കാലവര്‍ഷ കെടുതി:അടിയന്തിര  കേന്ദ്ര സഹായം ആവശ്യപ്പെട്ട് സംസ്ഥന സർക്കാർ  

0

തിരുവന്തപുരം :കാലവര്‍ഷ കെടുതി മൂലമുളള നഷ്ടം വിലയിരുത്തി അടിയന്തര സഹായം ലഭ്യമാക്കുന്നതിന് കേരളത്തിലേക്ക് കേന്ദ്രസംഘത്തെ അയക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍. ആവശ്യമുന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന് കത്തയച്ചു. സംസ്ഥാനത്ത് ഈ മാസം 21 വരെ കനത്ത മഴ തുടരുമെന്നാണ് കാലവസ്ഥ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.വെളളപ്പൊക്കം, ഉരുള്‍പൊട്ടല്‍, ചുഴലിക്കാറ്റ് എന്നിവ മൂലം സംസ്ഥാനത്തെ 27000 ത്തിലധികം പേര്‍ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. തീരപ്രദേശത്തെയും സമതലങ്ങളെയും മലയോര മേഖലകളെയും ഒരുപോലെ ദുരിതം ബാധിച്ചിട്ടുണ്ട്. രണ്ട് മാസത്തിനിടെ 90 പേര്‍ മരിച്ചു. പതിനായിരത്തോളം ഹെക്ടര്‍ സ്ഥലത്തെ കൃഷി നശിച്ചു. ഈ സാഹചര്യത്തിലാണ് കേരളത്തിനുണ്ടായ ഭീമമായ നഷ്ടം വിലയിരുത്തി അടിയന്തര സഹായം ലഭ്യമാക്കുന്നതിന് കേന്ദ്രസംഘത്തെ അയക്കണമെന്നാണ് മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിനോട് ആവശ്യപ്പെട്ടത്.

ഓഖി ദുരന്ത സമയത്ത് പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടിട്ടും അത് നല്‍കിയിട്ടില്ലെന്നും സംസ്ഥാനത്തിന്‍റെ സാമ്പത്തിക പരിമിതികള്‍ക്കുള്ളില്‍ നിന്ന് ഇത്തരം ദുരന്തങ്ങളും ദുരിതവും നേരിടാന്‍ പ്രയാസമാണെന്നും മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തര മന്ത്രിയെ അറിയിച്ചു.

അതേസമയം കാലവർഷ കെടുതിയിലെ നഷ്ടം വിലയിരുത്തി റിപ്പോർട്ട് നൽകാൻ ചീഫ് സെക്രട്ടറിക്കും വകുപ്പ് സെക്രട്ടറിമാർക്കും സർക്കാർ നിർദേശം നൽകി. മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നൽകും. കുട്ടനാട്ടിൽ ടെണ്ടർ ഒഴിവാക്കി മട പുനർനിർമ്മാണത്തിന് പാടശേഖര സമിതികൾക്ക് ഫണ്ട് അനുവദിക്കുന്ന കാര്യം പരിഗണിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

അഞ്ച് വർഷത്തിനിടെ സംസ്ഥാനത്ത് ലഭിച്ച ശക്തമായ മഴയാണ് ഇത്തവണത്തേത്. സംസ്ഥാനത്ത് ശനിയാഴ്ച വരെ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻറെ മുന്നറിയിപ്പ്. കടൽക്ഷോഭവും ശക്തമായ കാറ്റുമുളളതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് അധികൃതർ അറിയിച്ചു.

You might also like

-