പശുക്കടത്ത് ആരോപിച്ച് ഡൽഹിയിൽ മാംസ വിതരണക്കാരന് ഗോസംരക്ഷകരുടെ ക്രൂരമായ മർദ്ദനം
മർദ്ദനത്തിൽ തലയോട്ടിക്ക് അടക്കം പരിക്കേറ്റ് ഗുരുതരാവസ്ഥയിലായ ലുക്മാൻ ഖാൻ എന്ന യുവാവ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്
ഡൽഹി:പശുക്കടത്ത് ആരോപിച്ച് മാംസ വിതരണക്കാരന് ഗോസംരക്ഷകരുടെ ക്രൂരമായ മർദ്ദനം. ഹരിയാന- ഡൽഹി അതിർത്തി മേഖലയിലെ ഗുരുഗ്രാം ബാദ്ഷാപുരിൽ കഴിഞ്ഞ ദിവസമാണ് സംഭവം. മർദ്ദനത്തിൽ തലയോട്ടിക്ക് അടക്കം പരിക്കേറ്റ് ഗുരുതരാവസ്ഥയിലായ ലുക്മാൻ ഖാൻ എന്ന യുവാവ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. സംഭവത്തിൽ ഇടപെടാൻ ശ്രമിച്ച പൊലീസുകാർക്ക് നേരെയും കയ്യേറ്റ ശ്രമം ഉണ്ടായതായാണ് റിപ്പോർട്ട്.
ഗുരുഗ്രാമിലെ സദർ ബസാർ മാർക്കറ്റിലെ മാംസവിതരണക്കാരനാണ് ലുക്മാൻ എന്നാണ് മാർക്കറ്റ് അസോസിയേഷൻ പ്രസിഡന്‍റ് താഹിർ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം രാവിലെയും ഇയാൾ മാംസം വിതരണം ചെയ്യാനെത്തിയിരുന്നു. എന്നാൽ ഒരു സംഘം ആളുകൾ ചേർന്ന് ഇയാളെ തട്ടിക്കൊണ്ടു പോവുകയായിരുന്നു എന്നാണ് താഹിർ ആരോപിക്കുന്നത്. ‘ലുക്മാൻ കഴിഞ്ഞ ഒരുവർഷമായി ഇവിടെ മാംസം എത്തിക്കുന്നുണ്ട്. എന്നാൽ അയാളുടെ പക്കൽ ബീഫ് ഉണ്ടായിരുന്നില്ല..’ എന്നാണ് താഹിർ പറയുന്നത്. ഇത്തരത്തിൽ മാംസം കൊണ്ടു വരുന്നതിന് ലുക്ക്മാന്‍റെ പക്കൽ നിയമപരമായ ലൈസൻസ് ഉണ്ടോ എന്ന കാര്യത്തിൽ വ്യക്തത ഇല്ലെന്നും ഇയാൾ അറിയിച്ചിട്ടുണ്ട്.
ലുക്മാനെ തട്ടിക്കൊണ്ടു പോയ ആളുകൾ ബാദ്ഷാപുരിലെത്തിച്ച് ക്രൂരമായി മർദ്ദിച്ചുവെന്നാണ് ആരോപണം. പന്ത്രണ്ടോളം ആളുകൾ ചേർന്നായിരുന്നു ആക്രമണം. മർദ്ദനത്തിൽ യുവാവിന് ഗുരുതര പരിക്കേറ്റു. തലയോട്ടിക്ക് അടക്കം പൊട്ടലുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളുടെ നില ഗുരുതരമായി തന്നെ തുടരുകയാണെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.
സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് സൂചന. അതിക്രമവുമായി ബന്ധപ്പെട്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നുമാണ് ഗുരുഗ്രാം പൊലീസ് പിആർഒ സുഭാഷ് ബോകൻ അറിയിച്ചത്. ഇതിനിടെ ലുക്മാൻ മാംസ വിതരണത്തിനായെത്തിയ പിക്ക് അപ്പ് വാനും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.