മോത്തിലാല്‍ വോഹ്‌റ കോണ്‍ഗ്രസ് താത്കാലിക പ്രസിഡന്റ്

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചതോടെയാണ് വോഹ്‌റയെ ഇടക്കാല പ്രസിഡന്റായി തെരഞ്ഞെടുത്തത്

0

ഡൽഹി :മുതിര്‍ന്ന നേതാവും 90കാരനുമായ മോത്തിലാല്‍ വോഹ്‌റ കോണ്‍ഗ്രസിന്റെ ഇടക്കാല പ്രസിഡന്റാകും. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചതോടെയാണ് വോഹ്‌റയെ ഇടക്കാല പ്രസിഡന്റായി തെരഞ്ഞെടുത്തത്. രാജി വിവരം ഇന്ന് രാഹുല്‍ ഗാന്ധി ഔദ്യോഗികമായി പരസ്യപ്പെടുത്തിയിരുന്നു.

മധ്യപ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവാണ് മോത്തിലാല്‍ വോഹ്‌റ. സമാജ്‌വാദി പാര്‍ട്ടി പ്രവര്‍ത്തകനായി രാഷ്ട്രീയ ജീവിതം ആരംഭിച്ച വോഹ്‌റ 1970ലാണ് കോണ്‍ഗ്രസില്‍ ചേരുന്നത്. കോണ്‍ഗ്രസ് ടിക്കറ്റില്‍ 1972ല്‍ മധ്യപ്രദേശ് നിയമസഭയിലെത്തിയ അദ്ദേഹം പടി പടിയായുയര്‍ന്ന് 1985ല്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയായി. പിന്നീട് 1988ല്‍ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ച് കേന്ദ്ര മന്ത്രിസഭയിലെത്തി. ആരോഗ്യം, കുടുംബക്ഷേമം, വ്യോമയാനം തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്തു. 1993 മെയ് 16ന് യു.പി ഗവര്‍ണറായി.

രാജി ഔദ്യോഗികമായി പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധി
കോണ്‍ഗ്രസ് ഹൈക്കമാന്റുമായി എക്കാലത്തും അടുത്ത ബന്ധമുണ്ടായിരുന്ന നേതാവാണ് മോത്തിലാല്‍ വോഹ്‌റ. രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കാനുള്ള തീരുമാനത്തേയും അദ്ദേഹം ശക്തമായി പിന്തുണച്ചു. ഇപ്പോഴിതാ കോണ്‍ഗ്രസിന്റെ ഇടക്കാല അധ്യക്ഷ സ്ഥാനവും വോഹ്‌റയെ തേടിയെത്തിയിരിക്കുന്നു.

കോണ്‍ഗ്രസ് പ്രവര്‍ത്തകരുടേയും നേതാക്കളുടേയും ശക്തമായ എതിര്‍പ്പിനിടെയാണ് രാഹുല്‍ ഗാന്ധി തന്റെ രാജിക്കാര്യം ഇന്ന് ഔദ്യോഗികമായി പരസ്യമാക്കിയത്. രാജിക്കത്ത് അദ്ദേഹം ട്വീറ്റ് ചെയ്യുകയും ചെയ്തു. പുതിയ പ്രസിഡന്റിനെ വൈകാതെ തെരഞ്ഞെടുക്കുമെന്നും രാഹുല്‍ പാര്‍ലമെന്റില്‍ മാധ്യമങ്ങളോട് സംസാരിക്കവേ വ്യക്തമാക്കിയിരുന്നു.

You might also like

-