ഒരു വയസ്സുള്ള ഇരട്ട കുട്ടികളെ ഡേ കെയറില്‍ ഇറക്കാന്‍ മറന്നു; എട്ടുമണിക്കൂര്‍ ജോലികഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ ചൂടേറ്റ് മരിച്ചു

കുട്ടികള്‍ കാര്‍ സീറ്റിനു പുറകിലുള്ള ഗ്ലാസിന് അഭിമുഖമായിട്ടായിരുന്നു ഇരുന്നിരുന്നത്.

0

ബ്രോങ്ക്‌സ് (ന്യൂയോര്‍ക്ക്): കുട്ടികളെ ഡേ കെയറില്‍ കൊണ്ടുവിടുന്നതിന്റേയും തിരികെ കൊണ്ടുവരുന്നതിന്റേയും ചുമതല പിതാവിനാണ്. വെള്ളിയാഴ്ച രാവിലെ കുട്ടികളെ വീട്ടില്‍ നിന്നും ഡേ കെയറിലേക്ക് കൊണ്ടുപോകുന്നതിനു കാറിനകത്താക്കി. ഡേ കെയറില്‍ ഇറക്കാന്‍ മറന്ന കുട്ടികളുമായി നേരേ പോയത് സമീപത്തുള്ള ജോലിസ്ഥലമായ വി.എ ഹോസ്പിറ്റലില്‍. 8 മണിക്കൂര്‍ ജോലി കഴിഞ്ഞ് തിരിച്ച് കാറില്‍ കയറിയപ്പോള്‍ ഇരുകുട്ടികളും ചൂടേറ്റ് വായില്‍ നിന്നും നുരയും പതയും വന്ന നിലയില്‍ പിന്‍സീറ്റില്‍ കാണപ്പെട്ടു. ഉടന്‍ 911 വിളിച്ച് രക്ഷാപ്രവര്‍ത്തകര്‍ എത്തി പരിശോധിച്ചപ്പോള്‍ ഇരുവരും മരിച്ചിരുന്നു. ജൂലൈ 26 വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം.

പിതാവ് വാന്‍ റോഡ്രിഗ്‌സ് (39) വി.എ ഹോസ്പിറ്റലിലെ സോഷ്യല്‍ വര്‍ക്കറാണ്. ഇരട്ട കുട്ടികള്‍ (ഒരാണ്‍കുട്ടിയും, ഒരു പെണ്‍കുട്ടിയും) ഉള്‍പ്പടെ മൂന്നു കുട്ടികളാണ് ഇവര്‍ക്കുള്ളത്. റോക്ക്‌ലാന്‍ഡ് കൗണ്ടിയില്‍ സന്തോഷകരമായ കുടുംബ ജീവിതം നയിച്ചുവരികയായിരുന്നു ഇവരെന്ന് സമീപവാസികള്‍ പറയുന്നു കുട്ടികളുടെ മാതാവ് രാവിലെ വീട്ടിലുണ്ടായിരുന്നു. യാത്രയയച്ചതും ഇവരായിരുന്നു. മൂന്നു വയസ്സുള്ള മൂത്ത കുട്ടിയെ വെസ്റ്റ് ചെസ്റ്ററിലുള്ള വീട്ടിയില്‍ ഇറക്കിയിട്ടാണ് ഡേ കെയറിലേക്ക് പോയത്. കുട്ടികളുടെ മരണം സംഭവിച്ചു എന്നത് മാതാവിന് ഇതുവരെ അംഗീകരിക്കാനായിട്ടില്ല.

കുട്ടികള്‍ കാര്‍ സീറ്റിനു പുറകിലുള്ള ഗ്ലാസിന് അഭിമുഖമായിട്ടായിരുന്നു ഇരുന്നിരുന്നത്. സംഭവത്തില്‍ പിതാവിനെതിരേ മാന്‍സ്ലോട്ടര്‍, ക്രിമിനല്‍ നെഗ്ലിജന്റ് ഹോമിസൈഡ് എന്നീ വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസ് എടുത്തിട്ടുണ്ട്. സമീപവാസികളും കൂട്ടുകാരും കുട്ടികളുടെ അപ്രതീക്ഷിത മരണത്തില്‍ ദുഖിതരാണ്.

You might also like

-