മലപ്പുറത്ത് കോവിഡ് സ്ഥിരീകരിച്ചവരിൽ ഒരാൾ പൃഥ്വിരാജിനൊപ്പം ജോർദാനിൽ നിന്നും തിരികെ എത്തിയയാൾ
ആടു ജീവിതം സിനിമാ സംഘത്തോടൊപ്പം ഭാഷാ സഹായിയാണ് ഇയാൾ ജോർദാനിലേക്ക് പോയത്.
മലപ്പുറം: മലപ്പുറത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ ഒരാൾ പൃഥ്വിരാജിനൊപ്പം ജോർദാനിൽ നിന്നും തിരികെ എത്തിയ വ്യക്തിക്ക്. ആടുജീവിതം സിനിമാ സംഘത്തോടൊപ്പം ഉണ്ടായിരുന്ന വ്യക്തിക്കാണ് ഇന്ന് കോവിഡ് പോസിറ്റീവ് ആയത്. പാണ്ടിക്കാട് വെട്ടിക്കാട്ടിരി സ്വദേശിയായ 58 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഇയാളെ മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.നടൻ പൃഥ്വിരാജ് ഉൾപ്പെടെയുള്ളവർക്കൊപ്പം ജോർദാനിൽ നിന്നും മെയ് 22 നാണ് ഇയാൾ നാട്ടിലെത്തിയത്. ആടു ജീവിതം സിനിമാ സംഘത്തോടൊപ്പം ഭാഷാ സഹായിയാണ് ഇയാൾ ജോർദാനിലേക്ക് പോയത്.
പൃഥിരാജിന്റെ കോവിഡ് ടെസ്റ്റ് ഫലം നെഗറ്റീവാണ്. ഇക്കാര്യം താരം തന്നെ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു. ഫലം നെഗറ്റീവാണെങ്കിലും വീട്ടിലെ ക്വാറന്റീന്‍ പൂർത്തീകരിക്കുമെന്നും പൃഥ്വി വ്യക്തമാക്കിയിരുന്നു.ക്കഴിഞ്ഞ മെയ് 22 ന് നാട്ടിലെത്തിയ പൃഥ്വി ഏഴ് ദിവസത്തെ സർക്കാർ നിരീക്ഷണത്തിലുള്ള ക്വാറന്റീന്‍ അവസാനിപ്പിച്ച് മെയ് 29-ന് വീട്ടിലേക്ക് മടങ്ങിയിരുന്നു.
എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് ആട് ജീവിതം ഷൂട്ടിംഗ് സംഘത്തെ നാട്ടിലെത്തിച്ചത്. നാട്ടിലെത്തിച്ച ശേഷം ഇവർ ഫോർട്ട് കൊച്ചിയിലെ ഹോട്ടലിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് 58 പേരടങ്ങുന്ന സംഘമാണ് ലോക് ഡൗണിനെ തുടർന്ന് ജോർദ്ദാനിൽ കുടുങ്ങിപ്പോയത്.ഇതിനിടെ ഷൂട്ടിങ് അനുമതിയും ജോർദാൻ സർക്കാർ റദ്ദാക്കി. പിന്നീട് പ്രത്യേക അനുമതിയോടെ ചിത്രീകരണം പൂർത്തിയാക്കിയാണ് സംഘം നാട്ടിലെത്തിയത്