ചർച്ച വിജയിച്ചാൽ കിം ജോംഗ് ഉന്നനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കു
ഉത്തരകൊറിയ ആണവനിരായുധീകരണത്തിന് തയാറാവണമെന്നാണ് യുഎസിന്റെ ആവശ്യം. ഒരു കൂടിക്കാഴ്ച കൊണ്ട് മാത്രം ലക്ഷ്യം നേടിയെടുക്കാൻ സാധിക്കില്ലെന്ന് ട്രംപ് പറഞ്ഞു
വാഷിംഗ്ടൺ: ഉത്തരകൊറിയൻ ഭരണാധികാരി കിം ജോംഗ് ഉന്നുമായുള്ള ചർച്ച വിജയിച്ചാൽ അദ്ദേഹത്തെ വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കുന്ന കാര്യം പരിഗണിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബെയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. സിംഗപ്പൂരിൽ ഈ മാസം 12നാണ് കിം-ട്രംപ് കൂടിക്കാഴ്ച നടക്കുന്നത്.
ഉത്തരകൊറിയ ആണവനിരായുധീകരണത്തിന് തയാറാവണമെന്നാണ് യുഎസിന്റെ ആവശ്യം. ഒരു കൂടിക്കാഴ്ച കൊണ്ട് മാത്രം ലക്ഷ്യം നേടിയെടുക്കാൻ സാധിക്കില്ലെന്ന് ട്രംപ് പറഞ്ഞു. ഉത്തരകൊറിയയ്ക്ക് മേൽ ഒരു തീരുമാനങ്ങളും അടിച്ചേൽപ്പിക്കില്ല. കിമ്മുമായുള്ള ചർച്ചയ്ക്ക് ഒരുങ്ങിയിരിക്കുകയാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഉത്തരകൊറിയയുമായുള്ള അകൽച്ച കുറയ്ക്കാൻ കിം-ട്രംപ് ചർച്ച സഹായിക്കുമെന്ന് ആബെ പറഞ്ഞു. ഉത്തരകൊറിയയുമായി നേരിട്ടുള്ള ചർച്ചയ്ക്ക് തയാറാണെന്നും ആബെ പറഞ്ഞു.
കിം-ട്രംപ് കൂടിക്കാഴ്ച സിംഗപ്പൂരിലെ സെന്റോസ ദ്വീപിലെ കപ്പെല്ലാ ഹോട്ടലിലാണ് നടക്കുന്നത്. വൻ സുരക്ഷയാണ് ആതിഥേയത്വം വഹിക്കുന്ന സിംഗപ്പൂർ സർക്കാർ ഒരുക്കിയത്.