-