ബിനോയിക്കെതിരായ പരാതി അറിഞ്ഞത് ജനുവരിയില്‍; വിനോദിനി മുംബൈയില്‍ പോയിരുന്നു: കോടിയേരി
ബിനോയിക്കെതിരായ പരാതി അറിഞ്ഞത് ജനുവരിയില്‍ നോട്ടീസ് വന്നപ്പോഴാണെന്നും കോടിയേരി പറഞ്ഞു.വിഷയം എന്തെന്ന് മനസ്സിലാക്കാനാണ് ബിനോയിയുടെ അമ്മ വിനോദിനി മുംബൈയില്‍ പോയത്
തിരുവനന്തപുരം: ബിനോയി കോടിയേരിക്കെതിരായ യുവതിയുടെ പരാതിയില്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ചിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബിനോയിക്കെതിരായ പരാതി അറിഞ്ഞത് ജനുവരിയില്‍ നോട്ടീസ് വന്നപ്പോഴാണെന്നും കോടിയേരി പറഞ്ഞു.വിഷയം എന്തെന്ന് മനസ്സിലാക്കാനാണ് ബിനോയിയുടെ അമ്മ വിനോദിനി മുംബൈയില്‍ പോയത്. അമ്മ എന്ന നിലയ്ക്കാണ് വിനോദിനി കേസിനെ പറ്റി അന്വേഷിച്ചത്. അഭിഭാഷകനെ കണ്ട ശേഷം ഇടപെടേണ്ട എന്ന് തീരുമാനിച്ച് മടങ്ങി.
നിയമപരമായ പ്രശ്നം നിയമപരമായി തന്നെയേ കൈകാര്യം ചെയ്യാനാകൂ എന്നും കോടിയേരി പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ബിനോയിയെ ഒരു തരത്തിലും സഹായിച്ചിട്ടില്ലെന്നും ഇനി സഹായിക്കില്ലെന്നും കോടിയേരി പറഞ്ഞു.
ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മൂന്ന് അന്വേഷണം നടക്കുന്നുണ്ട്. അന്വേഷണത്തിലൂടെ വസ്തുത പുറത്തുവരട്ടെയെന്നാണ് പാര്‍ട്ടി നിലപാടെന്നും കോടിയേരി പറഞ്ഞു. സംസ്ഥാന കമ്മിറ്റിക്ക് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
പരമ്പരാഗത വോട്ട് നഷ്ടമായെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി വിലയിരുത്തി. ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തും. ജൂലൈ 22 മുതൽ 28 വരെ നേതാക്കൾ ഗൃഹസന്ദർശനം നടത്തും. ജനങ്ങൾക്കിടയിൽ കഴിഞ്ഞ കാല സംഭവങ്ങൾ വിശദീകരിക്കും. കൃഷ്ണപിള്ള ദിനത്തിൽ വീടുകളിൽ സാന്ത്വന പരിചരണം നടത്താനും തീരുമാനിച്ചു.