സൗഖ്യദായക ശുശ്രൂഷയായിരിക്കണം സഭയുടെ ദൗത്യം: റൈറ്റ് റവ. മാര്‍ തിമോത്തിയോസ്

ഡാലസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ഇടവക സന്ദര്‍ശനത്തിനിടെ വിബിഎസ് വിദ്യാര്‍ഥികളേയും ഇടവക ജനങ്ങളേയും അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു തിരുമേനി.

0

ഡാലസ് : ബാഹ്യആന്തരിക സമ്മര്‍ദ്ദങ്ങള്‍ മൂലം തകര്‍ന്നിരിക്കുന്ന മാനവ ഹൃദയങ്ങള്‍ക്കുള്ള സൗഖ്യദായക ശുശ്രൂഷയായിരിക്കണം സഭയും വിശ്വാസ സമൂഹവും ഏറ്റെടുക്കേണ്ടതെന്നു ചെങ്ങന്നൂര്‍ മാവേലിക്കര മര്‍ത്തോമാ ഭദ്രാസനാധിപന്‍ റൈറ്റ് റവ. തോമസ് മാര്‍ തിമോത്തിയോസ് ഉദ്‌ബോധിപ്പിച്ചു.ജൂണ്‍ 29 വെള്ളിയാഴ്ച വൈകിട്ട് ഡാലസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ഇടവക സന്ദര്‍ശനത്തിനിടെ വിബിഎസ് വിദ്യാര്‍ഥികളേയും ഇടവക ജനങ്ങളേയും അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു തിരുമേനി.

101ാം വയസ്സിലേക്ക് പ്രവേശിച്ച ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തായുടേയും 88ാം വയസ്സിലേക്കു പ്രവേശിച്ച ജോസഫ് മാര്‍ത്തോമാ മെത്രാപ്പോലീത്തായുേടയും മാതൃകകള്‍ സഭാ ജനങ്ങള്‍ക്ക് അനുകരണീയമാണെന്നും തിരുമേനി പറഞ്ഞു.നാലാള്‍ ചുമന്നു കൊണ്ടുവന്ന പക്ഷപാതക്കാരനെ സൗഖ്യമാക്കിയത് അകത്തിരിക്കുന്നവരുടെ വിശ്വാസം കണ്ടിട്ടല്ലെന്നും, പുറമെ നിന്നു വന്നവരുടെ വിശ്വാസം കണ്ടിട്ടാണെന്നും മാര്‍ക്കോസ് രണ്ടിന്റെ പന്ത്രണ്ടാം വാക്യം ആസ്പദമാക്കി തിരുമേനി വിശദീകരിച്ചു. ക്രിസ്തുവിനേയും സഭാ പിതാക്കന്മാരേയും തിരിച്ചറിയാത്ത ഒരു സമൂഹം വളര്‍ന്നു വരുന്നുയെന്ന യാഥാര്‍ത്ഥ്യം സരസമായി തന്റെ അനുഭവത്തിലൂടെ തിരുമേനി വിശദീകരിച്ചു.

കേരളത്തിലെ പെറ്റ് സ്റ്റേറ്റിനു മുമ്പില്‍ തിരുമേനി നല്‍കുന്നതറിഞ്ഞ് അവിടെ എത്തിച്ചേര്‍ന്നവരില്‍ ഒരാള്‍ കൈകൂപ്പി വളരെ ഭവ്യമായി പിതാവേ അങ്ങ് ഏതു സഭയുടെ പിതാവാണെന്ന് ചോദിച്ചു. താന്‍ ഒരു കത്തോലിക്കാ ബിഷപ്പാണെന്നാണ് അദ്ദേഹം കരുതിയത് ! ചോദ്യം ചോദിച്ച ആള്‍ മറ്റാരുമായിരുന്നില്ലെന്നും അവിടെ തന്നെയുള്ള മാര്‍ത്തോമാ ഇടവകയുടെ ട്രസ്റ്റിയായിരുന്നു എന്നും പറഞ്ഞതു കേള്‍വിക്കാരില്‍ ചിരിപടര്‍ത്തി.

ഡാലസ് സെന്റ് പോള്‍സ് ചര്‍ച്ചില്‍ എത്തിച്ചേര്‍ന്ന എപ്പിസ്‌കോപ്പായെ റവ. മാത്യു ജോസഫ് (മനോജച്ചന്‍) സ്വാഗതം ചെയ്തു. ചെങ്ങന്നൂര്‍ മാവേലിക്കര ഭദ്രാസനത്തില്‍ തിരുമേനിയുടെ നേതൃത്വത്തില്‍ നടക്കുന്ന കരുതല്‍ ഉള്‍പ്പെടെ 32 പ്രോജക്ടുകളെ കുറിച്ച് അച്ചന്‍ ആമുഖമായി വിശദീകരിച്ചു. സന്ധ്യാ നമസ്ക്കാരത്തിന് തിരുമേനിയും അച്ചന്മാരും ആത്മായ ശുശ്രൂഷകന്‍ ഫില്‍ മാത്യുവും നേതൃത്വം നല്‍കി.വിബിഎസ് വിദ്യാര്‍ത്ഥികള്‍ ആലപിച്ച ഗാനം ശ്രുതി മധുരമായിരുന്നു.

ഡാലസ് യുവജന സംഖ്യം പിരിച്ചെടുത്ത തുകയുടെ ചെക്ക് വൈസ് പ്രസിഡന്റ് ബീന വര്‍ഗീസ്, ട്രസ്റ്റി റോബി ചേലങ്കരി എന്നിവര്‍ ചേര്‍ന്ന് തിരുമേനിക്ക് നല്‍കി.മാര്‍ത്തോമ സഭയിലെ സീനിയര്‍ പട്ടക്കാരന്‍ റവ. കെ. വി. സൈമണ്‍ അച്ചന്റെ പ്രാര്‍ത്ഥനക്കുശേഷം ട്രസ്റ്റി തോമസ് ജോര്‍ജ് (തമ്പി) നന്ദി പറഞ്ഞു.

You might also like

-