‘ചക്ക’ വീഡിയോ മത്സരം : ഷിദ ജഗതിനും, സിജു കണ്ണനും ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പുരസ്കാരം

രണ്ടാം സമ്മാനമായ 10,000 രൂപയ്ക്ക് അര്‍ഹരായത് ചങ്ങനാശ്ശേരി മീഡിയ വില്ലേജാണ്. 

0

  തിരുവനതപുരം :  ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ സങ്കടിപ്പിച്ച സംസ്ഥാനതല ‘ചക്ക’ വീഡിയോ മത്സരത്തിന്റെ ഫലം കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ പ്രഖ്യാപിച്ചു.  ചാനല്‍ വിഭാഗം, ചാനലിതര വിഭാഗം എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലാണ് മത്സരം സംഘടിപ്പിച്ചത്.  ഫേസ്ബുക്ക്, വാട്ട്‌സാപ്പ്, ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍, ഗൂഗിള്‍ ഡ്രൈവ്, ജി-മെയില്‍ വഴി ആയിരത്തോളം മികച്ച വീഡിയോകളാണ് എത്തിയത്.  ഫേസ്ബുക്ക് വഴി 10 ലക്ഷം പേരിലേക്ക് ഓരോ പോസ്റ്റും എത്തി. ആറ് ലക്ഷത്തിലധികം ജനങ്ങളിലേക്ക് ഫേസ് ബുക്ക് പേജ് എത്തി.  എഫ്.ഐ.ബി. വാട്ട്‌സപ്പ് വഴി 500 ഓളം വീഡിയോകളും  ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍, ഗൂഗിള്‍ ഡ്രൈവ്, ജി-മെയില്‍ വഴി 400 ഓളം വീഡിയോകളും എത്തി.  ഇവയില്‍ നിന്നാണ് എന്‍ട്രികള്‍ തെരഞ്ഞെടുത്തത്.

900 വീഡിയോകളില്‍ നിന്നും പ്രാരംഭഘട്ട മൂല്യനിര്‍ണയത്തിലൂടെ 80 ഓളം ചാനലിതര വീഡിയോകളും, ചാനല്‍ വിഭാഗത്തില്‍ 20 ഓളം വീഡിയോകളും തിരഞ്ഞെടുത്തു.  ഫേസ്ബുക്ക് ലൈക്കിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ ലൈക്ക് കിട്ടിയ (10,000ലൈക്കുകള്‍) മീഡിയ വില്ലേജിനെ ജനപ്രിയ എന്‍ട്രിയായി തിരഞ്ഞെടുത്തു.

ചാനല്‍ ഇതര വിഭാഗത്തില്‍ ഒന്നാം സമ്മാനം നേടിയ വയനാട് സ്വദേശി കെ. ശ്രീകാന്തിന് 15,000 രൂപ സമ്മാനം ലഭിക്കും.  പ്ലാ എന്ന വീഡിയോക്കാണ് സമ്മാനം.  രണ്ടാം സമ്മാനമായ 10,000 രൂപയ്ക്ക് അര്‍ഹരായത് ചങ്ങനാശ്ശേരി മീഡിയ വില്ലേജാണ്.  അവരുടെ ‘ഒരു ചക്ക കഥ’ എന്ന വീഡിയോക്കാണ് സമ്മാനം. മൂന്നാം സമ്മാനമായ 5,000 രൂപ തൃശൂരില്‍ നിന്നുള്ള ടീം അശരീരി ചെയ്ത  ‘അശരീരി’ എന്ന വീഡിയോക്കാണ് .  കൂടാതെ ചക്കയുടെ കാലിക പ്രാധാന്യവും വീഡിയോ ക്വാളിറ്റിയും പ്രശസ്തിയും നോക്കി  വിപിന്‍ പുത്തൂര്‍, ഹേമന്ദ് എസ്.എസ്, ഗവ. എച്ച്.എസ്.എസ് മീനങ്ങാടി, നരിവീട്ടില്‍ ഫിലിംസ്, അജയ് പനമരം എന്നിവര്‍ക്ക് 1,000 രൂപ വീതം പ്രോത്സാഹന സമ്മാനവും നല്‍കും.

റിനു അമ്പാട്ടിന്റെ ചക്ക സ്റ്റോറിക്കാണ് ചാനല്‍ വിഭാഗത്തില്‍ ഒന്നാം സമ്മാനം.  25,000 രൂപയാണ് സമ്മാനത്തുക.  രണ്ടാം സമ്മാനമായ 15,000 രൂപയ്ക്ക് അര്‍ഹമായത് മീഡിയ വണ്ണിലെ ഷിദ ജഗത്തിന്റെ ന്യൂസ് സ്റ്റോറിക്കാണ്.  കൈരളി പീപ്പിള്‍ ടിവി റിപ്പോര്‍ട്ടര്‍ സിജു കണ്ണന്‍ തയാറാക്കിയ ചക്ക സ്റ്റോറിക്കാണ് മൂന്നാം സമ്മാനമായ 10,000 രൂപ ലഭിച്ചത്.

പ്രശസ്ത ഡോക്യുമെന്ററി സംവിധായകരും ഐ.ഡി.എസ്.എഫ്.എഫ്.കെ. മുന്‍ ജൂറി അംഗങ്ങളുമായ പി. ബാബുരാജ്, സുധീര്‍ പരമേശ്വരന്‍, മാധ്യമം മീഡിയ സ്‌കൂള്‍ മുന്‍ ഡയറക്ടര്‍ ബിജു മോഹന്‍ തുടങ്ങിയവരായിരുന്നു ജൂറി അംഗങ്ങള്‍.  25 ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

You might also like

-