ഇസ്രയേല്‍ സിവിലിയന്‍സിനെതിരേ ഹമാസ് അതിക്രമം: യു.എസ് പ്രമേയം യു.എന്‍ തള്ളി .
വാഷിങ്ടന്‍: ഇസ്രയേല്‍ സിവിലിയന്‍സിനെതിരെ ഭീകര സംഘടനയായ ഹമാസ് നടത്തുന്ന അക്രമങ്ങളെ അപലപിച്ചു കൊണ്ട് യുനൈറ്റഡ് നാഷന്‍സ് ജനറല്‍ അസംബ്ലിയില്‍, യുഎസ് അവതരിപ്പിച്ച പ്രമേയം മൂന്നില്‍ രണ്ടു ഭൂരിപക്ഷം ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് പരാജയപ്പെട്ടു. ഡിസംബര്‍ 6 വ്യാഴാഴ്ചയാണ് പ്രമേയം ചര്‍ച്ചയ്‌ക്കെടുത്തത്.
193 അംഗ അസംബ്ലിയില്‍ 87 രാജ്യങ്ങള്‍ അനുകൂലിച്ചു. 57 പേര്‍ എതിര്‍ത്തും വോട്ടു ചെയ്തപ്പോള്‍ 33 അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്നും മാറിനിന്നു.
യുഎന്‍ അസംബ്ലിയില്‍ ഹമാസിനെതിരെ യുഎസ് കൊണ്ടുവന്ന പ്രമേയം പരാജയപ്പെടുന്നത് ചരിത്രത്തിലാദ്യമായാണ്.പൈശാചിക അക്രമങ്ങള്‍ക്കെതിരെ നിങ്ങള്‍ പ്രകടിപ്പിച്ച നിശ്ശബ്ദത, നിങ്ങളുടെ തനിനിറം വെളിപ്പെടുത്തുന്നതാണെന്ന് വോട്ടില്‍ പങ്കെടുക്കാതെ മാറി നിന്ന അംഗം രാഷ്ട്രങ്ങളെ വിമര്‍ശിച്ചുകൊണ്ടു ഇസ്രയേല്‍ അംബാസിഡര്‍ ഡാനി ഡാനന്‍ പറഞ്ഞു.ഹമാസിന്റെ അക്രമണങ്ങളെ അപലപിക്കുന്ന പ്രമേയം പാസ്സാക്കി ചരിത്രത്തിന്റെ ഭാഗമാകണമെന്ന് യുഎസ് അംബാസിഡര്‍ നിക്കി ഹേലിയുടെ അഭ്യര്‍ഥനയും ഫലവത്തായില്ല.
ഭൂരിപക്ഷം അംഗങ്ങളും പ്രമേയത്തെ അനുകൂലിച്ചതിന് ഇസ്രയേല്‍ പ്രധാന മന്ത്രി ബെഞ്ചമിന്‍ നന്ദി അറയിച്ചു. പാലസ്റ്റയിന്‍ പ്രസിഡന്റ് മെഹമുദ് അബ്ബാസ് പ്രമേയം പരാജയപ്പെട്ടതില്‍ സന്തോഷം പ്രകടിപ്പിച്ചു. ട്രംപിന്റെ മുഖത്തേറ്റ കടുത്ത പ്രഹരമാണിതെന്ന് ഹമാസ് വക്താവ് അറിയിച്ചു.