വേമ്പനാട്ട് കായലിൽ കത്തി നശിച്ച ഹൌസ് ബോട്ട് ഓടിയത് നിയമ വിരുദ്ധമായിട്ടെന്ന് കണ്ടെത്തൽ

ഓഷ്യനോ ഹൌസ് ബോട്ട് ഓടിയത് നിയമ വിരുദ്ധമായിട്ടെന്ന് കണ്ടെത്തൽ

0

വേമ്പനാട്ട് കായലിൽ കത്തി നശിച്ച ഓഷ്യനോ ഹൌസ് ബോട്ട് ഓടിയത് നിയമ വിരുദ്ധമായിട്ടെന്ന് കണ്ടെത്തൽ. ബോട്ടിന് ലൈസൻസോ യാതൊരു വിധ രേഖകളോ ഇല്ലെന്ന് തുറമുഖ വകുപ്പ് രജിസ്ട്രാറുടെ റിപ്പോർട്ട്. അതിനിടെ അനധികൃത ബോട്ടുകൾ കണ്ടെത്താനുള്ള പരിശോധന പോലീസ് ആരംഭിച്ചു.ഇന്നലെ ഹൗസ് ബോട്ട് തീപിടിച്ചുണ്ടായ അപകടത്തിൽ നിന്ന് കൈക്കുഞ്ഞുങ്ങളടക്കം 13 പേർ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. 2014ൽ ലൈസൻസിന് അപേക്ഷിച്ച ഈ ബോട്ട് അന്ന് കിട്ടിയ താത്കാലിക രജിസ്ട്രേഷൻ നമ്പറിന്റെ ബലത്തിലാണ് ഇത്രയും വർഷം പ്രവർത്തിച്ചത്. സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും തുറമുഖ രജിസ്ട്രാറുടെ കണ്ടെത്തലിലുണ്ട്. റിപ്പോർട്ട് മാരിടൈം ബോർഡ് ചീഫ് എക്സിക്യൂട്ടിവ് ഓഫീസർക്ക് കൈമാറി.

ആലപ്പുഴ ജില്ലയിൽ സർവീസ് നടത്തുന്ന ഹൗസ് ബോട്ടുകളിൽ പകുതിയിലേറെയും അനധികൃതമാണ്. സുരക്ഷാസംവിധാനങ്ങളോ വിദഗ്ധരായ ജീവനക്കാരോ ബോട്ടുകളിലില്ല. ഹൗസ് ബോട്ട് ഓണേഴ്സ് അസോസിയേഷന്റെ കണക്ക് പ്രകാരം 700 ബോട്ടുകൾക്കേ ലൈസൻസ് ഉള്ളു. 1800 എണ്ണം ലൈസൻസില്ലാതെയാണ് പ്രവർത്തിക്കുന്നത്. എല്ലാ വർഷവും ഹൗസ് ബോട്ടുകളുടെ ലൈസൻസ് പുതുക്കണം. ലൈസൻസ് നമ്പർ ബോട്ടിന്‍റെ ഇരുഭാഗങ്ങളിലും പുറക് വശത്തും കൊത്തിവയ്ക്കണമെന്നാണ് ചട്ടം. പക്ഷെ നമ്പരുള്ളത് വിരലില്‍ എണ്ണാവുന്ന ബോട്ടുകൾക്ക് മാത്രം. ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഹൗസ് ബോട്ടുകളിൽ ഇന്ന് പരിശോധന നടന്നു. ചേർത്തല ഡിവൈഎസ്പിക്കും ആലപ്പുഴ എഎസ് പി ക്കുമാണ് പരിശോധനയുടെ ചുമതല നൽകിയിരിക്കുന്നത്.

You might also like

-