കുരുക്കുകൾ വീണ്ടും മുറുക്കി ബാങ്കു കണ്‍സോര്‍ഷ്യം അറ്റ്‌ലസ് രാമചന്ദ്രന്‍ ഡിസംബറിന് മുമ്പ് മുഴുവന്‍ കടങ്ങളും തിരിച്ചടയ്ക്കണം

പലിശയടക്കം 1300 കോടിയില്‍പരം രൂപയാണ് അദ്ദേഹം തിരിച്ചടയ്ക്കാനുള്ളത്. രാമചന്ദ്രന് മുഴുവന്‍ വായ്പതുകയും പലിശയും തിരിച്ചടയ്ക്കാന്‍ ഡിസംബര്‍ വരെ മാത്രമാണ് സാവകാശം നല്‍കിയിട്ടുള്ളതെന്ന് ബാങ്കിങ് വൃത്തങ്ങള്‍ അറിയിച്ചു

0

ദുബായ്: ആയിരം കോടി രൂപയുടെ വായ്പാ തട്ടിപ്പ് കേസില്‍ മൂന്നു വര്‍ഷത്തെ തടവിനുശേഷം ജാമ്യത്തിലിറങ്ങി ദുബായിൽ വീട്ടുതടങ്കലില്‍ കഴിയുന്ന പ്രമുഖ സ്വര്‍ണവ്യാപാരി അറ്റ്‌ലസ് രാമചന്ദ്രനെതിരേ വായ്പ നല്‍കിയ കുരുക്കുകള്‍ മുറുക്കുന്നു. അറ്റ്‌ലസ് രാമചന്ദ്രന്‍ ജയില്‍മോചിതനായി വീട്ടുതടങ്കലിലാവുമെന്ന് ഫെബ്രുവരിയിലാണ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്.
പലിശയടക്കം 1300 കോടിയില്‍പരം രൂപയാണ് അദ്ദേഹം തിരിച്ചടയ്ക്കാനുള്ളത്. രാമചന്ദ്രന് മുഴുവന്‍ വായ്പതുകയും പലിശയും തിരിച്ചടയ്ക്കാന്‍ ഡിസംബര്‍ വരെ മാത്രമാണ് സാവകാശം നല്‍കിയിട്ടുള്ളതെന്ന് ബാങ്കിങ് വൃത്തങ്ങള്‍ അറിയിച്ചു. തിരിച്ചടവുസംബന്ധിച്ച വിശദാംശങ്ങള്‍ ജൂലൈ അഞ്ചിനുമുമ്പ് കണ്‍സോര്‍ഷ്യത്തിന് രാമചന്ദ്രന്‍ സമര്‍പ്പിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ രണ്ട് വ്യവസ്ഥകളും ലംഘിച്ചാല്‍ അദ്ദേഹത്തിന്റെ ജാമ്യം റദ്ദാക്കി ജയിലിലേക്ക് തിരിച്ചയയ്ക്കും. തിരിച്ചടവിന് ഡിസംബര്‍ ഒടുവില്‍വരെ സാവകാശം നല്‍കിയിരിക്കുന്നതിനാല്‍ അതുവരെ ജാമ്യം റദ്ദാക്കില്ലെന്ന സൂചനയുണ്ട്. വായ്പാതിരിച്ചടവു പദ്ധതി സമര്‍പ്പിക്കുന്നതിനുള്ള കാലപരിധി ജൂലൈ 20 വരെ ദീര്‍ഘിപ്പിച്ചേക്കാമെന്നും ബാങ്കിങ് വൃത്തങ്ങളില്‍ നിന്ന് അറിവായി. ഒമാനിലെ രണ്ട് സൂപ്പര്‍സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ എന്‍എംസി ഹെല്‍ത്ത് കെയര്‍ ഉടമ ഡോ. ബി ആര്‍ ഷെട്ടിക്ക് വിറ്റ അറ്റ്‌ലസ് രാമചന്ദ്രന്‍ ബാങ്ക് ഓഫ് ബറോഡയുടെ കടം വീട്ടിയെന്നും സൂചനയുണ്ടെങ്കിലും അതിനു സ്ഥിരീകരണമില്ല. ആ തുക 200 കോടി രൂപ മാത്രമാണ്. എന്നാല്‍ യുഎഇ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ പരിമിതമായ തോതില്‍ മാത്രം പ്രവര്‍ത്തിക്കുന്ന സ്വര്‍ണാഭരണശാലകളും മറ്റു വസ്തുവകകളും വിറ്റാല്‍ കടംമുഴുവന്‍ തീര്‍ക്കാന്‍ കഴിയുമോ എന്ന് സംശയമുണ്ട്. അതേസമയം രാമചന്ദ്രന്റെ ഇന്ത്യയിലെ പ്രവര്‍ത്തിക്കുന്ന അറ്റ്‌ലസ് ജൂവലറി ഇന്ത്യാ ലിമിറ്റഡ് വളരെ ലാഭകരമായാണ് പ്രവര്‍ത്തിക്കുന്നത്. 70 രൂപയാണ് മുംബൈ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ഈ സ്ഥാപനത്തിന്റെ ഓഹരി മൂല്യം. ഇതിനുപുറമേ തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, ബംഗളുരു, മുംബൈ, ഡല്‍ഹി, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളില്‍ അറ്റ്‌ലസ് രാമചന്ദ്രന്‍ വന്‍തോതില്‍ നഗരഭൂമികള്‍ വാങ്ങിക്കൂട്ടിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇവയുടെയെല്ലാം നടത്തിപ്പ് പ്രത്യേക കമ്പനികള്‍ക്കായതിനാല്‍ അവ വിറ്റ് കടം വീട്ടാനും സാങ്കേതിക ബുദ്ധിമുട്ടുകളുണ്ട്. ഗള്‍ഫിലെ പ്രവര്‍ത്തനം നിലച്ച 52 ആഭരണശാലകള്‍ വിറ്റഴിച്ച് കടം വീട്ടാനുമാകില്ല. ഇവിടെയെങ്ങും പൊന്നിന്റെ തരിപോലുമില്ലെന്നത് തിരിച്ചടവു സാധ്യതകള്‍ ദുര്‍ഘടമാക്കുന്നുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

You might also like

-