ബക്രീദ് ലോക് ഡൗൺ അനന്തമായി നീട്ടാനാകില്ല സുപ്രീം കോടതിൽ സംസ്ഥാന സര്‍ക്കാര്‍

പ്രതിപക്ഷ പാർട്ടികളും വ്യാപാര സംഘടനകളുമെല്ലാം ആവശ്യപ്പെട്ടതു കൊണ്ടാണ് ബക്രീദിന് മുൻപുള്ള മൂന്നു ദിവസങ്ങളിൽ ഇളവ് അനുവദിച്ചതെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

0

ഡൽഹി∙ സംസ്ഥാനത്തെ ജനം അസ്വസ്ഥരാണെന്നും ലോക്ഡൗൺ അനന്തമായി നീട്ടാനാകില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു . ബക്രീദ് പ്രമാണിച്ച് നിയന്ത്രണങ്ങളിൽ ഇളവു നൽകിയ നടപടിക്കെതിരായ ഹർജിയിൽ സുപ്രീംകോടതിയിൽ നൽകിയ വിശദീകരണത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം ‍വ്യക്തമാക്കിയത്.നിയന്ത്രണങ്ങളും സാമ്പത്തിക മാന്ദ്യവും ജനങ്ങളുടെ ജീവിതത്തെ സാരമായി ബാധിക്കുന്നു. പ്രതിപക്ഷ പാർട്ടികളും വ്യാപാര സംഘടനകളുമെല്ലാം ആവശ്യപ്പെട്ടതു കൊണ്ടാണ് ബക്രീദിന് മുൻപുള്ള മൂന്നു ദിവസങ്ങളിൽ ഇളവ് അനുവദിച്ചതെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ഇളവുകൾ നൽകിയത് വിദഗ്ധരുമായി അടക്കം കൂടിയാലോചന നടത്തിയ ശേഷമെന്ന് കേരളം അറിയിച്ചു.ചില മേഖലകളിൽ മാത്രമാണ് കടകൾ തുറക്കാൻ അനുമതി നൽകിയത്. കൊവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കുമെന്നും ടിപിആർ കുറച്ചുകൊണ്ടുവരാൻ ശ്രമം തുടരുകയാണെന്നും സംസ്ഥാനം അറിയിച്ചു. കൊവിഡ് കേസുകളുടെ വിവരങ്ങൾ കൃത്യമായി പുറത്തുവിടുന്ന ഒരേയൊരു സംസ്ഥാനം കേരളമാണെന്നും മറുപടിയിൽ ചൂണ്ടിക്കാട്ടി

രാജ്യം അടിയന്തരാവസ്ഥ നേരിടുമ്പോൾ, ഇളവുകൾ നൽകി സർക്കാർ ആളുകളുടെ ജീവൻ വച്ചു കളിക്കുകയാണെന്ന് ആരോപിച്ച് മലയാളിയും ഡൽഹി വ്യവസായിയുമായ പി.കെ.ഡി.നമ്പ്യാരാണു സുപ്രീം കോടതിയെ സമീപിച്ചത്. ‌ഹർജിയിൽ സംസ്ഥാന സർക്കാർ ഇന്നലെ തന്നെ വിശദീകരണം നൽകാൻ സുപ്രീം കോടതി ആവശ്യപ്പെടുകയായിരുന്നു. ഹർജി ചൊവ്വാഴ്ച രാവിലെ വീണ്ടും പരിഗണിക്കും. സർക്കാരിന്റേയും ഹർജിക്കാരുടെയും വാദം കേട്ട ശേഷം ഇളവുകളിൽ ഇടപെടണോയെന്ന കാര്യത്തിൽ കോടതി തീരുമാനമെടുക്കും.