ദിലീപിന്റെ വീട്ടിൽ റെയ്ഡ് കോടതിയുടെ അനുമതിയോടെ, എഡിജിപി ശ്രീജിത്ത്

ദിലീപിന്റെ ആലുവയിലെ വീട്ടിൽ ക്രൈംബ്രാഞ്ച് സംഘം നടത്തിയ റെയ്ഡിൽ ഹാർഡ് ഡിസ്‌കും മൊബൈൽ ഫോണും അന്വേഷണസംഘം പിടിച്ചെടുത്തു. ഉച്ചക്ക് 12 മണിക്ക് തുടങ്ങിയ റെയ്ഡ് വൈകീട്ട് 6.45നാണ് പൂർത്തിയായത്.

0

തിരുവനന്തപുരം | കോടതിയുടെ അനുമതിയോടെയാണ് ദിലീപിന്റെ വീട്ടിൽ റെയ്ഡ് നടത്തിയതെന്ന് എഡിജിപി ശ്രീജിത്ത്. ചുരുങ്ങിയ സമയത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കും. അന്വേഷണ പുരോഗതി സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ ഇപ്പോൾ വെളിപ്പെടുത്തനാവില്ല. ദിലീപിന്റെ അറസ്റ്റ് സംബന്ധിച്ചും ഇപ്പോൾ പറയാനാവില്ല. സംവിധായകൻ ബാലചന്ദർ പറഞ്ഞ വി.ഐ.പിയുടെ കാര്യത്തിലടക്കം അന്വേഷണം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദിലീപിന്റെ ആലുവയിലെ വീട്ടിൽ ക്രൈംബ്രാഞ്ച് സംഘം നടത്തിയ റെയ്ഡിൽ ഹാർഡ് ഡിസ്‌കും മൊബൈൽ ഫോണും അന്വേഷണസംഘം പിടിച്ചെടുത്തു. ഉച്ചക്ക് 12 മണിക്ക് തുടങ്ങിയ റെയ്ഡ് വൈകീട്ട് 6.45നാണ് പൂർത്തിയായത്. ദിലീപിന്റെ നിർമാണ കമ്പനിയിലും സഹോദരന്റെ വീട്ടിലും പരിശോധന നടന്നു. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണ സംഘവും പുതിയ കേസിലെ സംഘവും സംയുക്തമായാണ് പരിശോധന നടത്തിയത്. വിചാരണക്കോടതിയിൽ നിന്നും ആലുവ മജിസ്‌ട്രേറ്റ് കോടതിയിൽ നിന്നും സംഘം പരിശോധനാ അനുമതി തേടിയിരുന്നു. തുടരന്വേഷണ ടീമിലെ നെടുമ്പാശ്ശേരി എസ്.ഐ ദിലീപിന്റെ വീട്ടിൽ പരിശോധനക്കുണ്ടായിരുന്നു.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിന്‍റെ വീടായ പത്മസരോവരത്തിൽ ക്രൈംബ്രാഞ്ച് നടത്തിയ പരിശോധന ഏഴ് മണിക്കൂറാണ് നീണ്ട് നിന്നത്. പരിശോധനയിൽ ഹാർഡ് ഡിസ്കുകളും മൊബൈൽ ഫോണുകളും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ദിലീപിന്റെ മൊബൈൽ ഫോണും കസ്റ്റഡിയിലെടുത്തതായാണ് വിവരം. ക്രൈംബ്രാഞ്ച് എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പരിശോധന നടത്തിയത്. ആലുവ പറവൂർക്കവലയിലെ ദിലീപിന്‍റെ വീട്, സഹോദരൻ അനൂപിന്‍റെ വീട്, ദിലീപിന്‍റെയും അനൂപിന്‍റെയും സിനിമാനിർമാണക്കമ്പനി ഗ്രാൻഡ് പ്രൊഡക്ഷൻസിന്‍റെ കൊച്ചി ചിറ്റൂർ റോഡിലുള്ള ഓഫീസ് എന്നിവിടങ്ങളിലാണ് ഒരേ സമയം റെയ്ഡുകൾ നടന്നത്.

ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചുവെന്ന വെളിപ്പെടുത്തലിൽ ദിലീപിന്‍റെ കയ്യിൽ തോക്ക് ഉണ്ടായിരുന്നുവെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തോക്ക് കണ്ടെത്താനുള്ള ശ്രമവും നടന്നു. എന്നാൽ തോക്ക് കണ്ടെടുക്കാൻ സാധിച്ചിട്ടില്ലെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം. ഇതോടൊപ്പം നടിയെ ആക്രമിച്ച് പൾസർ സുനി പകർത്തിയ ദൃശ്യങ്ങൾ ആലുവയിലെ വീട്ടിലിരുന്ന് ദിലീപ് കണ്ടുവെന്ന് ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയതിന്‍റെ അടിസ്ഥാനത്തിൽ ഈ ദൃശ്യങ്ങൾക്ക് വേണ്ടി സൈബർ വിദഗ്ധരും തെരച്ചിൽ നടത്തി.

അന്വേഷണസംഘത്തെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട് ദിലീപിന്‍റെ മുൻകൂർ ജാമ്യഹർജി നാളെ ഹൈക്കോടതി പരിഗണിക്കാനിരിക്കുകയാണ്. ദിലീപിന് ജാമ്യ ലഭിക്കാതിരിക്കാനുള്ള തെളിവുകൾ ശേഖരിക്കന്നതിന്റെ ഭാഗമായാണ് പോലീസിന്റെ തിരക്കിട്ട റെയ്ഡ് . ഒന്നാം പ്രതി ദിലീപ്, സഹോദരൻ അനൂപ്, സഹോദരീഭർത്താവ് സുരാജ് എന്നിവരാണ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട് .

You might also like

-