ജോസ് പക്ഷവുമായി ബന്ധമില്ല;പിജെ കുര്യന് തരൂരിനുമെതിരെ വിമർശനം
മൂന്നിന് ചേരുന്ന യു ഡി എഫ് യോഗം ജോസ് പക്ഷത്തിനെതിരെ നടപടിയെടുക്കും.
തിരുവനന്തപുരം :യു ഡി എഫ് തീരുമാനം ധിക്കരിച്ച കേരള കോൺഗ്രസ് ജോസ് പക്ഷവുമായി ഇനി ഒരു ബന്ധവും വേണ്ടെന്ന് കോൺഗ്രസ് രാഷ്ട്രീയ കാര്യ സമിതിയിൽ പൊതുവികാരം. മൂന്നിന് ചേരുന്ന യു ഡി എഫ് യോഗം ജോസ് പക്ഷത്തിനെതിരെ നടപടിയെടുക്കും. സർക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിൽ പങ്കെടുക്കാതിരുന്ന ജോസ് കെ മാണി പക്ഷം രാഷ്ട്രീയ വഞ്ചന കാണിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിൽ പോലും അവരുമായി ബന്ധമുണ്ടാക്കരുത്. മൂന്നാം തീയതി ചേരുന്ന യു ഡി എഫ് യോഗത്തിൽ ഉചിതമായ നടപടിയെടുക്കണം.
പാർട്ടിയിൽ പൊളിച്ചെഴുത്ത് ആവശ്യപ്പെട്ട് പി ജെ കുര്യനും ശശി തരൂരും ഉൾപ്പടെ ഒപ്പിട്ട് കത്ത് നൽകിയത് ശരിയായില്ല. സോണിയ ഗാന്ധിയെ വേദനിപ്പിക്കാനേ അത് ഉപകരിച്ചുള്ളു.സോണിയ ഗാന്ധിക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് യോഗം പ്രമേയം പാസാക്കി. തൃശൂരും കോഴിക്കോട്ടും ജില്ലാ അധ്യക്ഷൻ മാരെ തീരുമാനിക്കാത്തതിനെ കെ മുരളീധരനും ബെന്നി ബഹനാനും വിമർശിച്ചു. തൃശൂരിൽ ഒരേ സമയം രണ്ട് പേർക്ക് ചുമതല നൽകിയിട്ട് ഒരു പ്രയോജനവുമില്ല. തദ്ദേശ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥികളെ തീരുമാനിക്കാൻ ജില്ലാതലത്തിൽ സബ്കമ്മിറ്റികളെ വയ്ക്കും. അവിശ്വാസ പ്രമേയത്തിലൂടെ സർക്കാരിന്റ വീഴ്ചകൾ തുറന്നു കാട്ടാനായെന്നും സെക്രട്ടേറിയറ്റിലെ ഫയൽ കത്തിയതിൽ ഉൾപ്പടെ സമരം ശക്തമാക്കാനും രാഷ്ട്രീയ കാര്യസമിതി തീരുമാനിച്ചു.