ആറന്മുള ഉതൃട്ടാതി ജലോത്സവം നാളെ

10 ന് സത്രത്തിലെ പവലിയന് സമീപമുള്ള വേദിയില്‍ പതായുയര്‍ത്തല്‍ ചടങ്ങ് നടക്കും. പള്ളിയോട സേവാസംഘം പ്രസിഡന്റ് കൃഷ്ണകുമാര്‍ കൃഷ്ണവേണിയുടെ സാന്നിധ്യത്തില്‍ ജില്ലാ കളക്ടര്‍ പി ബി നൂഹ് പതാക ഉയര്‍ത്തും.

0

ആറന്മുള :ചരിത്രപ്രസിദ്ധമായ ആറന്മുള ഉതൃട്ടാതി ജലോത്സവം . രാവിലെ ഒന്‍പതിന് പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് ഭദ്രദീപം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ജലോത്സവവേദിയായ സത്രക്കടവിലേക്ക് ആരംഭിക്കും. 10 ന് സത്രത്തിലെ പവലിയന് സമീപമുള്ള വേദിയില്‍ പതായുയര്‍ത്തല്‍ ചടങ്ങ് നടക്കും. പള്ളിയോട സേവാസംഘം പ്രസിഡന്റ് കൃഷ്ണകുമാര്‍ കൃഷ്ണവേണിയുടെ സാന്നിധ്യത്തില്‍ ജില്ലാ കളക്ടര്‍ പി ബി നൂഹ് പതാക ഉയര്‍ത്തും. ഒന്നിന് വിശിഷ്ട അതിഥികള്‍ക്ക് സ്വീകരണം.
ഉച്ചയ്ക്ക് 1.30 ന് സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ജലോത്സവത്തിന്റെ ഉദ്ഘാടനം ഭദ്രദീപം കൊളുത്തി നിര്‍വഹിക്കും. പള്ളിയോട സേവാസംഘം പ്രസിഡന്റ് കൃഷ്ണകുമാര്‍ കൃഷ്ണവേണി അധ്യക്ഷത വഹിക്കുന്ന
സമ്മേളനത്തില്‍ പള്ളിയോട സേവാസംഘം സെക്രട്ടറി പി ആര്‍ രാധാകൃഷ്ണന്‍ സ്വാഗതം പറയും. ഉദ്ഘാടനത്തിന് ശേഷം വാട്ടര്‍ സ്റ്റേഡിയത്തിലേക്ക് തിരുവോണത്തോണി വരവ്, അവതരണ കലകള്‍ തുടങ്ങിയവയും ജലഘോഷയാത്രയും നടക്കും. തുടര്‍ന്ന് തിരുവനന്തപുരം ശ്രീരാമകൃഷ്ണാശ്രമത്തിലെ സ്വാമി ഗോലോകാനന്ദ മഹാരാജ് അനുഗ്രഹ പ്രഭാഷണം നടത്തും. മലയാളത്തിന്റെ പ്രിയ കവിയും ഗാനരചയിതാവുമായ എസ് രമേശന്‍ നായര്‍ക്ക് വനം വകുപ്പ് മന്ത്രി കെ രാജു രാമപുരത്ത് വാര്യര്‍ അവാര്‍ഡ് സമ്മാനിക്കും.

മത്സര വള്ളംകളിയുടെ ഉദ്ഘാടനം സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും. പള്ളിയോട ശില്‍പ്പി സതീഷ് ആചാരിയെ വീണാ ജോര്‍ജ് എംഎല്‍എ ആദരിക്കും. സുവനീര്‍ പ്രകാശനം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍ സുവനീര്‍ കമ്മിറ്റി കണ്‍വീനര്‍ കെ പി സോമന് നല്‍കി നിര്‍വഹിക്കും. വഞ്ചിപ്പാട്ട് ആചാര്യന്‍ മേലുകര ശശിധരന്‍ നായരെ ആന്റോ ആന്റണി എംപി ആദരിക്കും. പള്ളിയോട യുവശില്‍പ്പി വിഷ്ണു വേണു ആചാരിയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി ആദരിക്കും. കൊടിക്കുന്നില്‍സുരേഷ് എംപി എംഎല്‍എമാരായ മാത്യു ടി തോമസ്, രാജു ഏബ്രഹാം, സജി ചെറിയാന്‍, ചിറ്റയം ഗോപകുമാര്‍, ജില്ലാ കളക്ടര്‍ പി ബി നൂഹ് എന്നിവര്‍ പ്രസംഗിക്കും. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ എന്‍എസ്എസ് പ്രസിഡന്റ്് പി എന്‍ നരേന്ദ്രനാഥന്‍ നായര്‍ നല്‍കും. വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ നേതാക്കളും ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കും.

ജലോത്സവത്തിന് കൈത്താങ്ങായി കൊച്ചി കപ്പല്‍ നിര്‍മാണ ശാല
ഇത്തവണത്തെ ആറന്മുള ഉതൃട്ടാതി ജലോത്സവം കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് സ്‌പോണ്‍സര്‍ ചെയ്യും. 1975 ല്‍ സ്ഥാപിച്ച കേന്ദ്ര പൊതു മേഖല സ്ഥാപനമായ കൊച്ചി കപ്പല്‍ നിര്‍മാണശാല മിനി നവരത്‌ന കമ്പനികളൊലൊന്നാണ്. ഉതൃട്ടാതി ജലോത്സവവുമായി ബന്ധപ്പെട്ട 52 കരകളിലും കൊച്ചി കപ്പല്‍ നിര്‍മാണ ശാലയുടെ ആശംസ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

അവസാന മിനുക്ക് പണിക്ക് കരകയറിയ പള്ളിയോടങ്ങള്‍
ആറന്മുള ഉതൃട്ടാതി ജലോത്സവത്തിന്റെ തലേദിവസം ആറന്മുളയിലെത്തിയാല്‍ പമ്പയുടെ പലഭാഗത്തും പള്ളിയോടങ്ങള്‍ കരയില്‍ കയറ്റി വച്ചിരിക്കുന്നത് കാണാം. ഇതെന്താ കാര്യം എന്ന് ആശങ്കയോടെ അന്വേഷിച്ചെത്തുന്നവരുമുണ്ട്. പള്ളിയോടങ്ങളെ അറിയുന്നവര്‍ക്കറിയാം ഇത് പള്ളിയോടങ്ങളുടെ അവസാനവട്ട മിനുക്കുപണികള്‍ക്ക് കരയില്‍ കയറ്റിയതാണെന്ന്. മീനെണ്ണയിട്ട് മിനുക്കുന്നതിനും മറ്റുമായാണ് പള്ളിയോടങ്ങള്‍ ഇങ്ങനെ കരയില്‍ കയറ്റുന്നത്. ബാണക്കൊടികെട്ടുന്നതിനും അമരച്ചാര്‍ത്ത് ഉറപ്പിക്കുന്നതിനുമുള്ള ആണിയും അവ കെട്ടുന്ന ഇടങ്ങളും ഉറപ്പുള്ളതാണെന്ന് ഉറപ്പാക്കുന്നതും ഇത്തരത്തിലുള്ള പരിശോധനയിലാണ്. വെള്ളത്തില്‍ സ്പര്‍ശിക്കുന്ന ഭാഗത്ത് മീനെണ്ണയിടുന്നതിനുള്ള സൗകര്യത്തിനാണ് കരയില്‍ കയറ്റുന്നത്.

You might also like

-