യു എസ് കോസ്റ്റ്ഗാര്‍ഡ് വെടിവെച്ചു; ഭാര്യയും മകനും കൊല്ലപ്പെട്ടു, മകള്‍ ഗുരുതരാവസ്ഥയില്‍, പ്രതി ആത്മഹത്യചെയ്തു
മയാമി : ഡിസംബര്‍ 16 ഞായര്‍ രാവിലെ വീട്ടില്‍ ഭാര്യയുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവ്, ഭാര്യക്കും മക്കള്‍ക്കും നേരെ വെടിവച്ചു. ഭാര്യയും ഏഴു വയസ്സുള്ള മകനും കൊല്ലപ്പെടുകയും എട്ടു വയസുള്ള മകളെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തതായി യു എസ് കോസ്റ്റ് ഗാര്‍ഡിന്റെ ഔദ്യോഗിക സ്‌റ്റേറ്റ്‌മെന്റില്‍ പറയുന്നു.
2001 മുതല്‍ മിയാമി കോസ്റ്റ് ഗാര്‍ഡ് ബേസില്‍ ഉണ്ടായിരുന്ന ജോണ്‍ പ്രിസ്‌നര്‍ (44) ആണ് ഭാര്യ ഗ്രൊച്ചല്‍ പ്രിസ്‌നനും (39), മകനും മകള്‍ക്കും നേരെ വെടിയുതിര്‍ത്തത്. ഭാര്യയും മകനും സംഭവ സ്ഥലത്തു തന്നെ മരിച്ചു.
മകളെ ഗുരുതരാവസ്ഥയില്‍ മിയാമി ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രിസ്‌നര്‍ പിന്നീട് സ്വയം വെടിവെച്ചു ആത്മഹത്യ ചെയ്തതായി അധികൃതര്‍ പറഞ്ഞു.ജോണും ഗ്രൊച്ചനും വളരെ സന്തോഷകരമായിട്ടാണ് കഴിഞ്ഞിരുന്നതെന്നും വെടിവയ്പിനു പ്രേരിപ്പിച്ചതെന്തായിരുന്നുവെന്ന് അറിയില്ലെന്നും, സമീപവാസികള്‍ പറയുന്നു.
വെടിവയ്പ് നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്ന മാതാവിനോട് ഓടി രക്ഷപ്പെടാന്‍ ഗ്രൊച്ചല്‍ പറഞ്ഞു. പൊലീസ് വീട്ടിലെത്തുമ്പോള്‍ ഭാര്യയും മകനും മരിച്ചിരുന്നുവെന്നും മകള്‍ ഗുരുതരാവസ്ഥയിലായിരുന്നുവെന്നും കോസ്റ്റ് ഗാര്‍ഡ് വക്താവ് റയാന്‍ കെല്ലി പറഞ്ഞു.
സംഭവത്തെക്കുറിച്ചു കോസ്റ്റ് ഗാര്‍ഡും, മിയാമി ഡേഡ് കൗണ്ടി പൊലീസും അന്വേഷണം ആരംഭിച്ചു..