പാർലമെന്ററി പാർട്ടി നേതാവിനെ തെരഞ്ഞെടുക്കാൻ സാവകാശം തേടി ജോസഫ് സ്പീക്കർക്ക് കത്ത് നൽകി
പാർട്ടിയിൽ ചർച്ചകൾ പൂർത്തിയാകാത്ത സാഹചര്യത്തിൽ സാവകാശം ആവശ്യമായി വന്നിരിക്കുകയാണെന്നും ഇക്കാര്യം പരിഗണിച്ച് സാവകാശം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് മോൻസ് ജോസഫ് എംഎൽഎയാണ് സ്പീക്കർക്ക് കത്ത് നൽകിയത്.
തൊടുപുഴ :കേരള കോൺഗ്രസ് (എം) പാർലമെന്ററി പാർട്ടി നേതാവിനെ തെരഞ്ഞെടുക്കാൻ സാവകാശം തേടി പി.ജെ ജോസഫ് വിഭാഗവും സ്പീക്കർക്ക് കത്ത് നൽകി. പാർട്ടിയിൽ ചർച്ചകൾ പൂർത്തിയാകാത്ത സാഹചര്യത്തിൽ സാവകാശം ആവശ്യമായി വന്നിരിക്കുകയാണെന്നും ഇക്കാര്യം പരിഗണിച്ച് സാവകാശം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് മോൻസ് ജോസഫ് എംഎൽഎയാണ് സ്പീക്കർക്ക് കത്ത് നൽകിയത്. നിയമസഭാ ക്രമീകരണത്തിൽ താത്കാലികമായി ഏർപ്പെടുത്തിയിട്ടുള്ള നിലവിലുള്ള സ്ഥിതി തുടരുന്നതിന് നടപടി സ്വീകരിക്കണമെന്നും മോൻസ് ജോസഫ് കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ജൂൺ 9 ന് മുമ്പ് പാർലമെന്ററി പാർട്ടി നേതാവിനെ തെരഞ്ഞെടുത്ത് അറിയിക്കണമെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ നേരത്തെ നിർദേശം നൽകിയിരുന്നു. ഈ കാലാവധി ഇന്ന് അവസാനിക്കുമെന്നിരിക്കെ സാവകാശം തേടി ജോസ് കെ മാണി വിഭാഗം ഉച്ചയോടെ സ്പീക്കർക്ക് കത്ത് നൽകിയിരുന്നു. ചെയർമാൻ ആരെന്നോ പാർലമെന്ററി പാർട്ടി ലീഡർ ആരെന്നോ തീരുമാനിച്ചിട്ടില്ലെന്നും പത്ത് ദിവസം കൂടി സാവകാശം നൽകണമെന്നും ആവശ്യപ്പെട്ടാണ് ജോസ് കെ മാണി വിഭാഗത്തിന് വേണ്ടി റോഷി അഗസ്റ്റിൻ എംഎൽഎ കത്ത് നൽകിയത്. അതേ സമയം റോഷി അഗസ്റ്റിൻ ഇത് സംബന്ധിച്ച് നൽകിയ കത്തിനെക്കുറിച്ച് തനിക്കറിയില്ലെന്ന് മോൻസ് പ്രതികരിച്ചു.
നിയമസഭയിൽ കെ.എം മാണിയുടെ മുൻനിര സീറ്റ് പിജെ ജോസഫിന് നൽകുന്നതിനെതിരെ റോഷി അഗസ്റ്റിൻ നേരത്തെ സ്പീക്കർക്ക് കത്ത് നൽകിയിരുന്നു. മുൻ നിര സീറ്റ് ഒഴിച്ചിടാനാകില്ലെന്ന് വ്യക്തമാക്കി സീറ്റ് ജോസഫിന് അനുവദിച്ച സ്പീക്കർ ജൂൺ 9 ന് മുമ്പായി
പാർലമെന്ററി പാർട്ടി നേതാവിനെ തെരഞ്ഞെടുത്ത് അറിയിക്കണമെന്ന് നിർദേശം നൽകുകയായിരുന്നു. എന്നാൽ ചെയർമാൻ സ്ഥാനത്തെച്ചൊല്ലി ഇരുവിഭാഗം വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത സാഹചര്യത്തിൽ ഇതുവരെ യോഗം വിളിക്കാനോ പാർലമെന്ററി പാർട്ടി നേതാവിനെ തെരഞ്ഞെടുക്കാനോ സാധിക്കാത്തതിനാലാണ് സാവകാശം തേടി ഇരുപക്ഷവും സ്പീക്കർക്ക് കത്ത് നൽകിയിരിക്കുന്നത്. പാർലമെന്ററി പാർട്ടി നേതാവിനെ തെരഞ്ഞെടുക്കും വരെ നിയമസഭയിൽ ജോസഫിന് മുൻനിര സീറ്റ് നൽകുന്നത് തുടരണമെന്നും മോൻസ് ജോസഫ് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.സഭയും യു ഡി എഫ് നേതാക്കളും ഇരു വിഭാഗത്തോട് അനുരഞ്ജന ചർച്ചകൾ നടത്തിയിരുന്നു ഉമ്മൻ ചാണ്ടി അടക്കമുള്ളവർ കേരളം കോൺഗ്രസ്സിലെ ഏറ്റവും സീനിയർ നേതാവായ പി ജെ ജോസഫ് ചെയർമൻ ആകുന്നതിനോടാണ്താല്പര്യം പ്രകടിപ്പിച്ചിട്ടുള്ളത് പാര്ലമെന്റ് സീറ്റ് ഉൾപ്പെടെയുള്ള കാര്യങ്ങളായിൽ വിട്ടുവീഴ്ച്ചക്ക് തയ്യാറായ പി ജെ ജോസഫിനെ അവഗണിച്ചു മറ്റാരാൾ ലീഡർ സ്ഥാനത്തേക്ക് വരുന്നതിനോട് യു ഡി എഫ് നേതാക്കൾക്കും യോജിപ്പില്ല . പാർട്ടിപിളരാതെ മുന്നോട്ടുകൊണ്ടുപോകാൻ വിട്ടുവീഴ്ചകൾക്ക് തയ്യാറാകണമെന്ന് എം ഇവർ ജോസ് കെ മാണിയോട് അഭ്യര്ഥിച്ചിട്ടുണ്ട്