വടക്കാഞ്ചേരി ലൈഫ് സിബിഐ അന്വേഷണത്തിനെതിരായ സർക്കാർ ഹർജിയിൽ ഇന്ന് വിധി

സര്‍ക്കാരോ, ലൈഫ് മിഷനോ ഈ ഇടപാടില്‍ കക്ഷിയല്ല. അതുകൊണ്ട് തന്നെ എഫ്സിആർഎ ചട്ടങ്ങള്‍ ലംഘിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ഇടപാടിനെ കുറിച്ച് അന്വേഷിക്കാന്‍ സിബിഐയ്ക്ക് അധികാരമില്ലെന്നാണ് സര്‍ക്കാര്‍ വാദം.

0

കൊച്ചി :വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയിലെ സിബിഐ അന്വേഷണം റദ്ദാക്കണമെന്ന സര്‍ക്കാരിന്‍റെ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. റെഡ് ക്രസന്‍റും യൂണിടാകും തമ്മിലുള്ള ഫണ്ട് കൈമാറ്റത്തെ കുറിച്ച് അന്വേഷിക്കാന്‍ സിബിഐയ്ക്ക് അധികാരമില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍ പദ്ധതി നടത്തിപ്പില്‍ പ്രഥമ ദൃഷ്ട്യാ അഴിമതിയുണ്ടെന്നാണ് സിബിഐ വാദം.വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഫ്ളാറ്റുകള്‍ നിര്‍മിക്കാന്‍ റെഡ് ക്രസന്‍റ് പണം നല്‍കിയത് യൂണിടാകിനാണ്. സര്‍ക്കാരോ, ലൈഫ് മിഷനോ ഈ ഇടപാടില്‍ കക്ഷിയല്ല. അതുകൊണ്ട് തന്നെ എഫ്സിആർഎ ചട്ടങ്ങള്‍ ലംഘിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ഇടപാടിനെ കുറിച്ച് അന്വേഷിക്കാന്‍ സിബിഐയ്ക്ക് അധികാരമില്ലെന്നാണ് സര്‍ക്കാര്‍ വാദം.

സിബിഐ റജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്. സര്‍ക്കാരിന് വേണ്ടി ലൈഫ് മിഷന്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ യു.വി.ജോസ് ആണ് ഹൈക്കോടതിയെ സമീപിച്ചത്. ഇതേ ആവശ്യവുമായി യൂണിടാകും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. രണ്ടു കേസുകളും ഒരുമിച്ചാണ് കോടതി പരിഗണിച്ചത്.വടക്കാഞ്ചേരി ലൈഫ് ഇടപാടില്‍ വിദേശ സംഭാവന ചട്ടത്തിന്‍റെ പ്രത്യക്ഷമായ ലംഘനമുണ്ടായിട്ടുണ്ടെന്നാണ് സിബിഐയുടെ വാദം. അനുമതിയില്ലാതെ സംഭാവന സ്വീകരിക്കാന്‍ ലൈഫ് മിഷൻ ഉപയോഗിച്ച മറ മാത്രമാണ് യൂണിടാക് എന്നും സിബിഐ വാദിക്കുന്നു. ഇടപാടില്‍ അഴിമതി ഉണ്ടെന്ന് വ്യക്തമാണ്. ഈ സാഹചര്യത്തില്‍ അന്വേഷണം തുടരാന്‍ അനുവദിക്കണമെന്നും സിബിഐ ആവശ്യപ്പെടുന്നു. ലൈഫ് മിഷന്‍ അന്വേഷണത്തിലെ കേസ് ഡയറി സിബിഐ കഴിഞ്ഞ ദിവസം ഹൈക്കോടതിക്ക് കൈമാറിയിരുന്നു. ഇതുകൂടി പരിശോധിച്ച ശേഷമാണ് ജസ്റ്റിസ് വി.ജി.അരുണ്‍ സര്‍ക്കാരിന്‍റെ ഹര്‍ജിയില്‍ ഇന്ന് വിധി പറയുന്നത്

You might also like

-