തൊടുപുഴ കാണാതായ കുടംബത്തിലെ നാലംഗങ്ങളെ കുഴിച്ചുമൂടിയനിലയിൽ കണ്ടെത്തി കുഴിയില്‍ മൃതദേഹങ്ങള്‍ ഒന്നിനു മുകളില്‍ ഒന്നായി അടുക്കി വെച്ച നിലയില്‍; മന്ത്രവാദ കൂട്ടക്കൊലയെന്ന് സംശയം;

കൃഷ്ണന്‍ വീട്ടില്‍ മന്ത്രവാദം നടത്താറുണ്ടായിരുന്നുവെന്ന് ഇയാളുടെ സഹോദരന്‍ യഞ്‌ജേശ്വര്‍ പറഞ്ഞു.

0


തൊടുപുഴ : വണ്ണപ്പുറം കമ്പക്കാനത്ത് ഒരു കുടുംബത്തിലെ നാല് പേരുടെ മൃതദേഹം വീടിനടുത്തുള്ള കുഴിയില്‍ കണ്ടെത്തിയതില്‍ ദുരൂഹത. സംഭവം കൊലപാതകം തന്നെയാണെന്ന് പൊലീസ് ഉറപ്പിച്ചിട്ടുണ്ടെങ്കിലും വീട്ടില്‍ മന്ത്രവാദക്രിയകള്‍ നടന്നതായി അയല്‍വാസികള്‍ ആരോപിച്ചു. കുഴിയില്‍ ഒന്നിന് മുകളില്‍ ഒന്നായി അടുക്കി വെച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അയല്‍വാസികളുമായി അടുപ്പം പുലര്‍ത്താത്ത കുടുംബം വീടിന്റെ ജനല്‍ പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറക്കുകയും ചെയ്തതാണ് മന്ത്രവാദം നടന്നതായുള്ള സംശയത്തിനിടയാക്കുന്നത്.
കാനാട്ട് കൃഷ്ണന്‍ (54), ഭാര്യ സുശീല (50), മക്കള്‍ ആശ (21), അര്‍ജുന്‍ (17) എന്നിവരെയാണ് കൊലപ്പെടുത്തി കുഴിച്ചു മൂടിയതായി കാണപ്പെട്ടത്. കൃഷ്ണന്‍ വീട്ടില്‍ മന്ത്രവാദം നടത്താറുണ്ടായിരുന്നുവെന്ന് ഇയാളുടെ സഹോദരന്‍ യഞ്‌ജേശ്വര്‍ പറഞ്ഞു. രാത്രിസമയത്ത് വീടിന്റെ പരിസരത്ത് കാറുകളിലും മറ്റും ആളുകള്‍ വരുന്നതായും ഇയാള്‍ പൊലീസിനോട് വ്യക്തമാക്കി. സഹോദരനുമായി പത്ത് വര്‍ഷമായി ബന്ധമില്ലെന്നും ഇയാള്‍ പറഞ്ഞു.
മൂന്ന് ദിവസമായി കാണാനില്ലാതിരുന്ന ഇവരെ ഇന്ന് ഉച്ചയോടെയാണ് വീടിന് പിറകിലുള്ള കുഴിയില്‍ കൊലപ്പെടുത്തി കുഴിച്ചു മൂടപ്പെട്ട രീതിയില്‍ കണ്ടത്. കുടുംബത്തിലെ നാലുപേരും അയല്‍വാസികളുമായി അധികം അടുപ്പം പുലര്‍ത്തിയിരുന്നില്ല. ഇന്ന് രാവിലെ ഇവരുടെ വീട്ടില്‍ നിന്നും രൂക്ഷഗന്ധം പുറത്ത് വന്നതിനെ തുടര്‍ന്ന് പരിശോധന നടത്തിയ അയല്‍വാസിയാണ് വീട്ടില്‍ രക്തം തളം കെട്ടിക്കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു.
പൊലീസ് എത്തി വാതില്‍ തുറന്ന് ഭിത്തിയിലും നിലത്തുമുള്ള രക്തക്കറ പരിശോധിക്കുകയും വീടിന് പിന്നില്‍ പുതുമണ്ണ് ഇളകി കിടക്കുന്നത് പരിശോധിക്കുകയും ചെയ്തതോടെയാണ് മൃതദേഹങ്ങള്‍ കണ്ടത്. മൃതദേഹങ്ങളില്‍ മാരക മുറിവേറ്റിട്ടുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതപ്പെടുന്ന കത്തിയും ചുറ്റികയും പൊലീസ് കണ്ടെത്തി.

You might also like

-