ആര്യൻ ഖാൻ ഉൾപ്പെട്ട ലഹരിക്കേസ് കോഴ ആരോപണം, എൻ.സി.ബി സോണൽ ഡയറക്ടര്‍ സമീർ വാങ്കഡെയെ ഇന്ന് വിജിലൻസ് ചോദ്യം ചെയ്യും
ക്രൂയിസ് കപ്പലിൽ മയക്കുമരുന്ന് പിടികൂടിയതുമായി ബന്ധപ്പെട്ട് ആര്യൻ ഖാന്റെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
മുംബൈ | എൻ.സി.ബി സോണൽ ഡയറക്ടര്‍ സമീർ വാങ്കഡെയെ ഇന്ന് വിജിലൻസ് ചോദ്യം ചെയ്യും. മുംബൈ ലഹരികേസിൽ അന്വേഷണ ഉദ്യോഗസ്ഥനായ വാങ്കഡെയ്ക്കെതിരെ ഉയര്‍ന്ന കോഴ ആരോപണത്തിലാണ് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്. ഷാറൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെട്ട ലഹരിക്കേസ് ഒത്തുതീർപ്പാക്കാൻ പണം ആവശ്യപ്പെട്ടെന്നായിരുന്നു വാങ്കഡെയ്ക്കെതിരായ ആരോപണം. ആര്യൻ ഖാനൊപ്പം ക്രൂയിസ് കപ്പലിൽ നിന്നും സെൽഫിയെടുത്ത കിരണ്‍ ഗോസാവി ഷാറൂഖ് ഖാനോട് 25 കോടി രൂപ ആവശ്യപ്പെട്ടുവെന്നായിരുന്നു കേസിലെ സാക്ഷിയായ പ്രഭാകർ സെയിലിന്‍റെ ആരോപണം. ഇതില്‍ 18 കോടി എൻ.സി.ബി സോണൽ ഡയറക്ടറായ സമീർ വാങ്കഡെക്ക് നൽകാമെന്ന് ഗോസാവി പറഞ്ഞത് കേട്ടെന്നും പ്രഭാകർ സെയിൽ കോടതിയിൽ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു.