സര്‍ക്കാര്‍ ജീവനക്കാര്‍ വനിതാമതിലില്‍ പങ്കെടുക്കണമെന്ന് നിര്‍ദേശം

മതിലുമായി ബന്ധപ്പെട്ട കാമ്പയിനുകള്‍ സംസ്ഥാനത്തെ എല്ലാ വീടുകളിലുമെത്തിക്കാന്‍ ശിശുവികസന വകുപ്പിനെയും ചുമതലപ്പെടുത്തി. മതിലിന്റെ പ്രചാരണത്തിന് എല്ലാ മാധ്യമസങ്കേതങ്ങളും ഉപയോഗിക്കും

0

.തിരുവനതപുരം :ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാമതിലില്‍ അണിനിരക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരുടെ മേല്‍ സമ്മര്‍ദം. എല്ലാ സര്‍ക്കാര്‍ വകുപ്പുകളും വനിതാമതിലില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറി ഉത്തരവിറക്കി. സാലറി ചലഞ്ച് മാതൃകയില്‍ സര്‍വീസ് സംഘടനകള്‍ വഴിയാണ് ജീവനക്കാര്‍ക്ക് മേല്‍‌ സമ്മര്‍ദം ചെലുത്തുന്നത്. പൊതുഖജനാവിലെ പണവും മറ്റു സംവിധാനങ്ങളും ഉപയോഗിച്ച് നടത്തുന്ന വനിതാ മതില്‍ പൂര്‍ണ്ണമായും സര്‍ക്കാര്‍ പരിപാടിയായി മാറുകയാണ്.

എല്ലാ സര്‍ക്കാര്‍ വകുപ്പുകളും വനിതാമതിലിന്റെ സംഘാടനത്തിലും പങ്കാളിത്തത്തിലും പങ്ക് വഹിക്കേണ്ടതാണെന്ന് ചൂണ്ടിക്കാണിച്ചാണ് ചീഫ് സെക്രട്ടറി ഉത്തരവിറക്കിയിരിക്കുന്നത്. സാലറി ചലഞ്ച് മാതൃകയില്‍ ആളുകളുടെ പങ്ക് ഉറപ്പുവരുത്തുന്നതിനാണ് നീക്കം. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ കുടുംബങ്ങളോടും സര്‍ക്കാര്‍ സര്‍വീസിലെയും അധ്യാപകരുടെയും സംഘടനകളോടും പങ്കാളിത്തത്തിനായി അഭ്യര്‍ഥിക്കണമെന്നും ഉത്തരവിലുണ്ട്. ആശ വര്‍ക്കേഴ്‍സ്, അംഗനവാടി വര്‍ക്കേഴ്സ്, തൊഴിലുറപ്പ് തൊഴിലാളികള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങള്‍ തുടങ്ങിയവരുടെ പങ്കാളിത്തം ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ട വകുപ്പുമേധാവികള്‍ക്കാണ് ചുമതല. വനിതാമതിലിന്റെ ചിലവ് പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കും. തുക അനുവദിക്കാന്‍ ധനവകുപ്പിനോട് ആവശ്യപ്പെടുമെന്നും ഉത്തരവിലുണ്ട്. വിവിധ വകുപ്പുകളെ ഏകോപിപ്പിക്കുന്നതിനും ഫണ്ട് ചെലവഴിക്കുന്നതിനുമുള്ള ചുമതല സാമൂഹികനീതി വകുപ്പിനാണ്.

മതിലുമായി ബന്ധപ്പെട്ട കാമ്പയിനുകള്‍ സംസ്ഥാനത്തെ എല്ലാ വീടുകളിലുമെത്തിക്കാന്‍ ശിശുവികസന വകുപ്പിനെയും ചുമതലപ്പെടുത്തി. മതിലിന്റെ പ്രചാരണത്തിന് എല്ലാ മാധ്യമസങ്കേതങ്ങളും ഉപയോഗിക്കും. സിനിമാ സാമൂഹ്യ സാംസ്കാരിക മേഖലയിലെ പ്രമുഖരെയും ഉയര്‍ന്ന പദവികളിലിരിക്കുന്നവരെയും പങ്കെടുപ്പിക്കാനും തീരുമാനമുണ്ട്. ശബരിമല വിഷയം നിലനില്‍ക്കെ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കാളിത്തം കുറഞ്ഞാല്‍ സര്‍ക്കാരിന് ക്ഷീണമാണെന്നിരിക്കെയാണ് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്.

You might also like

-