വായ്പ തിരിച്ചടക്കാന്‍ സന്നദ്ധത അറിയിച്ച് മോദിക്ക് അയച്ച കത്ത് പുറത്തുവിട്ട് വിജയ് മല്യ
ലണ്ടനിലുള്ള വിജയ് മല്യയെ ഇന്ത്യയില്‍ തിരിച്ചെത്തിക്കാനുള്ള നടപടി അവസാന ഘട്ടത്തിലെത്തി നില്‍ക്കെയാണ് മോദിക്കയച്ച കത്ത് പുറത്ത് വിട്ട് മല്യ പുതിയ പ്രസ്താവന ഇറക്കിയത്
ഡൽഹി :വായ്‌പ്പാ തട്ടിപ്പു കേസിൽ രാജ്യത്തെ വിവിധ ഏജൻസികൾ തേടുന്ന വിജയ്മല്യ വായ്പ തിരിച്ചടക്കാന്‍ സന്നദ്ധത അറിയിച്ച് 2016 ല്‍ തന്നെ പ്രധാന മന്ത്രിക്കും ധനമന്ത്രിക്കും കത്തയച്ചിരുന്നെന്ന് വിജയ് മല്യ. ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും കത്ത് പുറത്ത് വിട്ട് വിജയ് മല്യ പറഞ്ഞു. ലണ്ടനിലുള്ള വിജയ് മല്യയെ ഇന്ത്യയില്‍ തിരിച്ചെത്തിക്കാനുള്ള നടപടി അവസാന ഘട്ടത്തിലെത്തി നില്‍ക്കെയാണ് മോദിക്കയച്ച കത്ത് പുറത്ത് വിട്ട് മല്യ പുതിയ പ്രസ്താവന ഇറക്കിയത്.
9000 കോടിയുടെ വായ്പ തിരിച്ചടക്കാതെ ഇന്ത്യ വിട്ട വിജയ് മല്യ രണ്ട് വര്‍ഷത്തെ മൌനം വെടിഞ്ഞാണ് തനിക്കെതിരായ നടപടികളില്‍ പ്രതികരിച്ചത്. 2016 – എപ്രിലില്‍ പ്രധാനമന്ത്രിക്കും ധനകാര്യ മന്ത്രിക്കും കത്തയച്ചിരുന്നു. മനപ്പൂര്‍വ്വം വായ്പ തിരിച്ചടക്കാത്തവരുടെ ഗണത്തില്‍ തന്നെ പെടുത്താനാകില്ല. തുക പൂര്‍ണമായും തിരിച്ചടക്കാന്‍ സന്നദ്ധനാണെന്ന് ഈ കത്തില്‍ വ്യക്തമാക്കിയതാണ്. എന്നാല്‍ ഇതുവരെ കത്തിന് പ്രതികരണം ഉണ്ടായിട്ടില്ലെന്ന് മല്യ ട്വിറ്ററില്‍ പങ്കുവച്ച പ്രസ്താവനയില്‍ പറയുന്നു. പ്രധാനമന്ത്രിക്കയച്ച കത്തിന്റെ പകര്‍പ്പും പുറത്ത് വിട്ടിട്ടുണ്ട്.
രാജ്യത്ത് കടമെടുത്ത് മുങ്ങുന്നതിന്റെ പ്രതീകമായി താന്‍മാറി. ജനരോഷം ആളികത്തിക്കപ്പെട്ടു. 13000 കോടിയുടെ സ്വത്ത് വകകള്‍ ഇതിനകം കണ്ട് കെട്ടിക്കഴിഞ്ഞു. വായ്പ തിരിച്ചടവ് മുടക്കിയാല്‍ സിവില്‍ നടപടിയാണ് ഉണ്ടാകേണ്ടതെങ്കില്‍ ക്രിമിനല്‍ നടപടികളാണ് തനിക്കെതിരെ നടക്കുന്നതെന്ന് മല്യ പറയുന്നു. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. മല്യയെ ഇന്ത്യയില്‍ തിരിച്ചെത്തിക്കുന്ന നടപടികള്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി ജൂലൈ 31 ന് സിബിഐ സംഘം ലണ്ടനിലേക്ക് തിരിക്കാനിരിക്കുകയാണ്.