അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന കൊള്ള മജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ നിര്‍ണായകയോഗം ഇന്ന്
അയോധ്യരാമക്ഷേത്രത്തിലെ വെള്ളിശേഖരം പരിശോധനയ്ക്കായി ഹൈദരാബാദിലേക്ക് അയച്ചതിലും പൊലീസ് പരിശോധന. വിവിധ രൂപത്തിലുള്ള 900 കിലോ വെള്ളിയാണ് സെക്യൂറ്റി പ്രിന്റിംഗ് ആന്‍ഡ് മിന്‍ഡിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡില്‍ എത്തിച്ചത്
ഡൽഹി | അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന കൊള്ളയുടെ പശ്ചാത്തലത്തില്‍ ഇന്ന് രാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ നിര്‍ണായകയോഗം. ജനറല്‍ സെക്രട്ടറി ചമ്പത്ത് റായി, ട്രസ്റ്റ് അംഗം അനില്‍ മിശ്ര എന്നിവരുടെ രാജിയുടെ കാര്യത്തില്‍ യോഗത്തില്‍ നിര്‍ണായ തീരുമാനം ഉണ്ടാകും.സംഭാവനയായി ലഭിച്ച വെള്ളി ഉരുക്കി കട്ടികളാക്കി സൂക്ഷിച്ചുവെന്നാണ് ട്രസ്റ്റ് വ്യക്തമാക്കുന്നത്. വിവിധ രൂപങ്ങളിലുള്ള വെള്ളി ഉരുക്കിയാണ് വെള്ളിക്കട്ടികളാക്കി മാറ്റിയത്. ഹൈദരാബാദിലെ സര്‍ക്കാറിന്റെ കീഴിലുള്ള സെക്യൂരിറ്റി പ്രിന്റിംഗ് ആന്‍ഡ് മിന്റിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡിലേക്കാണ് വെള്ളികള്‍ അയച്ചത്. ആയിരം കിലോയില്‍ താഴെ വെള്ളിയാണ് ഹൈദരാബാദിലേക്ക് അയച്ചത്. ഉരുക്കി മാലിന്യങ്ങള്‍ നീക്കം ചെയ്ത ശേഷം 900 കിലോ വെള്ളി ലഭിച്ചുവെന്നും ട്രസ്റ്റ് വ്യക്തമാക്കി.കൊണ്ടുപോകുന്നതിനും പരിശോധനയ്ക്കുമായി 20 ലക്ഷത്തോളം രൂപ ചെലവായതായും ട്രസ്റ്റ് വ്യക്തമാക്കിയിട്ടുണ്ട്. ട്രസ്റ്റിന്റെ വാദം പ്രത്യേക അന്വേഷണസംഘം പരിശോധിക്കുകയാണ്. മറ്റിടങ്ങളില്‍ സുരക്ഷ വര്‍ധിപ്പിച്ചിട്ടും എണ്ണല്‍ മുറിക്ക് പുറത്ത് എക്സ്‌റേ മെഷീന്‍ സ്ഥാപിക്കാത്തത് സംശയം ജനിപ്പിക്കുന്നു. എണ്ണല്‍ മുറിക്ക് പുറത്ത് മാനുഷിക പരിശോധന മാത്രമാണ് ഉണ്ടായിരുന്നത്. എണ്ണല്‍ മുറിക്ക് പുറത്തെ സുരക്ഷാ വര്‍ധിപ്പിക്കുന്നത് ഇന്നത്തെ യോഗത്തില്‍ ചര്‍ച്ച ആയേക്കും.
ട്രസ്റ്റ് പുനഃസംഘടന അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. ഇതിനിടെ വിശ്വഹിന്ദു പരിഷത്തിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്ത് വന്നു.കള്ളന്മാരെയാണ് പിടിക്കേണ്ടത് വിമര്‍ശകരെ അല്ലെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്. വിമര്‍ശിക്കുന്ന പ്രതിപക്ഷ നേതാക്കളെ വിളിച്ചുവരുത്തി ചോദ്യം ചെയ്യണമെന്ന് വിഎച്ച്പി അയോധ്യ പൊലീസിന് കത്ത് നല്‍കിയിരുന്നു. ഇത് അന്വേഷണത്തിന്റെ ശ്രദ്ധ തിരിച്ചുവിടാനാണെന്നും കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര ആവശ്യപ്പെട്ടു.
അതേസമയം അയോധ്യരാമക്ഷേത്രത്തിലെ വെള്ളിശേഖരം പരിശോധനയ്ക്കായി ഹൈദരാബാദിലേക്ക് അയച്ചതിലും പൊലീസ് പരിശോധന. വിവിധ രൂപത്തിലുള്ള 900 കിലോ വെള്ളിയാണ് സെക്യൂറ്റി പ്രിന്റിംഗ് ആന്‍ഡ് മിന്‍ഡിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡില്‍ എത്തിച്ചത്. ഇതിനായി ലക്ഷങ്ങള്‍ ചെലവഴിച്ചുവെന്നാണ് വിവരം. ഇത്തരത്തില്‍ സ്വര്‍ണവും പരിശോധിച്ചോയെന്ന് വിലയിരുത്തും.വലിയ അളവില്‍ വെള്ളി ഹൈദരാബാദിലേക്ക് എത്തിക്കാന്‍ ഒരു ലക്ഷം ചെലവഴിച്ചതുള്‍പ്പെടെ ലോഹത്തിന്റെ പരിശുദ്ധി പരിശോധിച്ച് കട്ടികളാക്കി രൂപമാറ്റംവരുത്താന്‍ 20ലക്ഷം രൂപ ചെലവായെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇന്ത്യന്‍എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
2024 നവംബറിലും 2025 മാര്‍ച്ചിലും ചേര്‍ന്ന ട്രസ്റ്റ് യോഗത്തില്‍ പ്രധാന ക്ഷേത്രസമുച്ചയത്തില്‍ വിലപിടിപ്പുള്ളതും അമൂല്യവുമായ ആഭരണങ്ങള്‍ സംഭാവനയായി നിക്ഷേപിക്കാനും റസീറ്റുകള്‍ കൈമാറാനും പ്രത്യേക സംവിധാനം ഒരുക്കണമെന്ന ചര്‍ച്ച നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്. തിങ്കളാഴ്ച ചേരാനിരിക്കുന്ന യോഗത്തില്‍ സമാന ആവശ്യം ചില ട്രസ്റ്റ് അംഗങ്ങള്‍ ഉന്നയിച്ചേക്കും. ഭക്തരുടെ വിശ്വാസം തിരിച്ചുപിടിക്കുന്നതിനായി സംഭാവന എണ്ണിതിട്ടപ്പെടുത്തുന്നതിനും നിക്ഷേപത്തിനും സംവിധാനം ഉണ്ടാക്കണമെന്നും ആവശ്യപ്പെടും.ഒന്നരമാസം മുമ്പ് അയോധ്യയിലെ സുരക്ഷ വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഉന്നതതല സുരക്ഷാ റിവ്യൂ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. മറ്റുസ്ഥലങ്ങളിലെല്ലാം സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചെങ്കിലും കൗണ്ടിംഗ് റൂമില്‍ ഒരു സ്വകാര്യസുരക്ഷാ ഉദ്യോഗസ്ഥനെ മാത്രമായിരുന്നു നിയോഗിച്ചതെന്നുമാത്രമല്ല എക്‌സ്‌റേ മെഷീനും ഉണ്ടായിരുന്നില്ല.