ഇന്ത്യന്‍ കമ്പനിയുടെ കഫ് സിറപ്പ് കഴിച്ച് 18 കുട്ടികള്‍ മരിച്ചതായി ഉസ്ബെകിസ്ഥാൻ ആരോപണം
ഇന്ത്യൻ കമ്പനിക്കെതിരെ ഗാംബിയ സമാനമായ ആരോപണം ഉന്നയിച്ച് മാസങ്ങൾക്കകമാണ് സമാനമായ പരാതി ഉസ്ബെകിസ്ഥാനിൽ നിന്ന് ഉയർന്നിരിക്കുന്നത്.
ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ മരുന്നുകൾ കഴിച്ച് രാജ്യത്ത് 18 കുട്ടികൾ മരിച്ചതായി ഉസ്ബെകിസ്ഥാൻ ആരോഗ്യ മന്ത്രാലയം. മറ്റൊരു ഇന്ത്യൻ കമ്പനിക്കെതിരെ ഗാംബിയ സമാനമായ ആരോപണം ഉന്നയിച്ച് മാസങ്ങൾക്കകമാണ് സമാനമായ പരാതി ഉസ്ബെകിസ്ഥാനിൽ നിന്ന് ഉയർന്നിരിക്കുന്നത്.
ഉത്തർപ്രദേശ് ആസ്ഥാനമായുള്ള മരിയോൺ ബയോടെക് നിർമ്മിച്ച ‘ഡോക്-1 മാക്സ്’ എന്ന സിറപ്പ് നിരവധി കുട്ടികളുടെ മരണത്തിന് ഇടയായെന്ന് ഉസ്ബെകിസ്ഥാനിലെ പ്രാദേശിക വാർത്താ വെബ്സൈറ്റായ എകെഐ ഡോട്ട് കോം റിപ്പോർട്ട് ചെയ്തു. ശ്വാസകോശ സംബന്ധമായ കടുത്ത അസുഖങ്ങൾ ബാധിച്ചാണ് ഈ കുട്ടികൾ ആശുപത്രിയിൽ എത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു.
ഉസ്ബെകിസ്ഥാൻ സർക്കാരിന്റെ പരാതിയിൽ ലോകാരോഗ്യസംഘടന അന്വേഷണം ആരംഭിച്ചു. ”ഈ വിഷയത്തെക്കുറിച്ച് ഉസ്ബെകിസ്ഥാനിലെ ആരോഗ്യ മന്ത്രാലയവുമായി ഞങ്ങൾ കൂടിക്കാഴ്ച നടത്തി വരികയാണ്. കൂടുതൽ അന്വേഷണങ്ങൾ നടക്കേണ്ടതുണ്ട്”, ന്യൂസ് 18 അയച്ച ഇ-മെയിലിന് മറുപടിയായി ലോകാരോഗ്യ സംഘടന അറിയിച്ചു.
മരിയോൺ ബയോടെക്കിനും ഉസ്ബെകിസ്ഥാന്റെ ആരോഗ്യ മന്ത്രാലയത്തിനും ന്യൂസ് അയച്ച മെയിലുകൾക്ക് ഇതുവരെ പ്രതികരണമൊന്നും ലഭിച്ചിട്ടില്ല.