അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന വേദിയാക്കി സോഷ്യല്‍മീഡിയയെ മാറ്റരുത്: മന്ത്രി രവിശങ്കര്‍
വ്യാജ വാര്‍ത്തകളും, അക്രമവും, വിദ്വേഷവും പ്രചരിപ്പിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും...

സാന്‍ഫ്രാന്‍സിസ്‌ക്കൊ: അക്രമത്തിനും തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നതിനും പ്രേരിപ്പിക്കുന്ന വേദിയാക്കി സോഷ്യല്‍ മീഡിയായെ ഉപയോഗിക്കരുതെന്ന് ഇന്ത്യന്‍ ഇലക്ട്രോണിക്ക്‌സ്, ഐ ടി ചുമതല വഹിക്കുന്ന മന്ത്രി രവിശങ്കര്‍ പ്രസാദ് മുന്നറിയിപ്പ് നല്‍കി.
അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തി ചേര്‍ന്ന് ആഗസ്റ്റ് 29 ന് സാന്‍ഫ്രാന്‍സിസ്‌ക്കോയില്‍ മാധ്യമ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു മന്ത്രി.ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനുള്ള സ്വാതന്ത്ര്യത്തെ എന്നും ഇന്ത്യ പിന്തുണച്ചിട്ടുണ്ടെങ്കിലും, വ്യാജ വാര്‍ത്തകളും, അക്രമവും, വിദ്വേഷവും പ്രചരിപ്പിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഇന്ത്യയിലും ലോകത്തെമ്പാടും ഉപയോഗിക്കുന്ന വാട്ട്‌സ് ആപ്പ് മീഡിയാ ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ക്രിസ് ഡാനിയേലുമായി മന്ത്രി സാന്‍ഫ്രാന്‍സിസ്‌ക്കോ ഐകോണിക് ഫെയര്‍ മോണ്ട് ഹോട്ടലില്‍ വെച്ചു കൂടിക്കാഴ്ച നടത്തി.വാട്ട്‌സ് ആപ്പിനെ കുറിച്ച് ഇന്ത്യന്‍ പൗരന്മാര്‍ക്കുണ്ടാകുന്ന പരാതി കേള്‍ക്കുന്നതിന് ഗ്രവെന്‍സ് ഓഫീസറെ ഇന്ത്യയില്‍ നിയമിക്കണമെന്ന മന്ത്രിയുടെ ആവശ്യം വാട്ട്‌സ് ആപ്പ് സിഇഒ പരിഗണിക്കാമെന്ന് ഉറപ്പ് നല്‍കി.
ആഗസ്റ്റ് 26 മുതല്‍ നാല് ദിവസത്തെ സന്ദര്‍ശനത്തിനിടയില്‍ മന്ത്രി നിരവധി ഇന്ത്യന്‍ അമേരിക്കന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തി. അമേരിക്കയില്‍ ഇന്ത്യന്‍ ഐ ടി കമ്പനികള്‍ നടത്തുന്ന സേവനങ്ങളെ മന്ത്രി പ്രശംസിച്ചു. മൊബൈല്‍ ഫോണ്‍ നിര്‍മാണ രംഗത്ത് ഇന്ത്യ കൈവരിച്ചത് അസൂയാര്‍ഹമായ നേട്ടമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി