മണിപ്പൂരിൽ കാണാതായ രണ്ട് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്,വിദ്യാര്‍ത്ഥികളുടെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍

മണിപ്പൂര്‍ കലാപത്തെ തുടര്‍ന്ന് ജൂലൈ മാസത്തില്‍ കാണാതായ രണ്ട് വിദ്യാര്‍ത്ഥികളുടെ മൃതശരീരത്തിന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് മണിപ്പൂര്‍ സര്‍ക്കാര്‍.

0

ഡൽഹി | മണിപ്പൂരിൽ കാണാതായ രണ്ട് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 17, 20 വയസുള്ള വിദ്യാർത്ഥികളെ കഴിഞ്ഞ ജൂലൈയിലാണ് കാണാതായത്. മെയ് തെ വിഭാഗക്കാരായ ഈ കുട്ടികൾ മരിച്ചു കിടക്കുന്നതിന്റെ ചിത്രങ്ങൾ പുറത്തു വന്നു. കേസ് സിബിഐ അന്വേഷിക്കുന്നതിനിടെയാണ് മരിച്ചെന്ന സ്ഥിരീകരണമായത്. ഹിജാം ലിന്തോയ്ഗാമ്പി ഫിജാം ഹെംജിത്ത് എന്നിവരാണ് കൊല്ലപ്പെട്ടത്.

മണിപ്പൂര്‍ കലാപത്തെ തുടര്‍ന്ന് ജൂലൈ മാസത്തില്‍ കാണാതായ രണ്ട് വിദ്യാര്‍ത്ഥികളുടെ മൃതശരീരത്തിന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് മണിപ്പൂര്‍ സര്‍ക്കാര്‍. ‘വേഗത്തിലുള്ളതും നിര്‍ണായകവുമായ’ നടപടി ഉറപ്പാക്കുമെന്നാണ് മണിപ്പൂര്‍ സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ഈ രണ്ട് വിദ്യാര്‍ത്ഥികളെ കാണാതായ കേസില്‍ സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടയിലാണ് കുട്ടികളുടെ മൃതദേഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്.

കാടിനുള്ളില്‍ ഒരു സായുധ സംഘത്തിന്റെ താല്‍ക്കാലിക ക്യാമ്പ് എന്ന് തോന്നിക്കുന്ന സ്ഥലത്ത് പുല്‍ത്തകിടി വളപ്പില്‍ ഇരുവരും ഇരിക്കുന്നതാണ് ഫോട്ടോ. ഇവര്‍ക്ക് പുറകില്‍ തോക്കുമായി നില്‍ക്കുന്ന രണ്ട് പേരെയും ചിത്രത്തില്‍ കാണാം. അടുത്ത ഫോട്ടോയില്‍ ഇരുവരുടെയും ശരീരം തറയില്‍ മരിച്ച നിലയില്‍ കിടക്കുന്നതാണ്.ഇതിനിടെ വിദ്യാര്‍ത്ഥികളെ കാണാതായി ഇത്രകാലം കഴിഞ്ഞിട്ടും കൃത്യമായ അന്വേഷണം നടത്താത്ത പൊലീസ് നടപടിക്കെതിരെ ഇതിനകം വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ജൂലൈയില്‍ ഇവരെ കാണാതായതിന് പിന്നാലെ ഇരുവരുടെയും ചിത്രങ്ങള്‍ പതിഞ്ഞ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതിനെ പിന്തുടര്‍ന്ന് ഇരുവരെയും കണ്ടെത്താനുള്ള ശ്രമം പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്നാണ് ഇപ്പോള്‍ ഉയരുന്ന പരാതി.

സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രങ്ങള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കും. ചിത്രത്തില്‍ വിദ്യാര്‍ത്ഥികളുടെ പിന്നില്‍ തോക്കുമായി നില്‍ക്കുന്നവരെ തിരിച്ചറിയുന്നതിനായി പൊലീസ് അത്യാധുനിക സൈബര്‍ ഫൊറന്‍സിക് സംവിധാനങ്ങള്‍ ഉപയോഗിക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ തിരോധാനം സംബന്ധിച്ച് എന്തെങ്കിലും വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ തയ്യാറായി ആരും മുന്നോട്ടുവന്നിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.2023 ജൂലൈ മുതല്‍ കാണാതായ രണ്ട് വിദ്യാര്‍ത്ഥികളുടെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത് സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ ജനങ്ങളുടെ ആഗ്രഹ പ്രകാരം ഈ കേസ് ഇതിനകം തന്നെ സിബിഐക്ക് കൈമാറിയിട്ടുണ്ടെന്ന് മണിപ്പൂര്‍ സര്‍ക്കാര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

കേന്ദ്ര സുരക്ഷാ ഏജന്‍സികളുമായി സഹകരിച്ച് വിദ്യാര്‍ത്ഥികളുടെ തിരോധാനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കണ്ടെത്തുമെന്നും വിദ്യാര്‍ത്ഥികളെ കൊലപ്പെടുത്തിയ പ്രതികളെ തിരിച്ചറിയാനുള്ള അന്വേഷണം ആരംഭിച്ചതായും സര്‍ക്കാര്‍ അറിയിച്ചു. കുറ്റവാളികളെ പിടികൂടാന്‍ സുരക്ഷാ സേന തിരച്ചില്‍ ആരംഭിച്ചതായും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

രണ്ട് വിദ്യാര്‍ത്ഥികളെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ പ്രതികള്‍ക്കുമെതിരെ വേഗത്തിലുള്ള നിര്‍ണായക നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ജനങ്ങള്‍ സമാധാനം പാലിക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥരെ അവരുടെ ജോലി ചെയ്യാന്‍ അനുവദിക്കണമെന്നും സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

2023 മെയ് 3നാണ് മണിപ്പൂരില്‍ മെയ്‌തേയ്-കുക്കി വംശീയ സംഘര്‍ഷം ആരംഭിക്കുന്നത്. പട്ടികവര്‍ഗ സംവരണം ആവശ്യപ്പെട്ടുള്ള മെയ്‌തേയ് റാലിക്ക് പിന്നാലെ കുക്കി വിഭാഗം ആരംഭിച്ച പ്രതിഷേധമാണ് വംശീയ കലാപത്തിലേക്ക് വഴിമാറിയത്. ഇതുവരെ 180ലേറെ ആളുകള്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകള്‍ക്ക് വീടുംനാടും വിട്ട് പലായനം ചെയ്യേണ്ടിയും വന്നു.അതേ സമയം, മണിപ്പൂരിൽ നാലു മാസമായി തുടരുന്ന ഇന്‍റർനെറ്റ് നിരോധനം കഴിഞ്ഞ ദിവസം നീക്കിയിരുന്നു. മൊബൈൽ ഇൻറർനെറ്റ് അടക്കം പുനസ്ഥാപിച്ചു. ആക്രമസംഭവങ്ങൾ കുറഞ്ഞെന്നും, സാധാരണ നിലയിലേക്ക് ജനജീവിതം നീങ്ങുന്നതും കണക്കിലെടുത്താണ് തീരുമാനമെന്നുമാണ് സർക്കാർ വിശദീകരണം. കലാപത്തെ തുടർന്ന് സംസ്ഥാനത്ത് കഴിഞ്ഞ മെയ് 3 മുതലാണ് ഇന്റർനെറ്റ് സേവനം റദ്ദാക്കിയത്.

You might also like

-