ഇന്ത്യൻ നാവികസേനയെ ആക്രമിക്കാൻ ഭീകരർക്ക് ഐഎസ്ഐ പരിശീലനം നൽകുന്നു; സുരക്ഷ വർദ്ധിപ്പിച്ചു
ന്യൂഡൽഹി: ഇന്ത്യൻ നാവിക സേനയെ ആക്രമിക്കാൻ ഭീകരർ പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ റിപ്പോർട്ട്. ജെയ്ഷെ മുഹമ്മദ്, ലഷ്കർ ഇ ത്വയിബ തുടങ്ങിയ തീവ്രവാദ സംഘടനകളാണ് പദ്ധതി തയ്യാറാക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. പഠാൻകോട്ട് മാതൃകയിൽ ആക്രമണം നടത്താനാണ് പദ്ധതി.പാകിസ്താനിലെ ബഹാവാൾപൂരിലെ ആഴക്കടൽ സാങ്കേതിക വിദ്യയിൽ ജെയ്ഷെ തീവ്രവാദ സംഘം ഇപ്പോൾ പരിശീലനം നടത്തുന്നുവെന്നും, “നാവിക സേനയുടെ തന്ത്രപ്രദാന കേന്ദ്രങ്ങൾ ആക്രമിക്കുകയാണ് ” ഇന്ത്യൻ മൾട്ടി ഏജൻസി സെന്റർ നടത്തിയ ഇന്റലിജൻസ് റിപ്പോർട്ട് വ്യക്തമാക്കുന്നു.
സേനയ്ക്ക് നേരെ ആക്രമണം നടത്തുന്നതിന് ഭീകര സംഘടനകൾക്ക് മേൽ പാക് ചാരസംഘടനയായ ഐഎസ്ഐ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും ഇതിനായി പ്രത്യേക പരിശീലനം നൽകുന്നുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
ആക്രമണം നടത്തുന്നതിനായി ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറുന്നതിന് 10 പേരടങ്ങുന്ന സംഘം നിയന്ത്രണ രേഖയ്ക്ക് അപ്പുറത്ത് ഒരുങ്ങിയിരിക്കുകയാണ്. കെല്‍, ആത്മുകം, ടുദിന്‍ഹല്‍, ലീപ് താഴ്വരകളിലാണ് നുഴഞ്ഞുകയറ്റത്തിന് ഭീകരർ തയ്യാറെടുക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അതിർത്തിയിൽ സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. കൂടാതെ രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിലും സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്.