ഉത്തർപ്രദേശിലെ കോൺഗ്രസ് കമ്മിറ്റികളും പിരിച്ചു വിട്ടു

സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധി, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരുടെ നിർദേശ പ്രകാരമാണ് നടപടി.

0

ഡൽഹി :ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടി നേരിട്ട ഉത്തർപ്രദേശിൽ പാർട്ടിയിൽ അഴിച്ചുപണിക്കൊരുങ്ങി കോൺഗ്രസ്. ഉത്തർപ്രദേശിലെ എല്ലാ ജില്ലാ കോൺഗ്രസ് കമ്മിറ്റികളും എഐസിസി പിരിച്ച് വിട്ടു. സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധി, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരുടെ നിർദേശ പ്രകാരമാണ് നടപടി.

സംസ്ഥാനത്ത് നടക്കാനിരിക്കുന്ന നിയമസഭ ഉപ തെരഞ്ഞെടുപ്പ് ഏകോപിപ്പിക്കാൻ രണ്ടംഗ സമിതിയെയും ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ ഉയർന്ന പരാതികൾ പരിശോധിക്കാൻ 3 അംഗ അച്ചടക്ക സമിതിയെയും എഐസിസി നിയോഗിച്ചിട്ടുണ്ട്.കിഴക്കൻ യുപി യുടെ സംഘടന കാര്യങ്ങൾ നിയമസഭ കക്ഷി നേതാവ് അജയ് കുമാർ ലല്ലുവിന്റെ മേൽനോട്ടത്തിലായിരിക്കും നടക്കുക. 80 സീറ്റുകളുള്ള ഉത്തർപ്രദേശിൽ ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഒരു സീറ്റിൽ മാത്രമാണ് ജയിക്കാൻ കഴിഞ്ഞത്. റായ്ബറേലി മണ്ഡലത്തിൽ യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയാണ് വിജയിച്ചത്.

അമേഠിയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പരാജയപ്പെടുകയും ചെയ്തിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടി നേരിട്ട സംസ്ഥാനങ്ങളിൽ പാർട്ടിയിൽ അഴിച്ചുപണി നടത്താനാണ് കോൺഗ്രസിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി കർണാടക സംസ്ഥാന കമ്മിറ്റി കഴിഞ്ഞ ദിവസം എഐസിസി പിരിച്ചുവിട്ടിരുന്നു.

You might also like

-