വി കെ ഇബ്രാഹിം കുഞ്ഞു മുങ്ങിയോ? പി എ യും മൊബൈലുകളും നിശബ്ദം
അറസ്റ്റുണ്ടായേക്കുമെന്ന സൂചന പുറത്തുവരുമ്പോള്‍ കൊച്ചി ആലുവയിലെ കുന്നുകരയിലായിരുന്നു അദ്ദേഹം. എന്നാല്‍, അതിനുശേഷം എവിടേക്ക് പോയെന്ന് അറിയില്ലെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം.
തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റുണ്ടാകുമെന്ന് വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്‍റെ മൊബൈലുകള്‍ സ്വിച്ച് ഓഫായി. അദ്ദേഹത്തിന്‍റെ പിഎയുടെ മൊബൈല്‍ ഫോണും സ്വിച്ച് ഓഫാണ്. അറസ്റ്റുണ്ടായേക്കുമെന്ന സൂചന പുറത്തുവരുമ്പോള്‍ കൊച്ചി ആലുവയിലെ കുന്നുകരയിലായിരുന്നു അദ്ദേഹം. എന്നാല്‍, അതിനുശേഷം എവിടേക്ക് പോയെന്ന് അറിയില്ലെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം.
പ്രളയദുരിതം പഠിക്കാനെത്തിയ കേന്ദ്രസംഘത്തിനൊപ്പമാണ് രാവിലെ പതിനൊന്നരയോടെ അദ്ദേഹം കുന്നുകരയിലെത്തിയത്. അവിടെ നിന്ന് മടങ്ങിയശേഷമാണ് മൊബൈലില്‍ അദ്ദേഹത്തെ കിട്ടാതായത്. അറസ്റ്റിലായേക്കുമെന്ന സൂചനകളെത്തുടര്‍ന്ന് അദ്ദേഹം ഏതെങ്കിലും രഹസ്യസങ്കേതത്തിലേക്ക് മാറിയതാണോ എന്നതടക്കമുള്ള അഭ്യൂഹങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.
ഇന്നലെ രാത്രിയാണ് എംഎല്‍എ ഹോസ്റ്റലിലെ മുറി പൂട്ടി താക്കോല്‍ കൗണ്ടറില്‍ ഏല്‍പ്പിച്ച ശേഷം അദ്ദേഹം കൊച്ചിയിലേക്ക് പോയത്. കുന്നുകരയിലെ പരിപാടിക്ക് ശേഷം അദ്ദേഹം കൊച്ചിയിലെ ഓഫീസിലേക്കും വീട്ടിലേക്കും എത്തിയിട്ടില്ലെന്നാണ് വിവരം.കേസിലെ പ്രതിയും മുന്‍ പൊതുമരാമത്ത് സെക്രട്ടറിയുമായ ടി ഒ സൂരജിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണസംഘം നീക്കം ആരംഭിച്ചത്. അദ്ദേഹത്തെ ഉടന്‍ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തുമെന്നാണ് വിജിലന്‍സ് പറയുന്നത്. ചോദ്യം ചെയ്യല്‍ തൃപ്തികരമല്ലെങ്കില്‍ കാര്യങ്ങള്‍ ഇബ്രാഹിംകുഞ്ഞിന്‍റെ അറസ്റ്റിലേക്ക് നീങ്ങുമെന്നാണ് സൂചന. ഇക്കാര്യം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ വിജിലന്‍സ് ഡയറക്ടര്‍ വിളിച്ചു ചേര്‍ത്ത അന്വേഷണ ഉദ്യോഗസ്ഥരുടെ യോഗം അല്‍പസമയത്തിനകം നടക്കും.