വണ്ടിപ്പെരിയാറിൽ പൊലീസുകാരെ അസഭ്യം പറഞ്ഞ സി പി ഐ എം നേതാക്കളായ ആര്‍. തിലകനും ജി. വിജയാനന്ദിനും പരസ്യ ശാസന
ഇത്തരമൊരു പെരുമാറ്റം ഉണ്ടായതിനെതിരെ ഗൗരവമായ വിമര്‍ശനം ഉയര്‍ന്നു വരികയും പൊതുസമൂഹം ചര്‍ച്ച ചെയ്യുകയും ചെയ്തു. പാര്‍ട്ടിയുടെ ഉയര്‍ന്ന സ്ഥാനങ്ങള്‍ വഹിക്കുന്ന ഉത്തരവാദിത്വമുള്ള നേതാക്കള്‍ ഏത് സാഹചര്യത്തിലാണെങ്കില്‍ പോലും സ്റ്റേഷനില്‍ പോയി പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറിയത് വളരെ ഗൗരവത്തോടെയാണ് പാര്‍ട്ടി വിലയിരുത്തുന്നത്.
ചെറുതോണി: സിപിഐ എം പാര്‍ട്ടിയുടെ അന്തസ്സിനും സല്‍പ്പേരിനും കളങ്കം ചാര്‍ത്തിയ പ്രവര്‍ത്തനങ്ങള്‍ ഉണ്ടായതിനെതുടര്‍ന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം ആര്‍. തിലകന്‍, ജില്ലാ കമ്മറ്റിയംഗം ജി. വിജയാനന്ദ് എന്നിവരെ പരസ്യമായി ശാസിക്കാന്‍ ജില്ലാ കമ്മറ്റി ഐക്യകണ്ഠേന തീരുമാനിച്ചതായി ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രന്‍ അറിയിച്ചു. വണ്ടിപ്പെരിയാര്‍ പോലീസ് സ്റ്റേഷനില്‍ ചില കേസുകളുമായി ബന്ധപ്പെട്ട് ഇവര്‍ പോകുകയും പോലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. ചര്‍ച്ചയ്ക്കിടയില്‍ അഭിപ്രായ ഭിന്നതകള്‍ രൂപപ്പെടുകയും പോലീസ് ഉദ്യോഗസ്ഥരോട് വാക്കേറ്റം നടത്തുകയും മോശമായി പെരുമാറുകയും ചെയ്തു. ഇത്തരമൊരു പെരുമാറ്റം ഉണ്ടായതിനെതിരെ ഗൗരവമായ വിമര്‍ശനം ഉയര്‍ന്നു വരികയും പൊതുസമൂഹം ചര്‍ച്ച ചെയ്യുകയും ചെയ്തു. പാര്‍ട്ടിയുടെ ഉയര്‍ന്ന സ്ഥാനങ്ങള്‍ വഹിക്കുന്ന ഉത്തരവാദിത്വമുള്ള നേതാക്കള്‍ ഏത് സാഹചര്യത്തിലാണെങ്കില്‍ പോലും സ്റ്റേഷനില്‍ പോയി പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറിയത് വളരെ ഗൗരവത്തോടെയാണ് പാര്‍ട്ടി വിലയിരുത്തുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടി ഒരുവിധത്തിലും അംഗീകരിക്കില്ല. പൊതുസമൂഹത്തിന് ഉള്‍ക്കൊള്ളാനാകാത്ത പെരുമാറ്റവും പ്രവര്‍ത്തനവും ഒരാളില്‍ നിന്നും ഉണ്ടാകാന്‍ പാടില്ലാത്തതാണ്. ഇക്കാര്യത്തില്‍ പാര്‍ട്ടി കര്‍ശനമായി നിലപാടെടുക്കുകയും ഇത് സംബന്ധിച്ച് നേതാക്കളോട് വിശദീകരണം ചോദിക്കുകയും ചെയ്തു. വിശദീകരണം ഒട്ടും തൃപ്തികരമല്ല എന്ന് ജില്ലാ കമ്മറ്റി വിലയിരുത്തിയതിനെത്തുടര്‍ന്ന് ബന്ധപ്പെട്ട നേതാക്കള്‍ക്ക് പരസ്യശാസന നല്‍കുന്നതിന് ഐക്യകണ്ഠേന തീരുമാനിച്ചുവെന്നും ജില്ലാ സെക്രട്ടറി അറിയിച്ചു.