പൊലീസ് ഉദ്യോഗസ്ഥയുടെ കൊലപാതകം; പ്രതി അജാസിന്റെ ആരോഗ്യനില അതീവ ഗുരുതരം
സൗമ്യയെ കൊലപ്പെടുത്തുനതിനിടെ 60 ശതമാനത്തിലധികം പൊള്ളലേറ്റ അജാസിന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. കിഡ്‌നി തകരാറിലാണ്. ഇന്നലെ ഡയാലിസിസിനായി ശ്രമിച്ചെങ്കിലും രക്തസമ്മർദ്ദം ഗണ്യമായി കുറഞ്ഞതിനാൽ ഡയാലിസിസ് നടത്താനായിട്ടില്ല
കൊല്ലം : വനിതാ പോലീസ് ഓഫീസറായിരുന്ന സൗമ്യയെ കൊലപ്പെടുത്തിയ അജാസിന്റെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിൽ. കിഡ്‌നിയുടെ പ്രവർത്തനം തകരാറിലാവുകയും രക്ത സമ്മർദം ഗണ്യമായി കുറയുകയും ചെയ്തതായി ആശുപത്രി അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം വണ്ടാനം മെഡിക്കൽ കോളെജ് ആശുപത്രിയിലെത്തി മജിസ്‌ട്രേറ്റ് മൊഴി രേഖപ്പെടുത്തിയെങ്കിലും അജാസിന്റ ആരോഗ്യനില മോശമായതിനാൽ മൊഴി പൂർണ്ണമായി രേഖപെടുത്താൻ സാധിച്ചിരുന്നില്ല.
സൗമ്യയെ കൊലപ്പെടുത്തുനതിനിടെ 60 ശതമാനത്തിലധികം പൊള്ളലേറ്റ അജാസിന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. കിഡ്‌നി തകരാറിലാണ്. ഇന്നലെ ഡയാലിസിസിനായി ശ്രമിച്ചെങ്കിലും രക്തസമ്മർദ്ദം ഗണ്യമായി കുറഞ്ഞതിനാൽ ഡയാലിസിസ് നടത്താനായിട്ടില്ല. രക്തസമ്മർദ്ദം ഉയർത്താൻ മരുന്നു കുത്തിവെച്ചെങ്കിലും അതിനോട് പ്രതികരിച്ചിട്ടുമില്ല. അതേസമയം, അജാസിന്റെ വിശദമായ മൊഴി രേഖപ്പെടുത്തണമെന്ന് എറണാകുളം റേഞ്ച് ഐജി എം ആർ അജിത്ത് അന്വേഷണ സംഘത്തിന് നിർദേശം നൽകി.കഴിഞ്ഞ ദിവസം മജിസ്‌ട്രേറ്റ് അജാസിൽ നിന്ന് മൊഴി എടുത്തിരുന്നെങ്കിലും ആരോഗ്യനില മോശമായതിനാൽ പൂർണ വിവരങ്ങൾ ശേഖരിക്കാനായില്ല. പെട്രോൾ വാങ്ങിയതും ആയുധം തരപ്പെടുത്തിയതും എവിടെ നിന്ന് എന്നതുൾപ്പെടെ നിരവധി വിവരങ്ങൾ അജാസിൽ നിന്നും അറിയേണ്ടതുണ്ട്. അതിനിടെ സൗമ്യയുടെ ഭർത്താവ് നാളെ നാട്ടിലെത്തും. നാളെ ഉച്ചയ്ക്ക് ശേഷം സംസ്‌ക്കാര ചടങ്ങുകൾ നടത്താനാണ് സൗമ്യയുടെ ബന്ധുക്കൾ ആലോചിക്കുന്നത്.